ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തകര്‍ച്ച തുടരുന്നു. സിഎസ്‌കെയ്‌ക്കെതിരേ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും അത് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ആറ് മത്സരത്തിലും നാലിലും ഹൈദരാബാദ് തോറ്റിരിക്കുകയാണ്. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ ഹൈദരാബാദിനാവുന്നില്ല.
സിഎസ്‌കെയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ നായകന്‍ എയ്ഡന്‍ മാര്‍ക്രമിനും പരിശീലകന്‍ ബ്രയാന്‍ ലാറക്കുമെതിരേ രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ഇരുവരുടേയും മണ്ടന്‍ തീരുമാനങ്ങളാണ് ഹൈദരാബാദിനെ തോല്‍പ്പിക്കുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം. സിഎസ്‌കെയ്‌ക്കെതിരേ പൊരുതാന്‍ പോലുമാവാതെ ഹൈദരാബാദ് കീഴടങ്ങിയതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

മാര്‍ക്രത്തിന്റെ ക്യാപ്റ്റനെന്ന നിലയിലെ മണ്ടന്‍ തീരുമാനങ്ങളാണ് ഹൈദരാബാദിന് തിരിച്ചടിയായതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും സ്പിന്നര്‍മാരെ ഉപയോഗിക്കുന്നതില്‍ മാര്‍ക്രത്തിന് പിഴവുപറ്റി. ചെന്നൈയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങനാവുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും പവര്‍പ്ലേയില്‍ എന്തുകൊണ്ടാണ് മാര്‍ക്രം സ്പിന്നര്‍മാരെ ഉപയോഗിക്കാതിരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ യാന്‍സന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരാണ് പവര്‍പ്ലേയില്‍ പന്തെറിഞ്ഞത്. മൂന്ന് ഓവര്‍ യാന്‍സന്‍ എറിഞ്ഞപ്പോള്‍ രണ്ട് ഓവര്‍ ഭുവിയുമെറിഞ്ഞു. എന്നാല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ഉപയോഗിക്കാന്‍ മാര്‍ക്രം തയ്യാറായില്ല. ഓപ്പണര്‍മാര്‍ നിലയുറപ്പിച്ച ശേഷം സ്പിന്നാക്രമണം നടത്തിയിട്ട് കാര്യമില്ലെന്നും തുടക്കത്തിലേ അത് ഉപയോഗപ്പെടുത്തണമായിരുന്നുവെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
വാഷിങ്ടണ്‍ സുന്ദര്‍, മായങ്ക് മാര്‍ക്കണ്ഡെ എന്നിവര്‍ നന്നായി സ്പിന്നെറിയുന്നവരും പവര്‍പ്ലേയില്‍ മികവ് കാട്ടിയിട്ടുള്ളവരുമാണ്. പ്രധാനമായും സുന്ദര്‍ പവര്‍പ്ലേ സ്‌പെഷ്യലിസ്റ്റാണ്. എന്നിട്ടും സുന്ദറിനെ തഴഞ്ഞ് സ്വയം ബൗളിങ് ഏറ്റെടുത്തത് മാര്‍ക്രത്തിന്റെ മണ്ടന്‍ തീരുമാനമാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ചെറിയ സ്‌കോര്‍ പ്രതിരോധിക്കുമ്പോള്‍ തുടക്കത്തിലേ മാനസികമായ സമ്മര്‍ദ്ദം സൃഷ്ടിക്കേണ്ടതായുണ്ട്.
എന്നാല്‍ മാര്‍ക്രം സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കികൊടുക്കുകയാണ്. പിച്ചിന്റെ സ്വഭാവം മനസിലാക്കി ബൗളര്‍മാരെ ഉപയോഗിക്കാന്‍ മാര്‍ക്രത്തിനായില്ലെന്നും ആരാധകര്‍ പറയുന്നു. 10 ഓവറിന് ശേഷം സ്പിന്നര്‍മാരെ ഉപയോഗിച്ച് ഹൈദരാബാദ് കാഴ്ചവെച്ച പോരാട്ടം തുടക്കത്തിലേ കാട്ടണമായിരുന്നുവെന്നും ഇതിന് സാധിക്കാതെ പോയത് നായകന്റെ പിഴവാണെന്നുമാണ് വിമര്‍ശനം ഉയരുന്നത്.
ആദ്യത്തെ 10 ഓവറില്‍ നായകനെന്ന നിലയില്‍ മാര്‍ക്രത്തിന് മികവ് കാട്ടാനാവാതെ പോയതാണ് ഹൈദരാബാദിനെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. മത്സരത്തില്‍ മായങ്ക് മാര്‍ക്കണ്ഡെ മാത്രമാണ് ഹൈദരാബാദിനായി വിക്കറ്റ് നേടിയത്. അജിന്‍ക്യ രഹാനെയുടെയും അമ്പാട്ടി റായിഡുവിനെയുമാണ് താരം പുറത്താക്കിയത്.
തുടക്കത്തിലേ മാര്‍ക്കണ്ഡേയെ ഉപയോഗിക്കാതെ പോയത് വലിയ പിഴവാണെന്ന് മത്സരഫലത്തിലൂടെ വ്യക്തം. ബാറ്റിങ്ങിലും ഹൈദരാബാദ് മണ്ടത്തരം കാട്ടി. ബാറ്റിങ് ഓഡറില്‍ വരുത്തിയ മാറ്റങ്ങള്‍ ടീമിന്റെ തകര്‍ച്ചക്ക് കാരണമായെന്നും ആരാധകര്‍ പറയുന്നു. ടോപ് ഓഡറില്‍ കളിച്ചിട്ട് ഫോമിലെത്താനാവാത്ത മായങ്ക് അഗര്‍വാളിനെ ആറാം നമ്പറില്‍ കളിപ്പിച്ചത് വലിയ മണ്ടത്തരമാണെന്നാണ് ആരാധകര്‍ പറയുന്നത്.

നാല് പന്ത് നേരിട്ട് രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കാത്തതാണ് തോല്‍വിക്ക് കാരണമായത്. ആദ്യ ഒമ്പത് ഓവറില്‍ ഒരു വിക്കറ്റിന് 70 എന്ന ഭേദപ്പെട്ട നിലയിലായിരുന്നിട്ടും ടീം സ്‌കോര്‍ 150 കടത്താനായില്ലെന്നത് ഹൈദരാബാദിന് വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്.
ഏഴ് വിക്കറ്റിന് 134ലൊതുങ്ങിയ ഹൈദരാബാദിനെ എട്ട് പന്തും ഏഴ് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ഡെവോണ്‍ കോണ്‍വേയുടെ (77) ബാറ്റിങ്ങിനെ പിടിച്ചുകെട്ടാന്‍ ഹൈദരാബാദിന് സാധിക്കാതെ പോയി. ഒന്നാം വിക്കറ്റില്‍ റുതുരാജ് ഗെയ്ക് വാദും (35) കോണ്‍വേയും ചേര്‍ന്ന് 87 റണ്‍സാണ് അടിച്ചെടുത്തത്. ഈ കൂട്ടുകെട്ടാണ് സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്.