ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ വിജയിക്കാമായിരുന്ന മല്‍സരമാണ് കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൈവിട്ടത്. സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ വിജയത്തിനായി 145 റണ്‍സ് മാത്രമേ ഹൈദാരബാദിനു വേണ്ടിയിരുന്നുള്ളൂ. ശക്തമായ ബാറ്റിങ് നിരയുള്ള ഹൈദരാബാദ ഇതു അനായാസം മറികടക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷെ ഉജ്ജ്വലമായി ബൗള്‍ ചെയ്തും മധ്യ ഓവറുകളില്‍ നിര്‍ണായക വിക്കറ്റുകള്‍ പിഴുതും ഡിസി അവര്‍ക്കു കാര്യങ്ങള്‍ ദുഷ്‌കരമാക്കി തീര്‍ത്തു. ഒടുവില്‍ ആറു വിക്കറ്റിനു 137 റണ്‍സെടുത്ത് ഹൈദരാബാദ് ഏഴു റണ്‍സിന്റെ പരാജയം സമ്മതിക്കുകയായിരുന്നു. അതിനിടെ റണ്‍ചേസില്‍ മുകേഷ് കുമാര്‍ എറിഞ്ഞ 20ാമത്തെ ഓവരില്‍ ഹൈദരാബാദ് താരം വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റിങില്‍ ചിലര്‍ സംശയമുന്നയിച്ചിരിക്കുകയാണ്.

ഏഴാം നമ്പറില്‍ ഇറങ്ങിയ താരം 15 ബോളില്‍ മൂന്നു ഫോറടക്കം 24 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. മുകേഷ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാമത്തെ ബോള്‍ നേരിട്ടത് വാഷിങ്ടണായിരുന്നു. രണ്ടു ബോളില്‍ അപ്പോള്‍ ഒമ്പതു റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. 138.8 കിമി വേഗതയുള്ള ബോള്‍ മിഡ് വിക്കറ്റിലേക്കാണ് വാഷിങ്ടണ്‍ കളിച്ചത്. ഉറപ്പായിട്ടും ഡബിള്‍ എടുക്കാനുള്ള സമയവും അവസരവും അപ്പോള്‍ വാഷിങ്ടണിനും നോണ്‍ സ്‌ട്രൈക്കറായ മാര്‍ക്കോ യാന്‍സണുമുണ്ടായിരുന്നു.
പക്ഷെ അതിനുള്ള ശ്രമം പോലും വാഷിങ്ടണ്‍ നടത്തിയില്ല. വളരെ സ്ലോ ആയിട്ടാണ് താരം സിംഗിള്‍ പൂര്‍ത്തിയാക്കിയത്. പകരം ഡബിളെടുത്ത് ഇന്നിങ്‌സിലെ അവസാനത്തെ ബോളും നേരിടാനായിരുന്നു വാഷിങ്ടണ്‍ ശ്രമിക്കേണ്ടിയിരുന്നത്. കാരണം യാന്‍സണ്‍ അപ്പോള്‍ വെറും രണ്ടു ബോളുകള്‍ മാത്രമേ നേരിട്ടിരുന്നുളളൂ. നേരത്തേ തന്നെ ക്രീസിലുള്ളതിനാല്‍ വാഷിങ്ടണിനു ബാറ്റിങ് കൂടുതല്‍ എളുപ്പമാവുകയും ചെയ്യും.
അഞ്ചാമത്തെ ബോളില്‍ വാഷിങ്ടണ്‍ സിംഗിളെടുക്കുകയും അവസാന ബോളില്‍ സ്‌ട്രൈക്ക് നേരിട്ട് സിക്‌സര്‍ അടിക്കുകയും ചെയ്തിരുന്നെങ്കില്‍ മല്‍സരം ടൈ ആവുകയും തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്കു നീങ്ങുകയും ചെയ്യുമായിരുന്നു. പക്ഷെ അത്തരമൊരു സാഹചര്യത്തിലേക്കു മല്‍സരത്തെ കൊണ്ടു പോവാനുള്ള ശ്രമം പോലും വാഷിങ്ടണിന്റെ ഭാഗത്തു നിന്നുണ്ടായില്ല. മല്‍സരം ഇതിനകം തന്നെ തോറ്റു കഴിഞ്ഞതു പോലെയായിരുന്നു താരത്തിന്റെ ശരീരഭാഷ.
സോഷ്യല്‍ മീഡിയയിലൂടെ ചില ആരാധകര്‍ വാഷിങ്ടണിന്റെ ബാറ്റിങില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 20ാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളില്‍ വാഷിങ്ടണിന്റെ ഓട്ടം നോക്കൂ. അദ്ദേഹം രണ്ടാമത്തെ റണ്ണിനായി ശ്രമം നടത്തിയില്ല. ഇതു ഒത്തുകളിയാണോയെന്നുസംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങളുണ്ടോ? മല്‍സരത്തിലെ ഏറ്റവും നിര്‍ണായകമായ ബോളിലാണ് വാഷിങ്ടണ്‍ ഡബിളെടുക്കാന്‍ ശ്രമിക്കാതിരുന്നതെന്നു ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടി.

മല്‍സരത്തിന്റെ ഈയൊരു ഘട്ടത്തില്‍ ഫലം എന്തു തന്നെ ആയാലും വാഷിങ്ടണ്‍ കൂടുതല്‍ വേഗതയില്‍ ഓടേണ്ടിയിരുന്നു. എന്താണ് ഇതേക്കുറിച്ച് പറയേണ്ടതെന്നറിയില്ല. വാഷിങ്ടണ്‍ സുന്ദര്‍, മാര്‍ക്കോ യാന്‍സണ്‍ എന്നിവരുടെ റണ്ണിങ് പരിതാപകരമായിരുന്നു. ഇതാദ്യമായിട്ടല്ല സുന്ദര്‍ ഇതുപോലെ ചെയ്യുന്നത്. രണ്ട്-മൂന്നു മല്‍സരങ്ങള്‍ക്കു മുമ്പ് ക്രീസിലേക്കു ഒന്നു ഡൈവ് ചെയ്യാതിരുന്നതു കാരണം താരം റണ്ണൗട്ടായിരുന്നു. വാഷിങ്ടണിനു ടീമിനെ വിജയിപ്പിക്കണമെന്ന യാതൊരു ആഗ്രഹമില്ല. എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.
ഡല്‍ഹിക്കെതിരേ ജയിക്കാന്‍ അവാസാനത്തെ ഓവറില്‍ 13 റണ്‍സായിരുന്നു ഹൈദരാബാദിനു വേണ്ടിയിരുന്നത്. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള വാഷിങ്ടണിനും യാന്‍സണും അത് സാധിക്കുമെന്നും ആരാധകര്‍ വിശ്വസിച്ചിരുന്നു. പക്ഷെ മുകേഷ് കുമാര്‍ എറിഞ്ഞ ഓവറില്‍ ഒരു ഫോറോ, സിക്‌സറോ പോലും രണ്ടു പേര്‍ക്കും നേടാനായില്ല. ആദ്യ ബോളില്‍ ഡബിള്‍ നേടിയതൊഴിച്ചാല്‍ പിന്നീട് ദയനീയമായിരുന്നു ഇരുവരുടെയും പ്രകടനം. വെറും അഞ്ചു റണ്‍സാണ് ഓവറില്‍ ഹൈദരാബാദിനു നേടാനായത്. ഇതോടെ അവര്‍ സീസണിലെ തുടര്‍ച്ചയായ മൂന്നം പരാജയമേറ്റു വാങ്ങുകയും ചെയ്തു.