ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് നാണംകെട്ട ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് അഞ്ച് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അടിമുടി മാറ്റങ്ങളുമായി ഇറങ്ങിയ ഹൈദരാബാദിന്റെ പദ്ധതികളെല്ലാം പാളുകയാണ്.
ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121ലൊതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ 24 പന്ത് ബാക്കിനിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ടീമിലേക്ക് തിരിച്ചെത്തിയിട്ടും ഹൈദരാബാദിന് രക്ഷയില്ല. തുടര്‍ച്ചയായ രണ്ട് മത്സരത്തിലും തോറ്റത് ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കുമെന്നുറപ്പ്.

ലഖ്‌നൗവിനെതിരേ ഹൈദരാബാദിന് പിഴച്ചതെവിടെയാണ്? തോല്‍വിയുടെ മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം. ഹൈദരാബാദിന്റെ ബാറ്റിങ് നിരയാണ് തോല്‍വിയുടെ പ്രധാന കാരണക്കാര്‍. ടീം വലിയ പ്രതീക്ഷവെക്കുന്നവരിലാരും അവസരത്തിനൊത്ത് ഉയരുന്നില്ല. മികച്ച തുടക്കം ഹൈദരാബാദിന് ലഭിക്കുന്നില്ല. പവര്‍പ്ലേ മുതലാക്കാന്‍ ടീമിന് സാധിക്കുന്നില്ലെന്നതാണ് വാസ്തവം. ഓപ്പണിങ്ങില്‍ മായങ്ക് അഗര്‍വാളിന് തിളങ്ങാനാവുന്നില്ല.
അനുഭവസമ്പന്നനായ ഓപ്പണറുടെ മോശം ഫോം െൈഹദരാബാദിനെ പിന്നോട്ടടിക്കുന്നു. രാഹുല്‍ ത്രിപാഠി അവസാന സീസണില്‍ ഹൈദരാബാദിനായി വെടിക്കെട്ട് നടത്തിയ താരമാണ്. എന്നാല്‍ ഈ മികവ് ഇപ്പോള്‍ കാട്ടാനാവുന്നില്ല. വമ്പന്‍ പ്രതിഫലത്തില്‍ ടീമിലെത്തിയ ഹാരി ബ്രൂക്കും ദുരന്തമായി മാറുന്നു. രണ്ട് മത്സരത്തിലും നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് ബ്രൂക്ക് കാഴ്ചവെച്ചതെന്ന് പറയാം.

ദേശീയ ടീമിനൊപ്പം മികച്ച പ്രകടനം നടത്തി ഐപിഎല്ലിലേക്കെത്തിയ എയ്ഡന്‍ മാര്‍ക്രം ലഖ്‌നൗവിനെതിരേ ഗോള്‍ഡന്‍ ഡെക്കായി. വമ്പന്മാരെല്ലാം ബാറ്റിങ്ങില്‍ ഫ്‌ളോപ്പാവുന്നത് ഹൈദരാബാദിന് വലിയ തലവേദനയായി മാറിയിരിക്കുന്നു. ഹൈദരാബാദിന്റെ സ്പിന്നര്‍മാര്‍ക്ക് വലിയ മികവ് കാട്ടാനാവാത്തതും തോല്‍വിക്ക് കാരണമായി. ലഖ്‌നൗ ഹൈദരാബാദ് ബാറ്റിങ് നിരയെ തളച്ചിട്ടത് സ്പിന്‍ ആക്രമണത്തിലൂടെയായിരുന്നു.
ക്രുണാല്‍ പാണ്ഡ്യ മൂന്നും അമിത് മിശ്ര രണ്ടും രവി ബിഷ്‌നോയ് ഒരു വിക്കറ്റും വീഴ്ത്തി. ഹൈദരാബാദിനായി സ്പിന്നര്‍ ആദില്‍ റഷീദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ തല്ലുകൊള്ളിയായി മാറി. സ്പിന്‍ പിച്ചില്‍ ഹൈദരാബാദിന്റെ സ്പിന്നര്‍മാര്‍ വലിയ മികവ് കാട്ടാത്തതും ലഖ്‌നൗവിനെതിരേ ടീം പരാജയപ്പെടുന്നതില്‍ മുഖ്യ കാരണമായി മാറി. എന്നാല്‍ പൊരുതാനുള്ള സ്‌കോര്‍ നേടാന്‍ ഹൈദരാബാദിന് സാധിച്ചില്ലെന്നതാണ് വസ്തുത.
ഹൈദരാബാദിന്റെ ബൗളിങ് നിര അനാവശ്യമായി വഴങ്ങിയ എക്‌സ്ട്രാസും ടീമിന്റെ തോല്‍വിക്ക് കാരണമായി. 16 ഓവറിനുള്ളില്‍ 17 എക്‌സ്ട്രാസാണ് ഹൈദരാബാദ് ബൗളര്‍മാര്‍ വഴങ്ങിയത്. ടി20യില്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത ബൗളിങ് കണക്കാണിത്. 15 വൈഡ് എറിഞ്ഞ താരം രണ്ട് ബൈ റണ്‍സും വഴങ്ങി. അതേ സമയം മൂന്ന് എക്‌സ്ട്രാസ് മാത്രമാണ് ലഖ്‌നൗ വരുത്തിയത്. ബൗളിങ്ങിലെ അച്ചടക്കമില്ലായ്മ ഹൈദരാബാദിന് തിരിച്ചടിയാവുന്നു.

ബ്രയാന്‍ ലാറ, ഡെയ്ന്‍ സ്‌റ്റെയിന്‍ തുടങ്ങി കരുത്തരായ പരിശീലക സംഘമുണ്ടായിട്ടും കാര്യമായൊന്നും ചെയ്യാന്‍ ഹൈദരാബാദിന് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ബാറ്റിങ് നിരയും ബൗളിങ് നിരയും ഇനിയുമേറെ മെച്ചപ്പെടേണ്ടതായുണ്ട്. ഭുവനേശ്വര്‍ കുമാറിന് ന്യൂബോളില്‍ പഴയതുപോലെ മികച്ച സ്വിങ് കണ്ടെത്താന്‍ സാധിക്കുന്നില്ല. ഡെത്ത് ഓവറിലും തല്ലുകൊള്ളിയാവുന്നു.
ഉമ്രാന്‍ മാലിക്ക് അതിവേഗം പന്തുകളെറിയുമ്പോഴും റണ്‍സ് വഴങ്ങുന്നതില്‍ ഇനിയും നിയന്ത്രണം വേണം. ടി നടരാജന്‍ യോര്‍ക്കറുകളിലൂടെ റണ്ണൊഴുക്ക് നിയന്ത്രിക്കുന്നവനാണെങ്കിലും പഴയ മികവ് ഇപ്പോള്‍ കാട്ടാനാവുന്നില്ല. ഫിറ്റ്‌നസും പ്രശ്‌നം. ഹൈദരാബാദിന്റെ ബാറ്റിങ് നിര അവസരത്തിനൊത്ത് മെച്ചപ്പെടാത്ത പക്ഷം മുന്നോട്ടുള്ള മത്സരങ്ങളും ടീമിന് പ്രയാസമായിരിക്കുമെന്നുറപ്പ്.