ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മല്‍സരത്തില്‍ തേര്‍ഡ് അംപയര്‍ തീരുമാനത്തിനെതിരേ ആരാധകരോഷം. അരക്കെട്ടിനു വളരെ മുകളിലൂടെയാണ് ബോള്‍ കടന്നു പോവുകയെന്നു റീപ്ലേയില്‍ വളരെ വ്യക്തമായി കാണാമായിരുന്നിട്ടും തേര്‍ഡ് അംപയര്‍ അതു നോ ബോള്‍ നല്‍കാതിരുന്നതാണ് വിവാദത്തിനു വഴിയൊരുക്കിയത്. ഹൈദരാബാദ് താരം അബ്ദുള്‍ സമദിനെതിരേയായുന്നു 19ാം ഓവറില്‍ അംപയറുടെ വിവാദ തീരുമാനം.
ഒരു ഹൈ ഫുള്‍ ടോസ്, ബീമറായിരുന്നു ക്രീസിലുള്ള അബ്ദുള്‍ സമദിനെതിരേ ആവേശ് ഖാന്‍ പരീക്ഷിച്ചത്. താരത്തിന്റെ കൈമുട്ടിനു നേരെയായിരുന്നു ബോള്‍ വന്നത്. പുള്‍ ഷോട്ടിനു സമദ് ശ്രമിച്ചെങ്കിലും ഇന്‍സൈഡ് എഡ്ജായ ബോള്‍ സ്‌ക്വയര്‍ ലെഗിലേക്കു പോവുകയായിരുന്നു. ബോളിന്റെ ഉയരം കാരണം ഹൈദരാബാദ് ഉടന്‍ തന്നെ നോ ബോളിനു റിവ്യു വിളിക്കുകയും ചെയ്തു.

Screen shot
ആവേശ് ഖാനെറിഞ്ഞ 19ാം ഓവരിലെ മൂന്നാമത്തെ ബോളിലായിരുന്നു സംഭവം. പക്ഷെ ബോള്‍ അരക്കെട്ടിനും മുകളിലൂടെ, വിക്കറ്റുകള്‍ക്കു മുകളിലൂടെ പോവുമെന്ന് റീപ്ലേയില്‍ വ്യക്തമായിരുന്നു. പക്ഷെ അതു അംഗീകൃത ബോള്‍ തന്നെ ആണെന്നായിരുന്നു തേര്‍ഡ് അംപയറുടെ വിധി. അതു സമദിനെയും ക്രീസിലുണ്ടായിരുന്ന ഹെന്‍ഡ്രിച്ച് ക്ലാസനെയും ഞെട്ടിക്കുകയും ചെയ്തു. പിന്നാലെ ഓണ്‍ഫീല്‍ഡ് അംപയര്‍ക്കു അരികിലേക്കു വന്ന ക്ലാസെന്‍ ഇതേക്കുറിച്ച് വാദിക്കുന്നതും കാണാമായിരുന്നു.
തൊട്ടടുത്ത ബോളില്‍ ക്ലാസെന്‍ ബൗണ്ടറി നേടി. എന്നാല്‍ പിന്നാലെ ഹൈദരാബാദ് കാണികളില്‍ ഒരു വിഭാഗം പ്രശ്‌നമുണ്ടാക്കിയതായി വ്യക്തമായതോടെ കളി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. തുടര്‍ന്നു ഓണ്‍ഫീല്‍ഡ് അംപയര് ലഖ്‌നൗ ടീമിന്റെ ഡഗൗട്ടിനു അരികിലേക്കു ഓടിയെത്തുകയും ചെയ്തു. ലഖ്‌നൗ ടീമിന്റെ മുഖ്യ കോച്ച് ആന്‍ഡി ഫ്‌ളവര്‍ അംപയറോടു ചില കാര്യങ്ങള്‍ വിശദീകരിക്കുന്നതും കാണാമായിരുന്നു.
മാത്രല്ല കോലി, കോലിയെന്നു ഈ സമയത്തു ആരാധകരില്‍ ചിലര്‍ ആര്‍പ്പുവിളിക്കുകയും ചെയ്തിരുന്നു. കാണികളില്‍ ചിലര്‍ ലഖ്‌നൗ ടീമിന്റെ ഡഗൗട്ടിനു നേരെ എന്തോ എറിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നാണ് വിവരം. എന്നാല്‍ ഈ പ്രശ്‌നം മല്‍സരത്തെ സാരമായി ബാധിച്ചില്ല. രംഗം ശാന്തമായതോടെ മല്‍സരം മിനിറ്റുകള്‍ക്കകം പുനരാരംഭിക്കുകയും ചെയ്തു.
അതേസമയം, തേര്‍ഡ് അംപയറുടെ വിവാദ നോ ബോള്‍ തീരുമാനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. തേര്‍ഡ് അംപയര്‍ കണ്ണുപൊട്ടനാണോ? ഇതു വ്യക്തമായും നോ ബോള്‍ തന്നെയാണ്. എത്രയും പെട്ടെന്നു തേര്‍ഡ് അംപയറെ പുറത്താക്കുകയാണ് വേണ്ടത്. ഈ ലീഗിലെ ഒത്തുകളി ഇനിയും മതിയാക്കാന്‍ ആയില്ലേ? ഇത്രയുമധികം സാങ്കേതിക വിദ്യകളുണ്ടായിട്ടും ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നതു അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
തേര്‍ഡ് അംപയര്‍ എന്തു കോമാളിയാണ്. ഇതു എന്തു തരത്തിലുള്ള ടൂര്‍ണമെന്റാണ്? ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റെന്നാണ് ഐപിഎല്ലിനെ വിശേഷിപ്പിക്കുന്നത്. പക്ഷെ മൂന്നാംകിട അംപയറിങാണ് ടൂര്‍ണമെന്റിലേത്. ഇതു വളരെയധികം നിരാശാജനകമാണ്.
നോ ബോള്‍ പരിശോധിക്കാന്‍ ബോള്‍ ട്രാക്കര്‍ ഉപയോഗിക്കുന്നത് എന്തിനാണ്? ഈ സീസണിലെ ഐപിഎല്ലില്‍ തേര്‍ഡ് അംപയറുടെ പല തീരുമാനങ്ങളും ശരാശരിക്കും താഴെയായിരുന്നു. നോ ബോള്‍ കോളുകളുടെ കാര്യത്തില്‍ ആയാലും വൈഡ് ബോളുകളുടെ കാര്യത്തില്‍ ആയാലും അങ്ങനെ തന്നെയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.