മുംബൈ ഇന്ത്യന്‍സിന്റെ യുവതാരം തിലക് വര്‍മ ഈ സീസണിലെ ഐപിഎല്ലിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈയ്‌ക്കൊപ്പം അരങ്ങേറിയ ഇടം കൈയന്‍ ബാറ്റര്‍ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ എല്ലാവരുടയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മുംബൈയുടെ പല സീനിയര്‍ താരങ്ങളും ബാറ്റിങില്‍ ഫ്‌ളോപ്പായപ്പോഴായിരുന്നു തിലകിന്റെ തകര്‍പ്പന്‍ പ്രകടനം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം താരത്തെ പ്രശംസിക്കുകയും വൈകാതെ ദേശീയ ടീമില്‍ കാണാന്‍ സാധിക്കുമെന്നു അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. സീസണിനു ശേഷം മുംബൈ നിലനിര്‍ത്തിയ താരങ്ങളുടെ കൂട്ടത്തില്‍ തിലകുമുണ്ടായിരുന്നു.

ഈ സീസണിലും ഉജ്ജ്വല ഫോമിലാണ് യുവതാരം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. അഞ്ചു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇത്തവണ മുംബൈയ്ക്കായി ഏറ്റവുമധികം റണ്‍സെടുത്തിരിക്കുന്നതും തിലകാണ്. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 53.50 ശരാശരിയില്‍ 214 റണ്‍സ് താരം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഒരു ഫിഫിഫ്റ്റിയുള്‍പ്പെടെയാണിത്. 158.51 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും തിലകിനുണ്ട്.
പക്ഷെ തന്റെ പെര്‍ഫോമന്‍സിനു അനുസരിച്ചുള്ള പ്രതിഫലം തിലക് വര്‍മയ്ക്കു മംബൈ ഇന്ത്യന്‍സില്‍ ലഭിക്കുന്നുണ്ടോയെന്നു ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും ഉത്തരം. പ്രകടനം മാനദണ്ഡമാക്കിയാല്‍ നിലവില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലം അര്‍ഹിക്കുന്നത് തിലകാണെന്നതില്‍ സംശയില്ല. പക്ഷെ അദ്ദേഹത്തിന്റെ മോശം ഫോമിലുള്ള പല താരങ്ങളും എത്രയോ മടങ്ങ് അധികം പ്രതിഫലമാണ് കൈപ്പറ്റുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ഒരു വര്‍ഷം ലഭിക്കുന്ന ശമ്പളം 16 കോടി രൂപയാണെങ്കില്‍ തിലകിനു കിട്ടുന്നത് വെറും 1.7 കോടി രൂപയാണെന്നതാണ് കൗതുകകരമായ കാര്യം.
ബാറ്റിങ് പ്രകടനം താരതമ്യം ചെയ്താല്‍ രോഹിത് ശര്‍മയേക്കാള്‍ ഏറെ മുന്നിലാണ് തിലക് വര്‍മയെന്നു കാണാം. രോഹിത് അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 27 ശരാശരിയില്‍ 136.36 സ്‌ട്രൈക്ക് റേറ്റോടെ സ്‌കോര്‍ ചെയ്തിരിക്കുന്നത് 135 റണ്‍സാണ്. ശരാശരി, റണ്‍സ്, സട്രൈക്ക് റേറ്റ് എന്നിവയിലെല്ലാം ഹിറ്റ്മാനേക്കാള്‍ മുകളാണ് തിലക്.
കൂടാതെ സിക്‌സറിലും യുവതാരം ക്യാപ്റ്റനെ കടത്തി വെട്ടിയിട്ടുണ്ട്. തിലക് 14 സിക്‌സറുകള്‍ പറത്തിയപ്പോള്‍ രോഹിത്തിനു നേടാനായത് ഏഴെണ്ണം മാത്രം. തിലക് 17 ബൗണ്ടറികളും തന്റെ പേരില്‍ കുറിച്ചപ്പോള്‍ രോഹിത് നേടിയത്് 16 ഫോറുകളാണ്.