മുംബൈ ഇന്ത്യന്‍സിനൊപ്പം സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള മാച്ചില്‍ വെറും മൂന്നു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. ഒരു സിക്‌സറടക്കം ഏഴു റണ്‍സെടുത്ത സ്‌കൈ വന്നതും പോയതും വളരെ പെട്ടന്നായിരുന്നു.
ഇഷാന്‍ കിഷന്റെ (38) പുറത്താവലിനെ തുടര്‍ന്ന് 12ാം ഓവറിലാണ് നാലാമനായി സൂര്യ ക്രീസിലെത്തിയത്. ആദ്യ ബോളിലായിരുന്നു മാര്‍ക്കോ യാന്‍സണിന്റെ ബൗളിങില്‍ ഇഷാനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ എസ്ആര്‍എച്ച് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം പിടികൂടിയത്. തുടര്‍ന്നായിരുന്നു സൂര്യയുടെ വരവ്.

നേരിട്ട മൂന്നാമത്തെ ബോളില്‍ സൂര്യ തകര്‍പ്പന്‍ സിക്‌സറടിച്ച് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെടിച്ചില്ല് ഷോട്ട്. പക്ഷെ തൊട്ടടുത്ത ബോളില്‍ സൂര്യയെ മടക്കി യാന്‍സണ്‍ മുംബൈയെ സ്തബ്ധരാക്കി. 129.8 കിമി മാത്രം വേഗതയുള്ള ബോളായിരുന്നു അത്. സൂര്യ ഡ്രൈവിനു ശ്രമിക്കുകയും ചെയ്തു. പക്ഷെ ടൈമിങ് പാടെ പിഴച്ചു. മിഡ് ഓഫില്‍ നിന്നം ഇടതു വശത്തേക്കു പറന്ന മാര്‍ക്രം ബോളിനെ റാഞ്ചിയെടുത്ത് ലാന്‍ഡ് ചെയ്യുകയായിരുന്നു. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണ് ഇതെന്നു നിസംശയം പറയാം.
ആദ്യത്തെ മൂന്നു മാച്ചുകളിലും ബാറ്റിങില്‍ ക്ലിക്കാവാതെ പോയ സൂര്യകുമാര്‍ യാദവ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള അവസാന മാച്ചില്‍ പഴയ ഫോമിലേക്കു തിരിച്ചെത്തിയതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ഈ മല്‍സരത്തില്‍ മുംബൈയെ നയിച്ചതും സൂര്യയായിരുന്നു. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ അദ്ദേഹം 43 റണ്‍സെടുത്താണ് പുറത്തായത്. 25 ബോളുകള്‍ നേരിട്ട സൂര്യയുടെ ഇന്നിങ്‌സില്‍ നാലു ഫോറും മൂന്നു സിക്‌സറുകളുമുള്‍പ്പെട്ടിരുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കാതെ പോയതോടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിടുകയാണ് സൂര്യകുമാര്‍ യാദവ്. സൂര്യയെ വീണ്ടും മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാക്കൂ. രോഹിത് ശര്‍മ ഇംപാക്ട് പ്ലെയറുമായി കളിക്കട്ടെ. അപ്പോള്‍ സൂര്യ റണ്ണെടുക്കാന്‍ തുടങ്ങും.
മൂന്നു തുടര്‍ ഡെക്കുകള്‍ക്കു ശേഷം സൂര്യകുമാര്‍ യാദവ് പഴയ ആളല്ല. തന്റെ സ്വാഭാവിക ഗെയിം അദ്ദേഹം മറന്നു പോയിരിക്കുകയാണ്. സൂര്യകുമാര്‍ യാദവ് ഒന്നുമല്ല, വെറുമൊരു ശരാശരി ബാറ്റര്‍ മാത്രമാണ്. രോഹിത് ശര്‍മയില്‍ നിന്നും മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിയാണ് ഇപ്പോള്‍ സൂര്യകുമാര്‍ യാദവിനു വേണ്ടതെന്നായിരുന്നു ആരാധക പ്രതികരണം.
രോഹിത് ശര്‍മയ്ക്കു കീഴില്‍ കളിക്കാന്‍ സൂര്യകുമാര്‍ യാദവ് ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഒരു പരിഹാസം. മുംബൈ ഇന്ത്യന്‍സിന്റെ അവസാനത്തെ മല്‍സരത്തില്‍ സൂര്യകുമാര്‍ യാദവ് ഫോമൗട്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹം ഫോമിലേക്കു തിരിച്ചെത്തിയിരിക്കുകയാണെന്നായിരുന്നു ഒരു ട്രോള്‍.
193 റണ്‍സ് വിജയലക്ഷ്യം
സണ്‍റൈസേഴ്‌സ് ഹൈദരാഹാദിനു 193 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈ ഇന്ത്യന്‍സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട മുംബൈ അഞ്ചു വിക്കറ്റിനു 192 റണ്‍സെടുക്കുകയായിരുന്നു. കാമറൂണ്‍ ഗ്രീനിന്റെ (64*) കന്നി ഫിഫ്റ്റിയാണ് മുംബൈയെ മികച്ച ടോട്ടലിലെത്തിച്ചത്. 40 ബോളുകള്‍ നേരിട്ട താരം ആറു ഫോറും രണ്ടു സിക്‌സറുമടിച്ചു. ഇഷാന്‍ കിഷന്‍ (38), തിലക് വര്‍മ (37), രോഹിത് ശര്‍മ (28) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.