ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് പൊരുതിത്തോറ്റിരിക്കുകയാണ് ആര്‍സിബി. അവസാന പന്തുവരെ നീണ്ട പോരാട്ടത്തില്‍ ഒരു വിക്കറ്റിന്റെ ജയം ലഖ്‌നൗ നേടുകയായിരുന്നു. ആര്‍സിബിയുടെ തട്ടകത്തിലാണ് ലഖ്‌നൗ വിജയം നേടിയെടുത്തത്. 212 എന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും ആര്‍സിബിക്ക് സ്വന്തം മണ്ണില്‍ ജയിക്കാനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരം.
മത്സരത്തില്‍ ആര്‍സിബിയുടെ ബാറ്റിങ് നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോലി (61), ഫഫ് ഡുപ്ലെസിസ് (79), ഗ്ലെന്‍ മാക്‌സ് വെല്‍ (59) എന്നിവര്‍ ആര്‍സിബിക്കായി ഫിഫ്റ്റി നേടി. ഇതില്‍ പവര്‍പ്ലേയില്‍ കടന്നാക്രമിച്ച് കൈയടി നേടിയത് കോലിയായിരുന്നു. മാര്‍ക്ക് വുഡിന്റെ അതിവേഗ പന്തുകളില്‍ കോലി കളിച്ച ഷോട്ടുകളെല്ലാം അതി ഗംഭീരമായിരുന്നു. ഗംഭീര ഫിഫ്റ്റിയോടെ ആര്‍സിബിക്ക് നല്ല തുടക്കം നല്‍കാന്‍ കോലിക്ക് സാധിച്ചു.

എന്നാല്‍ കോലിയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെതിരേ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് സൈമണ്‍ ഡൗള്‍. ആദ്യത്തെ 25 പന്തില്‍ നിന്ന് 42 റണ്‍സാണ് കോലി അടിച്ചെടുത്തത്. എന്നാല്‍ പിന്നീട് അര്‍ധ സെഞ്ച്വറിക്കാവശ്യമായ എട്ട് റണ്‍സിലേക്കെത്താന്‍ കോലിക്ക് വേണ്ടിവന്നത് 10 പന്തുകളാണ്. ഫിഫ്റ്റിക്കായി കോലി നടത്തിയ സെല്‍ഫിഷ് ബാറ്റിങ്ങിനെയാണ് ഡൗള്‍ വിമര്‍ശിച്ചത്.
ചിന്നസ്വാമിയിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്. ലഖ്‌നൗവിനെതിരേ മികച്ച തുടക്കം ലഭിച്ച കോലി അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ തുടക്കത്തിലേ ശ്രമിച്ചു. എന്നാല്‍ 40 പിന്നിട്ടതോടെ ഫിഫ്റ്റിക്കായി മെല്ലപ്പോക്ക് ബാറ്റിങ് നടത്തി. എന്നാല്‍ കോലി ഈ സമയത്ത് കടന്നാക്രമിച്ച് പരമാവധി സ്‌കോര്‍ ഉയര്‍ത്താനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. ഫിഫ്റ്റിയും കണക്കുകളുമെല്ലാം പ്രധാനപ്പെട്ടതാണെങ്കിലും മുഖ്യം ടീമാണെന്നാണ് ഡൗള്‍ അഭിപ്രായപ്പെട്ടത്.

അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ വമ്പനൊരു നേട്ടവും കോലി സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിലെ എല്ലാ ടീമുകള്‍ക്കെതിരേയും ഫിഫ്റ്റി നേടുന്ന താരമായി മാറാന്‍ കോലിക്കായി. എന്നാല്‍ ചിന്നസ്വാമി പോലുള്ള മൈതാനത്ത് എത്ര വലിയ സ്‌കോറായാലും പ്രതിരോധിക്കുക പ്രയാസമാണ്. ഈ സാഹചര്യത്തില്‍ പരമാവധി ആക്രമിച്ച് കളിക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ അര്‍ധ സെഞ്ച്വറിക്കായി കോലി പ്രതിരോധിച്ചുകളിച്ച 10 പന്തുകള്‍ ടീമിന്റെ ജയത്തെ സ്വാധീനിച്ചു.
10 പന്തില്‍ 20 റണ്‍സെങ്കിലും നേടാന്‍ കോലിക്ക് സാധിക്കേണ്ടിയിരുന്നു. അത് സാധിക്കാതെ പോയതാണ് തോല്‍വിക്ക് കാരണമായി മാറിയത്. തുടക്കത്തിലേ 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിച്ച കോലി പവര്‍പ്ലേ അവസാനിച്ചതോടെ റണ്‍സ് നേടുന്നതിന്റെ വേഗം കുറക്കുകയായിരുന്നു. 44 പന്തില്‍ 61 റണ്‍സുമായി കോലി പുറത്താവുമ്പോള്‍ സ്‌ട്രൈക്കറേറ്റ് 138.63 ആയിരുന്നു. ഫഫ് ഡുപ്ലെസിസ് 171.73 സ്‌ട്രൈക്കറേറ്റിലും ഗ്ലെന്‍ മാക്‌സ് വെല്‍ 203.44 സ്‌ട്രൈക്കറേറ്റിലുമാണ് കളിച്ചത്.

ഇതിനിടെയാണ് കോലി 138 സ്‌ട്രൈക്കറേറ്റില്‍ കളിച്ചത്. കോലി വ്യക്തിഗത നേട്ടത്തിന് ശ്രദ്ധ നല്‍കുന്നുവെന്ന ആക്ഷേപവും ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നു. കോലി 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ത്തന്നെ കളിച്ചിരുന്നെങ്കില്‍ 240ന് മുകളിലേക്ക് ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ആര്‍സിബിക്ക് സാധിക്കുമായിരുന്നുവെന്നാണ് ആരാധക പക്ഷം. കോലി പവര്‍പ്ലേയിലെ മികവ് പിന്നീടും തുടരണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ദൗര്‍ഭാഗ്യവശാല്‍ കോലിക്കതിന് സാധിക്കുന്നില്ല.
എന്നാല്‍ കോലിയെ സെല്‍ഫിഷ് എന്ന് വിളിക്കാനാവില്ലെന്ന് അഭിപ്രായപ്പെടുന്നവരുമേറെ. ആര്‍സിബിയെ ഇന്നത്തെ നിലയിലേക്കുയര്‍ത്തിയത് കോലിയാണെന്നും കോലി ടീം വിട്ടാല്‍ ആര്‍സിബിയുടെ ആരാധക പിന്തുണയില്‍ വലിയ കുറവുണ്ടാകുമെന്നത് മനസിലാക്കണമെന്നുമെല്ലാം ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. കോലിയുടെ അത്ര മികവൊന്നും ഐപിഎല്‍ ചരിത്രത്തില്‍ മറ്റാരും കാട്ടിയിട്ടില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.