മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്ലേ ഓഫിലിടം നേടാന്‍ വിജയം നിര്‍ണ്ണായകമെന്ന നിലയിലാണ് മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുന്നത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഹൈദരാബാദിനെ എളുപ്പത്തില്‍ പുറത്താക്കി വിജയം പിന്തുടര്‍ന്ന് നേടാമെന്ന കണക്കുകൂട്ടലിലാണ് രോഹിത് ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത്.
എന്നാല്‍ മുംബൈയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഹൈദരാബാദ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ 140 റണ്‍സിന്റെ കൂട്ടുകെട്ടാണ് മായങ്ക് അഗര്‍വാളും വിവ്രാന്ത് ശര്‍മയും ചേര്‍ന്ന് സൃഷ്ടിച്ചത്. അരങ്ങേറ്റക്കാരനായ വിവ്രാന്ത് ശര്‍മ 47 പന്തില്‍ 69 റണ്‍സാണ് അടിച്ചെടുത്തത്. 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ വിവ്രാന്ത് ഫിഫ്റ്റി നേടിയത്.

ഇതോടെ ഇടം കൈയന്‍ ഓപ്പണര്‍ വമ്പനൊരു റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ഐപിഎല്ലിലെ അരങ്ങേറ്റക്കാരില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡാണ് വിവ്രാന്ത് നേടിയത്. ഇതിന് മുമ്പ് 2008ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്വപ്‌നില്‍ അസ്‌നോദ്ക്കര്‍ കെകെആറിനെതിരേ അരങ്ങേറ്റ ഇന്നിങ്‌സില്‍ നേടിയ 60 റണ്‍സായിരുന്നു റെക്കോഡ്. ഇതാണ് വിവ്രാന്ത് തകര്‍ത്തത്.
ഈ സീസണില്‍ ഇതുവരെ വിവ്രാന്തിന് അവസരം നല്‍കാത്തതോര്‍ത്ത് ഇപ്പോള്‍ ഹൈദരാബാദ് നിരാശപ്പെടുമെന്ന കാര്യം ഉറപ്പാണ്. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് തേടി നടന്ന ഹൈദരാബാദ് വിവ്രാന്തിനെപ്പോലൊരു തനി തങ്കത്തെ ബെഞ്ചിലിരുത്തിയത് അവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇത്തവണത്തെ അവസാന സ്ഥാനക്കാരെന്ന നാണക്കേടോടെയാണ് ഹൈദരാബാദ് സീസണ്‍ അവസാനിപ്പിക്കാന്‍ നില്‍ക്കുന്നത്.
വിവ്രാന്തിന്റെ തകര്‍പ്പന്‍ പ്രകടനം കാണുമ്പോള്‍ അല്‍പ്പം കൂടി നേരത്തെ താരത്തിന് അവസരം നല്‍കാമായിരുന്നുവെന്ന് തന്നെ പറയാം. ഹൈദരാബാദിന്റെ ഉയര്‍ന്ന നാലാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണ് മായങ്കും വിവ്രാന്തും ചേര്‍ന്ന് സൃഷ്ടിച്ചത്. ജോണി ബെയര്‍സ്‌റ്റോ-ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ചേര്‍ന്ന് സൃഷ്ടിച്ച 185 റണ്‍സാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 2019ല്‍ ആര്‍സിബിക്കെതിരേയായിരുന്നു ഇത്. 2020ല്‍ ഇതേ കൂട്ടുകെട്ട് 160 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
2020ല്‍ വൃദ്ധിമാന്‍ സാഹ- ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് സൃഷ്ടിച്ച 151 റണ്‍സാണ് മൂന്നാം സ്ഥാനത്ത്. മോശം ഫോമിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന മായങ്ക് അഗര്‍വാള്‍ മുംബൈക്കെതിരേ അപ്രതീക്ഷിത തിരിച്ചുവരവാണ് നടത്തിയത്. 46 പന്തില്‍ 8 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 83 റണ്‍സാണ് മായങ്ക് നേടിയത്. 180ന് മുകളിലായിരുന്നു മായങ്കിന്റെ സ്‌ട്രൈക്കറേറ്റ്.

ഈ സീസണിലെ ഹൈദരാബാദിന്റെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടായി മായങ്കും വിവ്രാന്തും മാറി. മുംബൈയുടെ ബൗളിങ് നിരയുടെ ദൗര്‍ബല്യം തുറന്നുകാട്ടുന്ന പ്രകടനം കൂടിയാണിത്. ബൗളര്‍മാര്‍ ആദ്യ 10 ഓവറില്‍ നിസഹായരായിരുന്നു. ഒരു തരത്തിലും ഇംപാക്ട് സൃഷ്ടിക്കാന്‍ മുംബൈ ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. ഈ ബൗളിങ് നിരയോടെ പ്ലേ ഓഫ് കളിച്ചാലും വലിയ അത്ഭുതം സൃഷ്ടിക്കാനാവില്ലെന്ന് പറയാം.
നാല് അപ്രതീക്ഷിത മാറ്റങ്ങളോടെയാണ് ഹൈദരാബാദ് മുംബൈക്കെതിരേ ഇറങ്ങിയത്. അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, അബ്ദുല്‍ സമദ്, കാര്‍ത്തിക് ത്യാഗി എന്നിവരെ പുറത്തിരുത്തിയപ്പോള്‍ വിവ്രാന്ത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ഉമ്രാന്‍ മാലിക്, സന്‍വീര്‍ സിങ് എന്നിവര്‍ പ്ലേയിങ് 11ലേക്കെത്തി. ഈ മാറ്റങ്ങള്‍ ഏറെക്കുറെ ടീമിനെ തുണച്ചിട്ടുണ്ട്. ഹൈദരാബാദിന്റെ സീസണിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങളിലൊന്നാണ് മുംബൈയില്‍ കാഴ്ചവെക്കുന്നത്.
എന്നാല്‍ അല്‍പ്പം കൂടി നേരത്തെ ഹൈദരാബാദ് മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കണമായിരുന്നു. അതിന് സാധിക്കാതെ പോയതാണ് ഇത്തവണ യാതൊരു പ്ലേ ഓഫ് പ്രതീക്ഷയും നല്‍കാതെ ഹൈദരാബാദ് പുറത്താവാന്‍ കാരണം.