മൊഹാലി: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റിന്റെ വിജയം നേടിയിരിക്കുകയാണ്. ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 154 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് മുന്നോട്ട് വെച്ചതെങ്കിലും ഒരു പന്ത് മാത്രം ബാക്കിയാക്കിയാണ് ഗുജറാത്തിന്റെ ജയം. അവസാന രണ്ട് പന്തില്‍ നാല് റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
അഞ്ചാം പന്ത് ബൗണ്ടറി കടത്തി രാഹുല്‍ തെവാത്തിയാണ് ഗുജറാത്തിന് ജയമൊരുക്കിയത്. ശുബ്മാന്‍ ഗില്ലിന്റെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഗുജറാത്തിന്റെ ജയത്തില്‍ നട്ടെല്ലായത്. 49 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 67 റണ്‍സാണ് ശുബ്മാന്‍ ഗില്‍ നേടിയത്. എന്നാല്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ ഗില്‍ പുറത്തായി. ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതില്‍ ഗില്‍ പരാജയപ്പെട്ടു.

സാം കറെന്റെ സ്റ്റംപിലേക്കെത്തിയ പന്തില്‍ ഗില്ലിന് ടൈമിങ് പിഴച്ചപ്പോള്‍ ഗില്ലിന്റെ സ്റ്റംപ് തെറിച്ചു. ഇപ്പോഴിതാ ശുബ്മാന്‍ അവസാനം വരെ ബാറ്റുചെയ്‌തെങ്കിലും ഫിനിഷ് ചെയ്യാന്‍ സാധിക്കണമായിരുന്നുവെന്നും എംഎസ് ധോണിയെ മാതൃകയാക്കണമെന്നും ഉപദേശിച്ചിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍. 'ചാമ്പ്യന്മാരായ ടീമുകള്‍ വിജയിച്ചാലും ദൗര്‍ബല്യമുള്ള ഭാഗങ്ങളെക്കുറിച്ച് ചിന്തിക്കും.
കെകെആറിനെതിരായ മത്സരത്തിലൂടെ അഞ്ച് ബൗളര്‍മാരെ മാത്രം വെച്ച് കളിക്കരുതെന്ന പാഠം ഗുജറാത്തിന് മനസിലായി. ഒരു ബാറ്റ്‌സ്മാന്‍ അവസാന ഓവര്‍വരെ ബാറ്റ് ചെയ്യുമ്പോള്‍ അവന് മത്സരം പൂര്‍ത്തിയാക്കാനും സാധിക്കണം. അവസാനംവരെ പിടിച്ചുനിന്നിട്ട് വിക്കറ്റ് നഷ്ടപ്പെടുത്താതെ എംഎസ് ധോണിയെ ശുബ്മാന്‍ മാതൃകയാക്കേണ്ടതാണ്.

സായ് സുദര്‍ശനും ഡേവിഡ് മില്ലറും വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെട്ടതാണ് അവസാന ഓവറിലേക്ക് മത്സരം നീളാന്‍ കാരണം'- മഞ്ജരേക്കര്‍ പറഞ്ഞു. ശുബ്മാന്‍ ഗില്‍ ഓപ്പണറാണ്. അവസാന ഓവര്‍വരെ ആംഗര്‍ റോളില്‍ കളിച്ച ഗില്‍ 136.73 എന്ന മോശമല്ലാത്ത സ്‌ട്രൈക്കറേറ്റിലും കളിച്ചു. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ (11 പന്തില്‍ 8) ടെസ്റ്റ് ബാറ്റിങ് കാഴ്ചവെച്ചാണ് പുറത്തായത്.
വമ്പനടിക്കാരനായ ഡേവിഡ് മില്ലറെ (18 പന്തില്‍ 17*) വലിയ ഷോട്ടുകള്‍ കളിപ്പിക്കാതെ പൂട്ടാനും പഞ്ചാബിനായി. രാഹുല്‍ തെവാത്തിയയുടെ ബൗണ്ടറി ഇല്ലായിരുന്നെങ്കില്‍ ഗുജറാത്ത് മത്സരം തോല്‍ക്കാനും സാധ്യത കൂടുതലായിരുന്നു. മധ്യ ഓവറുകളില്‍ ഗുജറാത്തിന് പ്രതീക്ഷക്കൊത്ത് റണ്‍സുയര്‍ത്താനാവുന്നില്ല. മത്സരശേഷം നായകന്‍ ഹര്‍ദിക് പാണ്ഡ്യ പോലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
ഹര്‍ദിക് പാണ്ഡ്യയുടെ മോശം ഫോമാണ് ഗുജറാത്തിന്റെ വലിയ തലവേദന. ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 21 റണ്‍സാണ് ആകെ ഹര്‍ദിക് നേടിയത്. ഒരു വിക്കറ്റ് പോലും നേടാനായില്ല. ഡേവിഡ് മില്ലറുടെയും രാഹുല്‍ തെവാത്തിയയുടെയും ഫിനിഷിങ് മികവ് ഗുജറാത്തിന്റെ കുതിപ്പിന് വലിയ ഊര്‍ജം നല്‍കുന്നുണ്ട്. ഓപ്പണിങ്ങില്‍ വൃദ്ധിമാന്‍ സാഹ അതിവേഗം റണ്‍സുയര്‍ത്തു.
എന്നാല്‍ മുന്നോട്ട് പോകുമ്പോള്‍ ഗുജറാത്തിന് അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കേണ്ടതായുണ്ട്. നായകന്‍ ഹര്‍ദിക് പാണ്ഡ്യയും മൂന്നാമന്‍ സായ് സുദര്‍ശനും സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്. നിലവില്‍ മിക്ക മത്സരങ്ങളും അവസാന ഓവറിലാണ് ജയിക്കുന്നത്. ലാസ്റ്റ് ഓവര്‍ ത്രില്ലറിലേക്ക് മത്സരങ്ങള്‍ നീങ്ങുന്നതിനാല്‍ത്തന്നെ ഗുജറാത്ത് മെച്ചപ്പെടാത്ത പക്ഷം മുന്നോട്ടുള്ള യാത്ര ദുഷ്‌കരം.

ശുബ്മാന്‍ ഗില്ലില്‍ നിന്ന് വലിയ പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. 'ശുബ്മാന്‍ വളരെ ചെറുപ്പമാണ്. എന്നാല്‍ ഇതിനോടകം തന്റെ പ്രതിഭകാട്ടാന്‍ അവനായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതീക്ഷകളുമേറെ. എംഎസ് ധോണി, വിരാട് കോലി എന്നിവര്‍ ക്രീസില്‍ നിന്ന് കളിജയിപ്പിക്കുന്നതുപോലെ ശുബ്മാനില്‍ നിന്നും പ്രതീക്ഷിക്കുന്നു.
ധോണി തന്റെ കരിയര്‍ മുഴുവനായും ഡെത്ത് ഓവറിലേക്കായി മാറ്റിവെച്ചിരുന്നു. ശുബ്മാന് അവസാന ഓവറുകളില്‍ മത്സരം ജയിപ്പിക്കാനുള്ള അവസരം അധികം ലഭിച്ചിട്ടില്ല. അവന്‍ പുറത്താവാതെ നിന്ന് ജയിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികച്ചതായി അത് മാറുമായിരുന്നു'- സഞ്ജയ് കൂട്ടിച്ചേര്‍ത്തു.