അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ സിഎസ്‌കെ കിരീടത്തിലേക്കെത്തിയിരിക്കുകയാണ്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് സിഎസ്‌കെയുടെ അഞ്ചാം കിരീട നേട്ടം. ചരിത്രത്തിലാദ്യമായി തിങ്കളാഴ്ച നടത്തപ്പെട്ട ഐപിഎല്‍ ഫൈനലില്‍ അഭിമാന നേട്ടമാണ് ധോണിയും സംഘവും നേടിയെടുത്തത്. മഴ വില്ലനായെത്തിയെങ്കിലും സിഎസ്‌കെയുടെ പ്രകടനമികവും ഭാഗ്യവും കിരീടത്തിലേക്കെത്തിച്ചിരിക്കുകയാണ്.
16ാം സീസണിന് വിരാമമാവുമ്പോള്‍ എല്ലാ പുരസ്‌കാര ജേതാക്കളെയും അവരുടെ പ്രതിഫലവും അറിയാം. ഫൈനലിലെ സ്‌ട്രൈക്കര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അജിന്‍ക്യ രഹാനെക്കാണ്. ഗെയിം ചെയിഞ്ചറായും മോസ്റ്റ് വാല്യുവബിള്‍ അസറ്റായും ദീര്‍ഘ ദൂര സിക്‌സറിനുമുള്ള പുരസ്‌കാരവും സായ് സുദര്‍ശനാണ് ലഭിച്ചത്. ക്യാച്ച് ഓഫ് ദി മാച്ച് പുരസ്‌കാരം എംഎസ് ധോണിക്കും ലഭിച്ചു. ഇവര്‍ക്കെല്ലാം ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.

ഫൈനലിലെ താരമായി തിരഞ്ഞെടുത്ത് ഡെവോണ്‍ കോണ്‍വേയെയാണ്. അഞ്ച് ലക്ഷം രൂപയാണ് അദ്ദേഹത്തിന് സമ്മാനത്തുകയായി ലഭിക്കുക. എമര്‍ജിങ് പ്ലയറായി തിരഞ്ഞെടുത്തത് രാജസ്ഥാന്‍ റോയല്‍സിന്റെ യശ്വസി ജയ്‌സ്വാളിനെയാണ്. 10 ലക്ഷം രൂപയാണ് താരത്തിന്റെ സമ്മാനത്തുക. സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം ഗ്ലെന്‍ മാക്‌സ് വെല്ലിനാണ് ലഭിച്ചത്. 10 ലക്ഷം രൂപയാണ് സമ്മാനത്തുക.
സീസണിലെ ഗെയിം ചെയിഞ്ചര്‍ പുരസ്‌കാരം, കൂടുതല്‍ ബൗണ്ടറി എന്നീ പുരസ്‌കാരം, സീസണിലെ മോസ്റ്റ് വാല്യുവബിള്‍ അസറ്റ് എന്ന പുരസ്‌കാരവും ശുബ്മാന്‍ ഗില്ലിനാണ്. 10 ലക്ഷം രൂപയാണ് ഇതിന് സമ്മാനത്തുകയായി ലഭിക്കുക. സീസണിലെ ദീര്‍ഘ ദൂര സിക്‌സിന്റെ പുരസ്‌കാരം ഫഫ് ഡുപ്ലെസിസിനാണ്. 10 ലക്ഷം രൂപയാണ് സമ്മാനത്തുക. സീസണിലെ ബെസ്റ്റ് ക്യാച്ച് പുരസ്‌കാരം റാഷിദ് ഖാനാണ് നേടിയത്. ഇതിനും 10 ലക്ഷമാണ് സമ്മാനം.
ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തിയ ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. എന്നാല്‍ ഫെയര്‍ പ്ലെ അവാര്‍ഡ് ഡല്‍ഹിക്കാണ് ലഭിച്ചത്. സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായത് ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഹമ്മദ് ഷമിയാണ്. 10 ലക്ഷമാണ് അദ്ദേഹത്തിന്റെ സമ്മാനത്തുക. 17 മത്സരത്തില്‍ നിന്ന് 28 വിക്കറ്റുമായാണ് ഷമി ഈ നേട്ടം സ്വന്തമാക്കിയത്. 8.3 ഇക്കോണമിയിലായിരുന്നു ഷമിയുടെ മിന്നും പ്രകടനം.
റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് പുരസ്‌കാരം ലഭിച്ചത് ശുബ്മാന്‍ ഗില്ലിനാണ്. 10 ലക്ഷം രൂപയാണ് സമ്മാനത്തുക. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ നിറഞ്ഞാടിയ സീസണായിരുന്നു ഇത്. 17 മത്സരത്തില്‍ നിന്ന് 890 റണ്‍സാണ് ഗില്‍ നേടിയത്. 59ന് മുകളില്‍ ശരാശരിയും 157ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലുമാണ് ഗില്‍ കസറിയത്. മൂന്ന് സെഞ്ച്വറിയും നാല് ഫിഫ്റ്റിയും താരം സ്വന്തം പേരിലാക്കി.

മികച്ച പിച്ചിനും ഗ്രൗണ്ടിനുമുള്ള പുരസ്‌കാരം മുംബൈ ഇന്ത്യന്‍സിന്റെ വാംഖഡെക്കും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഈഡന്‍ ഗാര്‍ഡനും ലഭിച്ചു. 50 ലക്ഷമാണ് സമ്മാനത്തുകയായി ലഭിച്ചത്. ഫൈനലില്‍ റണ്ണറപ്പുകളായത് ഗുജറാത്ത് ടൈറ്റന്‍സാണ്. 12.5 കോടിയാണ് അവര്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക. ജേതാക്കളായ സിഎസ്‌കെയ്ക്ക് സമ്മാനമായി ലഭിക്കുന്നത് 20 കോടിയാണ്.
സിഎസ്‌കെ അഞ്ചാം ഐപിഎല്‍ കിരീടമാണ് അഹമ്മദാബാദില്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റിന് 214 റണ്‍സെടുത്തതിന് പിന്നാലെ മഴയെത്തി. ഇതോടെ 15 ഓവറില്‍ അഞ്ച് വിക്കറ്റിന് 171 എന്ന നിലയിലേക്ക് സിഎസ്‌കെയുടെ വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചു. അവസാന രണ്ട് പന്തില്‍ സിഎസ്‌കെയ്ക്ക് ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെ മോഹിത് ശര്‍മയെ സിക്‌സും ഫോറും പറത്തി രവീന്ദ്ര ജഡേജ സിഎസ്‌കെയ്ക്ക് കിരീടം നേടിക്കൊടുക്കുകയായിരുന്നു.