ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലൂടെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന ഇതിഹാസത്തിന്റെ മകനെന്ന വലിയ സമ്മര്‍ദ്ദത്തെ മറികടന്ന് മികച്ച പ്രകടനം നടത്തി അര്‍ജുന്‍ കൈയടി നേടുകയും ചെയ്തിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ അരങ്ങേറ്റം നടത്തിയ അര്‍ജുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ തന്റെ കന്നി ഐപിഎല്‍ വിക്കറ്റും നേടിയിരിക്കുകയാണ്.
മികച്ച ഇക്കോണമി കാത്ത് പന്തെറിയാനും ഡെത്ത് ഓവറിലടക്കം ബൗളിങ് മികവ് കാട്ടാനും അര്‍ജുന് സാധിച്ചിരിക്കുന്നു. ഹൈദരാബാദിനെതിരായ മത്സരത്തിലെ അര്‍ജുന്റെ ബൗളിങ് പ്രകടനത്തിന് അഭിനന്ദന പ്രവാഹമാണുള്ളത്. എന്നാല്‍ നേട്ടങ്ങള്‍ക്കിടയിലും അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ക്യാമറാമാനോട് മോശം ഭാഷയില്‍ സംസാരിച്ചാണ് അര്‍ജുന്‍ വിമര്‍ശനം നേരിടുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയില്‍ എല്ലാവരും ശ്രദ്ധിക്കുന്ന താരമാണ് അര്‍ജുന്‍. അതുകൊണ്ട് തന്നെ അര്‍ജുന്‍ പരിശീലനം നടത്തുന്നതിന്റെയും സച്ചിന്‍ ഉപദേശങ്ങള്‍ നല്‍കുന്നതിന്റെയും ഉള്‍പ്പെടെ അര്‍ജുന്റെ ഓരോ ചലനങ്ങളും ക്യാമറാമാന്‍ പിന്തുടരുന്നുണ്ടായിരുന്നു. മുംബൈ ഇന്ത്യന്‍സ് ബാറ്റ് ചെയ്യുന്നതിനിടെ ഡെഗൗട്ടിലിരുന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഇടക്കിടെ ക്യാമറാമാന്‍ ഫോക്കസ് ചെയ്ത് കാണിക്കുന്നുണ്ടായിരുന്നു.
തന്നെ ഇടക്കിടെ ഫോക്കസ് ചെയ്ത് കാണിക്കുന്നതിലുള്ള അതൃപ്തി അര്‍ജുന്റെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു. ക്യാമറാമാന്‍ വിടാതെ പിന്തുടര്‍ന്നതോടെ അര്‍ജുന്‍ കൈകളുയര്‍ത്തി എന്തിനാണ് എന്നെ ഫോക്കസ് ചെയ്യുന്നത് ചോദിച്ചു. ഇതിന് മുമ്പ് അര്‍ജുന്‍ മോശമായ പദപ്രയോഗം നടത്തിയതാണ് വിവാദത്തിന് കാരണമായത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
പലരും അര്‍ജുനെ ക്യാമറാമാന്‍ വിടാതെ പിന്തുടരുന്നതിനെതിരേ വിമര്‍ശനം അറിയിച്ച് രംഗത്തെത്തിയപ്പോള്‍ അര്‍ജുന്റെ അസഭ്യത്തെ വിമര്‍ശിച്ചും പലരും പ്രതികരിച്ചിട്ടുണ്ട്. സച്ചിന്റെ മകനെന്ന നിലയില്‍ അര്‍ജുന് സ്വാഭാവികമായും കൂടുതല്‍ മാധ്യമ ശ്രദ്ധയും പ്രശസ്തിയും ലഭിക്കും. ഇത് മനസിലാക്കാനുള്ള പക്വത കാട്ടുകയാണ് വേണ്ടത്. അല്ലാതെ അസഭ്യം പറഞ്ഞത് ശരിയല്ലെന്നാണ് ആരാധക പക്ഷം.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എല്ലാവരോടും ശാന്തതയോടെയും മര്യാദയോടെയും പെരുമാറിയിരുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെയാണ് മറ്റൊരു ക്രിക്കറ്റ് താരത്തിനും ലഭിക്കാത്ത ഉയരത്തിലേക്ക് സച്ചിന്‍ എത്താന്‍ സാധിച്ചതും. അര്‍ജുന്‍ സ്വന്തം പിതാവിനെ മാതൃകയാക്കണമെന്നും ബഹുമാനിക്കാന്‍ ശ്രമിക്കണമെന്നും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നുമാണ് ആരാധകരുടെ ഉപദേശം.
അര്‍ജുന്റെ ചെറിയ ചലനം പോലും വിവാദമാവും. കാരണം സച്ചിനെന്ന ഇതിഹാസത്തിന്റെ മകനാണവന്‍. ഇത് മനസിലാക്കി അര്‍ജുന്‍ തന്റെ ദേഷ്യത്തെയടക്കം നിയന്ത്രിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കരിയറില്‍ വളരുക പ്രയാസമായിരിക്കും. സച്ചിന് ചീത്തപ്പേര് കേള്‍പ്പിക്കരുതെന്നാണ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. മാധ്യമങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അര്‍ജുന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും യുവതാരത്തിനോട് ആരാധകര്‍ പറയുന്നു.
അര്‍ജുന്റെ അരങ്ങേറ്റ മത്സരം വളരെ ആഘോഷമാക്കിയിരുന്നു. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മുംബൈ ഇന്ത്യന്‍സ് അര്‍ജുന് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. കെകെആറിനെതിരേ അരങ്ങേറ്റ മത്സരം കളിച്ച അര്‍ജുന്‍ രണ്ട് ഓവറില്‍ 17 റണ്‍സ് വഴങ്ങിയപ്പോള്‍ വിക്കറ്റൊന്നും നേടാനായില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 2.5 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അര്‍ജുന്‍ ഒരു വിക്കറ്റ് നേടിയത്.

വരുന്ന മത്സരങ്ങളിലും മുംബൈയുടെ പ്ലേയിങ് 11ല്‍ അര്‍ജുന് സ്ഥാനം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഇതേ പ്രകടന മികവ് തുടരാന്‍ അര്‍ജുന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും അര്‍ജുന് പിന്നാലെ ഇനിയും മാധ്യമങ്ങള്‍ വരുമെന്ന കാര്യം ഉറപ്പാണ്. അച്ഛനെപ്പോലെ ശാന്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അര്‍ജുന്‍ ശ്രമിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമകളിലൊരാളായ കാവ്യ മാരനെ ക്യാമറമാറാന്‍ ഇടക്കിടെ ഫോക്കസ് ചെയ്ത് കാണിച്ചതില്‍ കാവ്യയും അതൃപ്തി വ്യക്തമാക്കിയിരുന്നു. എന്നെ കാണിക്കാതെ മത്സരം കാണിക്കൂവെന്നാണ് ആംഗ്യത്തിലൂടെ കാവ്യ വ്യക്തമാക്കിയത്. എന്തായാലും അര്‍ജുന്റെ ക്യാമറാമാനോടുള്ള അസഭ്യം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.