ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കൈയടി നേടുന്നത് തുടരുകയാണ് റിങ്കു സിങ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സീസണില്‍ നിരാശപ്പെടുത്തുമ്പോഴും റിങ്കുവിന്റെ പ്രകടനം കൈയടി നേടുകയാണ്. ടീം പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളിലെല്ലാം രക്ഷകനാവാന്‍ റിങ്കുവിന് സാധിക്കുന്നു. ഹൈദരാബാദിനെതിരേ 35 പന്തില്‍ 46 റണ്‍സാണ് റിങ്കു നേടിയത്.
നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 131.42 സ്‌ട്രൈക്കറേറ്റിലാണ് റിങ്കുവിന്റെ ബാറ്റിങ്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ സാധിക്കാതെ പോയെങ്കിലും പ്രതിസന്ധിയില്‍ നിന്ന് ടീം സ്‌കോറിനെ 150 കടത്തുന്നതില്‍ റിങ്കുവിന്റെ ബാറ്റിങ് പ്രകടനമാണ് നിര്‍ണ്ണായകമായത്. കെകെആര്‍ 16ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന മത്സരത്തില്‍ 28 പന്തില്‍ 35 റണ്‍സ് നേടാന്‍ റിങ്കുവിനായി.

92ന് 3 എന്ന നിലയില്‍ ടീം തകര്‍ന്നപ്പോള്‍ 23 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടി. 142ന് അഞ്ച് എന്ന നിലയില്‍ ടീം പ്രതിസന്ധി നേരിട്ടപ്പോള്‍ 15 പന്തില്‍ 40 റണ്‍സാണ് താരം നേടിയത്. 3ന് 47 എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ 33 പന്തില്‍ 46 റണ്‍സും നേടി.
128ന് 3 എന്ന നിലയില്‍ ടീം നിന്നപ്പോള്‍ 21 പന്തില്‍ പുറത്താവാതെ 48 റണ്‍സ് നേടി. 96ന് അഞ്ച് എന്ന നിലയില്‍ ടീം തകര്‍ന്നപ്പോള്‍ 31 പന്തില്‍ പുറത്താവാതെ 58 റണ്‍സ് നേടി.70ന് നാല് എന്ന നിലയില്‍ നിന്നപ്പോള്‍ 33 പന്തില്‍ 53* റണ്‍സും നേടി. ഇപ്പോള്‍ ഹൈദരാബാദിനെതിരേ 3ന് 35 എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ 35 പന്തില്‍ 46 റണ്‍സും സ്വന്തമാക്കി.
ടീമിന്റെ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ റിങ്കുവിന് സാധിക്കുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും റിങ്കുവിന് കഴിവുണ്ട്. ആംഗര്‍ റോളില്‍ കളിച്ച് ടീമിന് അടിത്തറ പാകാനും നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാനും ഇടം കൈയന്‍ ബാറ്റ്‌സ്മാനാവും.
ഗുജറാത്തിനെതിരേ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തി അത്ഭുത വിജയം സമ്മാനിക്കാന്‍ റിങ്കുവിനായി. സീസണില്‍ കെകെആര്‍ ജയിച്ച മത്സരങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ചാര്‍ത്താന്‍ റിങ്കുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. 10 മത്സരത്തില്‍ നിന്ന് 299 റണ്‍സാണ് റിങ്കു നേടിയത്. 59.80 ശരാശരിയിലും 148.75 സ്‌ട്രൈക്കറേറ്റിലുമാണ് റിങ്കുവിന്റെ ബാറ്റിങ്. രണ്ട് ഫിഫ്റ്റിയാണ് താരം നേടിയത്.
ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. നാലാം നമ്പറിലും അഞ്ചാം നമ്പറിലും വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് റിങ്കു. ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള റിങ്കുവിന് ഇന്ത്യന്‍ ടീമിലേക്ക് വിളി വൈകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 2024ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ റിങ്കുവിനെ ഇന്ത്യ പിന്തുണക്കേണ്ടത് അത്യാവശ്യമാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നന്നായി ബാറ്റ് ചെയ്യുമെന്നതാണ് മറ്റ് താരങ്ങളില്‍ നിന്ന് റിങ്കുവിനെ വ്യത്യസ്തനാക്കുന്നത്.

ഇന്ത്യന്‍ ടീമിന് മികച്ച ഫിനിഷറെ അത്യാവശ്യമാണ്. നിലവില്‍ ഹര്‍ദിക് പാണ്ഡ്യയെ മാത്രമാണ് ഫിനിഷര്‍ റോളില്‍ ഇന്ത്യ ആശ്രയിക്കുന്നത്. അഞ്ചാം നമ്പറില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണെന്ന് താനെന്ന് പ്രകടനത്തിലൂടെ റിങ്കു തെളിയിക്കുന്നു. അവസാന സീസണിലൂടെത്തന്നെ ഫിനിഷിങ് മികവ് തെളിയിച്ച റിങ്കുവിന് ഇത്തവണ സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്നു. നിലവിലെ മറ്റ് യുവതാരങ്ങളെക്കാള്‍ ഫിനിഷര്‍ റോളില്‍ റിങ്കു മികവ് കാട്ടുന്നുണ്ടെന്ന് പറയാം.