ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ വലിയ പ്രതീക്ഷയോടെ ഹൈദരാബാദ് അവതരിപ്പിച്ച താരമാണ് ഹാരി ബ്രൂക്ക്. 13.25 കോടിക്ക് ഹൈദരാബാദ് സ്വന്തമാക്കിയ ബ്രൂക്ക് സീസണില്‍ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനം തുടരുകയാണ്. വിരാട് കോലിയുടെ റെക്കോഡുകള്‍ തകര്‍ക്കുമെന്നും കോലിയെക്കാള്‍ ബെസ്‌റ്റെന്നും ഇംഗ്ലണ്ട് ആരാധകര്‍ വാഴ്ത്തുന്ന ബ്രൂക്ക് ഹൈദരാബാദിനെതിരേ ഡെക്കിന് പുറത്തായിരിക്കുകയാണ്.
നാല് പന്ത് നേരിട്ട ബ്രൂക്കിനെ അനുകുല്‍ റോയ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. അനാവശ്യ ഷോട്ടിന് ശ്രമിച്ച ബ്രൂക്കിന്റെ വിക്കറ്റ് റിവ്യൂവിലൂടെയാണ് കെകെആര്‍ നേടിയെടുത്തത്. ഇപ്പോഴിതാ ബ്രൂക്കിനെതിരേ വിമര്‍ശനവും ട്രോളുകളും നിറയുകയാണ്. വാങ്ങുന്ന പ്രതിഫലത്തോട് അല്‍പ്പമെങ്കിലും കൂറുകാട്ടാനാണ് ആരാധകര്‍ പറയുന്നത്. സീസണില്‍ ഒരു സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ താരത്തിന്റെ പ്രകടനം ദുരന്തമാണ്.

സെഞ്ച്വറിക്ക് ശേഷം ഇന്ത്യന്‍ ആരാധകരോട് ക്ഷമ പറഞ്ഞ് പരിഹസിക്കാന്‍ ബ്രൂക്ക് ശ്രമിച്ചിരുന്നു. അതിന് ശേഷം ഒരു തവണ പോലും തിളങ്ങാന്‍ ബ്രൂക്കിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ആരാധകരാണ് ബ്രൂക്കിനെ പരിഹസിച്ച് രംഗത്തെത്തുന്നത്. വിരാട് കോലിയുമായി ഇനി ബ്രൂക്കിനെ താരതമ്യം ചെയ്യരുതെന്നും അതിന് യോഗ്യതയില്ലാത്ത താരമാണ് ബ്രൂക്കെന്നുമാണ് ആരാധകര്‍ പറയുന്നത്.
13, 3, 13, 100*, 9, 18, 7, 0, 0 എന്നിങ്ങനെയാണ് ബ്രൂക്കിന്റെ സീസണിലെ സ്‌കോര്‍. അവസാന രണ്ട് മത്സരത്തിലും ബ്രൂക്ക് ഡെക്കിനാണ് പുറത്തായത്. 20ലധികം റണ്‍സ് നേടിയത് ഒരു തവണ മാത്രമാണ്. വമ്പന്‍ താരമെന്ന് പറയുമ്പോഴും അതിനൊത്ത ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തിയിട്ടും ബ്രൂക്കിന് മികവ് കാട്ടാന്‍ സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.
ഓപ്പണറായും മൂന്നാം നമ്പറിലുമെല്ലാം കളിച്ച താരം ഹൈദരാബാദിനെതിരേ അഞ്ചാം നമ്പറിലാണ് ഇറങ്ങിയത്. മധ്യനിരയില്‍ ബ്രൂക്കിന് തിളങ്ങാനാവുമെന്ന ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ തെറ്റി. സമ്മര്‍ദ്ദത്തെ അതിജീവിക്കാനാവാതെ ബ്രൂക്ക് പ്രയാസപ്പെടുന്നു. സൂപ്പര്‍ താരമാണെങ്കിലും ഫോമിലല്ലാത്തിനാല്‍ പുറത്തിരുത്തണമെന്നാണ് ആരാധക പക്ഷം. എന്നാല്‍ ബ്രൂക്കിനെ ഇപ്പോഴും പ്രശംസിക്കുകയാണ് ഹൈദരാബാദ് കോച്ച് ബ്രയാന്‍ ലാറ.
ബ്രൂക്കിന്റെ ബാറ്റിങ് ഓഡറില്‍ ഇടക്കിടെ മാറ്റംവരുത്തുന്നതും താരത്തിന്റെ മോശം പ്രകടനത്തിന് കാരണമാവുന്നു. വിരാട് കോലിയുടെ പേരിനൊപ്പം പോലും നില്‍ക്കാന്‍ ബ്രൂക്കിന് യോഗ്യതയില്ലെന്നും ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ ബ്രൂക്ക് വെറും ദുരന്തമാണെന്നും ഇംഗ്ലണ്ടിലെ പേസ് പിച്ചുകളില്‍ മാത്രം തിളങ്ങാന്‍ ശേഷിയുള്ള താരമാണ് ബ്രൂക്കെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ചോദ്യമുയര്‍ത്തുന്ന സാഹചര്യത്തില്‍ ബ്രൂക്കിന്റെ മോശം ഫോം ടീമിന് വലിയ തലവേദനയാവുന്നുണ്ടെന്നതാണ് വസ്തുത. ടീമിന്റെ ബാറ്റിങ്ങില്‍ നിര്‍ണ്ണായകമാവുമെന്ന് വിലയിരുത്തപ്പെട്ട താരമാണ് ബ്രൂക്ക്. എന്നാല്‍ സ്പിന്നര്‍മാര്‍ക്കെതിരേ താരത്തിന് കാലിടറുന്നു. പല മത്സരത്തിലും മോശം ഷോട്ട് സെലക്ഷനാണ് ബ്രൂക്കിനെ ചതിച്ചത്. ഇന്ത്യന്‍ പിച്ചുകളില്‍ കളിച്ച് അനുഭവസമ്പത്തില്ലാത്തത് താരത്തെ ബാധിച്ചിട്ടുണ്ട്.
സ്പിന്നര്‍മാരുടെ ലൈനും ലെങ്തും കൃത്യമായി മനസിലാക്കാന്‍ ബ്രൂക്കിനാവുന്നില്ല. ഇതേ മോശം ഫോമില്‍ ബ്രൂക്കിനെ ഇനിയും കളിപ്പിക്കുക ഹൈദരാബാദിന് പ്രയാസമാവും. ഫ്രീ വിക്കറ്റായി മാറുന്ന ബ്രൂക്കിന്റെ പകരക്കാരനെ ഹൈദരാബാദ് കണ്ടെത്തേണ്ടിയിരിക്കുന്നു. നിലവില്‍ താരം വിശ്രമം ആവിശ്യപ്പെടുന്നുണ്ടെന്നും മോശം ഫോമില്‍ തുടരുന്നതിനാല്‍ താരത്തിന് വിശ്രമം നല്‍കാത്ത പക്ഷം കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുമെന്നുമാണ് ആരാധകര്‍ പറയുന്നത്.