സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ മല്‍സരത്തില്‍ മികച്ച ബൗളിങ് കാഴ്ചവയ്ക്കുകയും കന്നി വിക്കറ്റെടുക്കുകയും ചെയ്ത അര്‍ജുന്‍ ടെണ്ടുല്‍ക്കറെ പ്രശംസിച്ച് ബോളിവുഡ് സുന്ദരി പ്രീതി സിന്‍ഡ. പഞ്ചാബ് കിങ്‌സ് ടീമിന്റെ സഹ ഉടമ കൂടിയായ പ്രീതി സോഷ്യല്‍ മീഡിയയിലൂടെയാണ് ജൂനിയര്‍ സച്ചിനെ പുകഴ്ത്തിയത്. കരിയറിലെ രണ്ടാമത്തെ ഐപിഎല്‍ മല്‍സരം കളിച്ച അര്‍ജുന്‍ ഹൈദരാബാദിനെതിരേ 2.5 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഒരു വിക്കറ്റ് നേടിയത്.
മുംബൈയ്ക്കായി ഇന്നിങ്‌സിലെ ആദ്യത്തെയും അവസാനത്തെയും ഓവര്‍ എറിഞ്ഞത് അര്‍ജുനായിരുന്നു. 20ാം ഓവറില്‍ 20 റണ്‍സായിരുന്നു താരത്തിനു പ്രതിരോധിക്കേണ്ടിയിരുന്നത്. നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത അര്‍ജുന്‍ ഹൈദരാബാദിന്റെ അവസാനത്തെയാളായ ഭുവനേശ്വര്‍ കുമാറിനെയു മടക്കി മുംബൈയുടെ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു.

ട്വിറ്ററിലൂടെയായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പ്രകടനത്തെ പ്രീതി സിന്‍ഡ പ്രശംസിച്ചത്. സ്വജനപക്ഷപാതമെന്നു പറഞ്ഞ് ഒരുപാട് പേര്‍ അവനെ കളിയാക്കിയിരുന്നു. പക്ഷെ ശരിക്കും അര്‍ഹിച്ച സ്ഥാനം തന്നെയാണ് താന്‍ നേടിയെടുത്തിരിക്കുന്നതെന്ന് ഇന്നു രാത്രി അവന്‍ കാണിച്ചു തന്നിരിക്കുകയാണ്. അര്‍ജുന് അഭിനന്ദനങ്ങള്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നിങ്ങള്‍ വളരെയധികം അഭിമാനിക്കുന്നുണ്ടാവുമെന്നായിരുന്നു സച്ചിനെ ടാഗ് ചെയ്തു കൊണ്ട് പ്രീതി ട്വിറ്ററില്‍ കുറിച്ചത്.
പക്ഷെ പ്രീതി സിന്‍ഡയുടെ ട്വീറ്റിനു താഴെ ഇതിനെ പിന്തുണച്ചും പരിഹസിച്ചുമെല്ലാം നിരവധി പേര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അര്‍ജുന്‍ ടെണടുല്‍ക്കര്‍ ടീമില്‍ സ്ഥാനം നേടിയെടുത്തിരിക്കാം. പക്ഷെ ഇനിയുമൊരുപാട് ദൂരം പോവാനും ഒരുപാട് തെളിയിക്കാനുമുണ്ട്. ടെണ്ടുല്‍ക്കറെന്ന ബ്രാന്‍ഡ് നെയിം ഉള്ളതിനാല്‍ അര്‍ജുന് ഒരിക്കലും എളുപ്പമാവില്ല. കാരണം ഓരോ ഘട്ടത്തിലും ക്രിക്കറ്റിലെ ദൈവവുമായിട്ടായിരിക്കും അവന്‍ താരതമ്യം ചെയ്യപ്പെടുക.
അതെ ഒരുപാട് പേര്‍ സ്വജനപക്ഷപാതത്തിന്റെ പേരില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ പരിഹരിഹസിച്ചിട്ടുണ്ട്. ഇപ്പോഴും നിരവധി പേര്‍ കളിയാക്കുകയാണ്. അര്‍ജുന്‍ ടീമിലെ സ്ഥാന നേടിയെടുക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്. ഭുവനേശ്വര്‍ കുമാര്‍ അബ്ദുള്‍ സമദ് എന്നിവര്‍ക്കെതിരേയാണ് അവസാന ഓവറില്‍ 20 റണ്‍സ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ പ്രതിരോധിച്ചത്. ഇത്രയു വലിയ ഹൈപ്പുണ്ടാക്കേണ്ട കാര്യമെന്താണ്. എന്നിങ്ങനെയായിരുന്നു ചില ആരാധക പ്രതികരണങ്ങള്‍.
യഥാര്‍ഥത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനു ഇനിയും ഒരുപാട് തെളിയിക്കാനുണ്ട്. അവന്റെ ലൈനും ലെങ്ത്തും ഇപ്പോഴും പ്രതീക്ഷയ്‌ക്കൊത്ത് വന്നിട്ടില്ല. ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡെ എന്നിവര്‍ക്കെതിരേ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ 20 റണ്‍സായിരുന്നു അര്‍ജുന് പ്രതിരോധിക്കേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ അവന് കാര്യങ്ങള്‍ എളുപ്പവുമായിരുന്നു. മികച്ച ബാറ്റര്‍മാര്‍ക്കെതിരേ പന്തെറിയുമ്പോഴാണ് അര്‍ജുന്‍ യഥാര്‍ഥത്തില്‍ പരീക്ഷിക്കപ്പെടുക. കൂടാതെ അവസാന ഓവറില്‍ 10-15 റണ്‍സ് പ്രതിരോധിക്കുമ്പോള്‍ അര്‍ജുന്‍ എങ്ങനെയാണ് ബൗള്‍ ചെയ്യുകയെന്നും അറിയേണ്ടതുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പ്രകടനം അത്ര ഗംഭീരമായിട്ടൊന്നും തോന്നിയിട്ടില്ല. ഭുവനേശ്വര്‍ കുമാര്‍, അബ്ദുള്‍ സമദ് എന്നിവര്‍ക്കെതിരേയാണ് അവസാന വിക്കറ്റില്‍ അര്‍ജുന്‍ 20 ഓവര്‍ പ്രതിരോധിച്ചത്. ജോസ് ബട്‌ലര്‍, ഫഫ് ഡുപ്ലെസി, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ക്കെതിരേയൊക്കെയാണ് അര്‍ജുന്‍ പ്രതിരോധിച്ചതെന്ന തരത്തിലാണ് പലരുടെയും പ്രശംസ. തീര്‍ച്ചയായിട്ടും അച്ഛന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയതു കൊണ്ടാണ് അര്‍ജുന്‍ മെച്ചപ്പെട്ട പൊസിഷനില്‍ ഇപ്പോഴുള്ളത്.
ആര്‍ക്കെങ്കിലും ഇതു നിഷേധിക്കാന്‍ കഴിയുമോ? സച്ചിന്‍ മകന്‍ അല്ലായിരുന്നെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും അര്‍ജുന് കളിക്കാന്‍ സാധിക്കില്ല. കഴിവ് തെളിയിക്കാന്‍ എല്ലാവര്‍ക്കും അവസരം ആവശ്യമാണ്. എന്തുകൊണ്ടാണ് തിലക് വര്‍മയെപ്പോലെയുള്ള യുവതാരങ്ങള്‍ മികച്ച പ്രകടം കാഴ്ചവയ്ക്കുമ്പോള്‍ നിങ്ങള്‍ അവരെക്കുറിച്ച് ട്വീറ്റ് ചെയ്യാത്തത്? എന്നിങ്ങനെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.