ഒടുവില്‍ അതു തന്നെ സംഭവിച്ചു. ബാറ്റിങില്‍ ടീമിനു വന്‍ ബാധ്യതയായി മാറിയ ഇന്ത്യന്‍ യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒഴിവാക്കി. ഐപിഎല്ലില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തിലാണ് ഡിസിയുടെ പ്ലെയിങ് ഇലവനില്‍ നിന്നും താരം പുറത്താക്കപ്പെട്ടത്.
മുന്‍ മല്‍സരങ്ങളില്‍ ഇംപാക്ട് പ്ലെയറായി ബാറ്റിങില്‍ മാത്രം പൃഥ്വിയെ ഡിസി പരീക്ഷിച്ചു നോക്കിയിരുന്നു. പക്ഷെ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ താരത്തിനായില്ല. ഇതോടെയാണ് പ്ലെയിങ് ഇലവനില്‍ മാത്രമല്ല ഇനി ഇംപാക്ട് പ്ലെയേഴ്‌സിന്റെ ലിസ്റ്റിലും പൃഥ്വി വേണ്ടെന്ന കടുത്ത തീരുമാനം ഡിസി സ്വീകരിച്ചത്.

ഇത്തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബാറ്റിങ് നിരയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് പൃഥ്വി ഷാ. കഴിഞ്ഞ ആറു മല്‍സരങ്ങളിലും അദ്ദേഹം ടീമിലുണ്ടായിരുന്നു. പക്ഷെ ഇവയില്‍ നിന്നും 7.83 എന്ന ദയനീയ ശരാശരിയില്‍ വെറും 47 റണ്‍സാണ് പൃഥ്വിക്കു നേടാനായത്.
ഒരു തവണ പോലും 20 റണ്‍സ് തികയ്ക്കാന്‍ അദ്ദേഹത്തിനായില്ല. 15 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ടു തവണ ഡെക്കാവുകയും ചെയ്തു. എട്ടു ഫോറുകള്‍ മാത്രമാണ് പൃഥ്വിക്കു ഇത്തവണ സ്വന്തം പേരില്‍ കുറിക്കാനായത്. ഒരു സിക്‌സര്‍ പോലും താരം നേടിയിട്ടില്ലെന്നതും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്.
ഐപിഎല്ലിലെ മോശം പ്രകടനത്തെ തുടര്‍ന്നു ഡിസി ടീമിലെ സ്ഥാനവും നഷ്്ടമായതോടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയെന്ന പൃഥ്വി ഷായുടെ മോഹങ്ങള്‍ക്കാണ് മങ്ങലേറ്റിരിക്കുന്നത്. ഡിസിക്കു വേണ്ടി ഇത്തവണ തിളങ്ങിയിരുന്നെങ്കില്‍ താരം ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ ഇവയെല്ലാം ഇപ്പോള്‍ അസ്തമിച്ചിരിക്കുകയാണ്. പൃഥ്വിയെ ഡിസി ഒഴിവാക്കിയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരവധി രാധകര്‍ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്. വിവാദങ്ങളിലകപ്പെട്ട് കരിയര്‍ തകര്‍ന്നുപോയ ഇന്ത്യയുടെ മുന്‍ താരം വിനോദ് കാംബ്വിയോടാണ് പൃഥ്വിയെ ചിലര്‍ താരതമ്യം ചെയ്തത്.
പൃഥ്വി ഷാ ദയവു ചെയ്ത് പാകിസ്താനിലേക്കു വരൂ. മൂന്നു ഫോര്‍മാറ്റുകളിലും നിങ്ങളായിരിക്കും ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍. ഇന്ത്യക്കു നിങ്ങളുടെ മൂല്യമറിയില്ല. പൃഥ്വി ഷാ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്. വിനോദ് കാംബ്ലിയുടെ വഴിയെയാണ് താരത്തിന്റെ പോക്ക്. കഴിഞ്ഞ ആറു മാസത്തോളമായി ഞാന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണിത്. പൃഥ്വി ഷായുടെ പ്രയാണം വിനോദ് കാംബ്ലിയുടെ വഴിയെയാണ്. ക്രിക്കറ്റില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കരിയര്‍ തന്നെ ഇല്ലാതെയാവും.
പൃഥ്വി ഷായ്ക്കു പകരം കളിക്കുന്നയാള്‍ നന്നായി പെര്‍ഫോം ചെയ്താല്‍ പിന്നീട് അദ്ദേഹത്തിനു ടീമില്‍ തിരിച്ചെത്തുക വളരെ ബുദ്ധിമുട്ടായിരിക്കും. സീസണിനു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിടൂ, അടുത്ത വര്‍ഷം പൃഥ്വി ഷായെ ആര്‍സിബി അവരുടെ ടീമിലെത്തിക്കും. പൃഥ്വി ഷായെ മുംബൈ ഇന്ത്യന്‍സിനു വില്‍ക്കൂ, അദ്ദേഹം അവരുടെ ഭാവി ക്യാപ്റ്റനാവും. പൃഥ്വി ഷായെ ഇപ്പോള്‍ ഒഴിവാക്കിയത് അദ്ദേഹത്തെ സംബന്ധിച്ച് നല്ലതാണ്. അവസാനത്തെ മൂന്ന്- നാലു മല്‍സരങ്ങളില്‍ കളിക്കാന്‍ തിരികെ വിളിക്കണം. എന്നങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.