ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 21ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ കിങ്‌സിനെതിരേ പഞ്ചാബ് കിങ്‌സിന് ജയം. രണ്ട് വിക്കറ്റിനാണ് പഞ്ചാബ് ലഖ്‌നൗവിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് മൂന്ന് പന്തും രണ്ട് വിക്കറ്റും ശേഷിക്കെ വിജയലക്ഷ്യം മറികടന്നു.
സിക്കന്തര്‍ റാസയുടെ (57) ഫിഫ്റ്റിയും ഷാരൂഖ് ഖാന്റെ (10 പന്തില്‍ 23) കിടിലന്‍ ഫിനിഷിങ്ങുമാണ് പഞ്ചാബിന് ലഖ്‌നൗവിന്റെ മണ്ണില്‍ ജയമൊരുക്കിയത്. ഒരു ഫോറും രണ്ട് സിക്‌സുമാണ് ഷാരൂഖ് നേടിയത്. തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷമാണ് പഞ്ചാബിന്റെ ജയം. നായകന്‍ ശിഖര്‍ ധവാന്റെ അഭാവത്തിലും പഞ്ചാബിന് വിജയം നേടാനായി.

ലഖ്‌നൗവിന്റെ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന്റെ തുടക്കം പാളി. അതര്‍വ തെയ്‌തേയെ (3 പന്തില്‍ 0) യുധവീര്‍ സിങ് ആദ്യ ഓവറില്‍ മടക്കി. വമ്പനടിക്കാരനായ പ്രഭ്‌സിംറാന്‍ സിങ്ങിനെ (4 പന്തില്‍ 4) യുധവീര്‍ സിങ് ക്ലീന്‍ബൗള്‍ഡാക്കി. മാത്യുഷോര്‍ട്ട് (22 പന്തില്‍ 34) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും പവര്‍പ്ലേയിലെ അവസാന പന്തില്‍ പുറത്തായി.
അഞ്ച് ഫോറും 1 സിക്‌സും പറത്തിയ താരത്തെ കൃഷ്ണപ്പ ഗൗതം മാര്‍ക്കസ് സ്റ്റോയിണിസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. നിലയുറപ്പിച്ച് കളിച്ച ഹര്‍പ്രീത് സിങ്ങിനെ (22 പന്തില്‍ 22) ക്രുണാല്‍ പാണ്ഡ്യയും മടക്കി. സാം കറെനെ (6 പന്തില്‍ 6) രവി ബിഷ്‌നോയിയും ജിതേഷ് ശര്‍മയെ (4 പന്തില്‍ 2) മാര്‍ക്ക് വുഡും പുറത്താക്കി.
മധ്യനിരയില്‍ പിടിച്ചുനിന്ന് പൊരുതിയ സിക്കന്തര്‍ റാസ കൈയടി നേടി. 41 പന്തില്‍ 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 57 റണ്‍സ് നേടിയ റാസയെ രവി ബിഷ്‌നോയ് 18ാം ഓവറില്‍ പുറത്താക്കിയതോടെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീണ്ടു. ഹര്‍പ്രീത് ബ്രാറും (4 പന്തില്‍ 6) പുറത്തായതോടെ അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ ഏഴ് റണ്‍സ്. റബാഡയെ കൂട്ടുപിടിച്ച് ഷാരൂഖ് പഞ്ചാബിന് ത്രില്ലിങ് ജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത പഞ്ചാബ് നായകന്‍ സാം കറെന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. ഭേദപ്പെട്ട തുടക്കം ലഖ്‌നൗവിന് ജയിച്ചു. ഓപ്പണിങ്ങില്‍ കെയ്ല്‍ മെയേഴ്‌സും കെ എല്‍ രാഹുലും ചേര്‍ന്ന് 53 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചു. എന്നാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.
23 പന്തില്‍ 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 29 റണ്‍സ് നേടിയ മെയേഴ്‌സിനെ പുറത്താക്കി ഹര്‍പ്രീത് ബ്രാറാണ് ലഖ്‌നൗവിന് ആദ്. പ്രഹരം നല്‍കിയത്. പിന്നീടങ്ങോട്ട് ലഖ്‌നൗ ബാറ്റിങ് നിരയെ പഞ്ചാബ് ബൗളര്‍മാര്‍ വരിഞ്ഞ് മുറുക്കി. ദീപക് ഹൂഡയെ (3 പന്തില്‍ 2) സിക്കന്തര്‍ റാസ എല്‍ ബിയില്‍ കുടുക്കി. അല്‍പ്പനേരം പൊരുതിനിന്ന ക്രുണാല്‍ പാണ്ഡ്യയെ (17 പന്തില്‍ 18) കഗിസോ റബാഡ ഷാരൂഖ് ഖാന്റെ കൈയിലെത്തിച്ചു.
ബൗണ്ടറി ലൈനില്‍ തകര്‍പ്പന്‍ ക്യാച്ചാണ് ഷാരൂഖ് നേടിയത്. വമ്പനടിക്കാരന്‍ നിക്കോളാസ് പൂരനെ (0) റബാഡ ഇതേ ഓവറില്‍ ഗോള്‍ഡന്‍ ഡെക്കാക്കിയത് ലഖ്‌നൗവിന് കടുത്ത തിരിച്ചടിയായി.മാര്‍ക്കസ് സ്‌റ്റോയിനിസ് പ്രതീക്ഷ നല്‍കി തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്കുയരാനായില്ല. 11 പന്തില്‍ 15 റണ്‍സെടുത്ത സ്റ്റോയിണിസിനെ സാം കറെന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈയിലെത്തിച്ചു.
സ്റ്റോയിണിസിന്റെ ഗ്ലൗസില്‍ ഉരസി പോയ പന്തിനെ ഡിആര്‍എസിലൂടെയാണ് പഞ്ചാബ് വിക്കറ്റ് നേട്ടമാക്കിയത്. ഒരുവശത്ത് നായകന്‍ കെ എല്‍ രാഹുല്‍ സീസണിലെ ആദ്യ ഫിഫ്റ്റി നേടി.56 പന്തില്‍ 8 ഫോറും 1 സിക്‌സുമടക്കം 74 റണ്‍സെടുത്ത രാഹുലിനെ 19ാം ഓവറിന്റെ നാലാം പന്തില്‍ അര്‍ഷദീപ് സിങ് മടക്കി.

ഇംപാക്ട് പ്ലയറായെത്തിയ കൃഷ്ണപ്പ ഗൗതം (2 പന്തില്‍ 1) കറെന് മുന്നില്‍ കീഴടങ്ങി. യുധവീര്‍ സിങ്ങിനെ കറെന്‍ ഗോള്‍ഡന്‍ ഡെക്കാക്കിയതോടെ ലഖ്‌നൗ 20 ഓവറില്‍ 8ന് 159 എന്ന നിലയിലേക്കൊതുങ്ങി. ആയുഷ് ബദോനി (6 പന്തില്‍ 5), രവി ബിഷ്‌നോയ് (1 പന്തില്‍ 3) പുറത്താവാതെ നിന്നു.
പഞ്ചാബിനായി സാം കറെന്‍ മൂന്ന് വിക്കറ്റും കഗിസോ റബാഡ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ അര്‍ഷദീപ് സിങ്ങും ഹര്‍പ്രീത് ബ്രാറും സിക്കന്തര്‍ റാസയും ഓരോ വിക്കറ്റും പങ്കിട്ടു.
പ്ലേയിങ് 11-ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- കെ എല്‍ രാഹുല്‍ (c), കെയ്ല്‍ മെയേഴ്‌സ്, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, മാര്‍ക്കസ് സ്റ്റോയിണിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ആവേശ് ഖാന്‍, യുധവീര്‍ സിങ്, മാര്‍ക്ക് വുഡ്, രവി ബിഷ്‌നോയ്
പഞ്ചാബ് കിങ്‌സ്-അതര്‍വ തെയ്‌തേ, മാത്യു ഷോര്‍ട്ട്, ഹര്‍പ്രീത് സിങ്, സിക്കന്തര്‍ റാസ, സാം കറെന്‍ (c), ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, അര്‍ഷദീപ് സിങ്