മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഗുജറാത്ത്, സിഎസ്‌കെ, മുംബൈ, ലഖ്‌നൗ ടീമുകള്‍ പ്ലേ ഓഫില്‍ കടന്നുകഴിഞ്ഞു. ഇനി അറിയേണ്ടത് കിരീടം ആര്‍ക്കെന്നതാണ്. പല സീനിയര്‍ താരങ്ങളും ഐപിഎല്‍ കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്നത്തെ പല സൂപ്പര്‍ താരങ്ങളുടെയും കരിയര്‍ അവസാനിക്കും.
നിലവിലെ നായകന്മാരെല്ലാം പോയി പുതിയ നായകന്മാര്‍ കടന്നുവരികയും ചെയ്യും. അടുത്ത അഞ്ച് വര്‍ഷത്തിന് ശേഷം ഐപിഎല്ലില്‍ നായകന്മാരാവാന്‍ സാധ്യതയുള്ള 10 ടീമുകളുടെയും നായകന്മാര്‍ ആരൊക്കെയാണെന്നറിയാം. സിഎസ്‌കെയുടെ നായകനായി റുതുരാജ് ഗെയ്ക് വാദ് എത്താനാണ് സാധ്യത. സിഎസ്‌കെ വിദേശ നായകന്മാരെ അധികം പ്രോത്സാഹിപ്പിക്കാത്ത ടീമാണ്.

എംഎസ് ധോണിക്ക് ശേഷം രവീന്ദ്ര ജഡേജ ഇനി നായകസ്ഥാനത്തേക്കെത്താന്‍ സാധ്യത കുറവാണ്. റുതുരാജ് ഗെയ്ക് വാദ് സിഎസ്‌കെയ്ക്കായി ഗംഭീര പ്രകടനം നടത്തുന്ന താരമാണ്. അതുകൊണ്ട് തന്നെ നായകസ്ഥാനത്തേക്ക് അദ്ദേഹമെത്താന്‍ സാധ്യത കൂടുതലാണ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകസ്ഥാനത്ത് ഹര്‍ദിക് പാണ്ഡ്യ ഏറെ നാള്‍ തുടരാന്‍ സാധ്യതയുണ്ട്. അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ കപ്പടിപ്പിച്ച നായകനാണ് ഹര്‍ദിക്.
ഇത്തവണ പ്ലേ ഓഫിലേക്കെത്തിക്കാനും ഹര്‍ദിക്കിനായി. എന്നാല്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നായകനായി ഹര്‍ദിക് മുന്നോട്ട് പോയേക്കില്ല. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുബ്മാന്‍ ഗില്‍ വളര്‍ന്നുവന്നേക്കും. അടുത്ത ഇതിഹാസമായി വളര്‍ന്നുവരുന്ന താരമാണ് ശുബ്മാന്‍. ഈ സീസണില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറിയടക്കം നേടാന്‍ ശുബ്മാന് സാധിച്ചിരുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സിനെ നിലവിലെ നായകന്‍ റിഷഭ് പന്ത് തന്നെ നയിച്ചേക്കും. വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന റിഷഭിന് ഡല്‍ഹിക്കൊപ്പം നീണ്ട കരിയര്‍ തന്നെ ഉണ്ടായേക്കും. അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷത്തിലധികം ഡല്‍ഹിയുടെ നായകസ്ഥാനത്ത് റിഷഭ് പന്ത് ഉണ്ടായേക്കും. മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് അഞ്ച് വര്‍ഷത്തിന് ശേഷം എത്താന്‍ സാധ്യതയുള്ളത് ജസ്പ്രീത് ബുംറയാണ്.
രോഹിത് ശര്‍മക്ക് ശേഷം സൂര്യകുമാര്‍ യാദവോ ജസ്പ്രീത് ബുംറയോ മുംബൈയുടെ നായകനായേക്കും. രണ്ട് പേരും ടീമിന് ഒരുപോലെ പ്രധാനപ്പെട്ടവരാണ്. തിലക് വര്‍മയെപ്പോലെ ചില പ്രതിഭകളും മുംബൈക്ക് പ്രതീക്ഷ നല്‍കി വളര്‍ന്നുവരുന്നുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകസ്ഥാനത്ത് ശ്രേയസ് അയ്യര്‍ തന്നെയാവും ഉണ്ടാവുക. ശ്രേയസിന് തുടര്‍ അവസരം നല്‍കാന്‍ കെകെആര്‍ തയ്യാറായേക്കും.
റിങ്കു സിങ്ങിനെ ഭാവിയില്‍ നായകസ്ഥാനത്തേക്ക് കെകെആര്‍ വളര്‍ത്തിക്കൊണ്ടുവരാനും സാധ്യതകളേറെയാണ്. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധ്യതയുള്ള താരമാണ് റിങ്കു. രാജസ്ഥാന്‍ റോയല്‍സില്‍ അഞ്ച് വര്‍ഷം തികക്കാന്‍ സഞ്ജുവിന് സാധിച്ചേക്കില്ല. ഉടന്‍ തന്നെ പുതിയ നായകനെ രാജസ്ഥാന്‍ കണ്ടെത്തിയേക്കും. അഞ്ച് വര്‍ഷത്തിന് ശേഷം യശ്വസി ജയ്‌സ്വാളിനെ രാജസ്ഥാന്‍ നായകനായി പ്രതീക്ഷിക്കാം.

ഇടം കൈയന്‍ ഓപ്പണര്‍ സമീപകാലത്തായി മികച്ച ഫോമിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കും വൈകാതെ ജയ്‌സ്വാളിന് വിളിയെത്തിയേക്കും. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായി ആയുഷ് ബദോനിയാണെത്തുക. ഇതിനോടകം ശ്രദ്ധ നേടിയ താരം പ്രയാസമുള്ള സാഹചര്യങ്ങളിലും തിളങ്ങാന്‍ മിടുക്കനാണ്. അതുകൊണ്ട് തന്നെ ലഖ്‌നൗ ബദോനിയെ നായകസ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ആര്‍സിബിയുടെ നായകസ്ഥാനത്തേക്ക് വളര്‍ന്നുവരാന്‍ സാധ്യതയുള്ള താരം രജത് പാട്ടീധാറാണ്.
വലം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഈ സീസണില്‍ പരിക്കിനെത്തുടര്‍ന്ന് കളിച്ചിരുന്നില്ല. ആര്‍സിബി വലിയ പ്രതീക്ഷവെക്കുന്ന താരമാണ് പാട്ടീധാറെന്ന് പറയാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനത്ത് ആരെന്നത് പറയുക പ്രയാസമാണ്. നിലവിലെ താരങ്ങളില്‍ നായകനാക്കാവുന്ന ആരുമില്ല. ഹൈദരാബാദ് പുതിയ നായകനെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.