അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലൂടെ സൂപ്പര്‍ താര പരിവേഷത്തിലേക്കെത്തിയിരിക്കുകയാണ് ശുബ്മാന്‍ ഗില്‍. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണര്‍ അടുത്ത വിരാട് കോലിയെന്നും ഇതിഹാസമെന്നുമെല്ലാം ഇതിനോടകം പേരെടുത്ത് കഴിഞ്ഞു. അണ്ടര്‍ 19 ക്രിക്കറ്റില്‍ പൃഥ്വി ഷാക്ക് കീഴില്‍ കളിച്ച ശുബ്മാന്‍ ഗില്‍ ഇന്ത്യയുടെ അടുത്ത വലിയ പ്രതീക്ഷയായി ഇതിനോടകം മാറിക്കഴിഞ്ഞു.
എന്നാല്‍ അന്ന് ശുബ്മാന്‍ ഗില്‍ അണ്ടര്‍ 19 ലോകകപ്പ് കളിച്ച ടീമിന്റെ നായകനായ പൃഥ്വി ഷാ ഇന്ന് ഇന്ത്യന്‍ ടീമില്‍ പോലുമില്ല. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് ചൂടിച്ച നായകനായ പൃഥ്വിയാണ് ആദ്യം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചതും. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ പൃഥ്വി ഷാ പിന്നീട് ഉത്തേജക പരിശോധനയില്‍ പരാജയപ്പെടുകയും ഇന്ത്യന്‍ ടീമില്‍ നിന്നടക്കം തഴയപ്പെടുകയും ചെയ്തു.

എന്നാല്‍ അല്‍പ്പം വൈകിയാണ് ശുബ്മാന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനമെങ്കിലും ടീമില്‍ എത്തിയ ശേഷം മൂന്ന് ഫോര്‍മാറ്റിലും സ്ഥിര ഓപ്പണറെന്ന നിലയിലേക്ക് വളരാന്‍ ഗില്ലിന് സാധിച്ചു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെയും പ്രധാന താരമാണ് ഗില്‍. ഇപ്പോഴിതാ പൃഥ്വി ഷാ കരിയറില്‍ തളരാനും ശുബ്മാന്‍ ഗില്‍ കരിയറില്‍ വളരാനുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ശുബ്മാന്‍ ഗില്ലിന്റെ പരിശീലകനായ കര്‍സന്‍ ഗാര്‍വി.
'2018ലെ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ചവരാണ് ശുബ്മാന്‍ ഗില്ലും പൃഥ്വി ഷായും. ഇപ്പോള്‍ പൃഥ്വിയുടെയും ഗില്ലിന്റെയും സ്ഥാനം എവിടെയാണെന്ന് എല്ലാവര്‍ക്കുമറിയാം. രണ്ട് പേരും രണ്ട് വിഭാഗത്തിലാണ്. പൃഥ്വിയുടെ ചിന്ത അവനൊരു സൂപ്പര്‍ സ്റ്റാറാണെന്നാണ്. ആര്‍ക്കും അവനെ തൊടാനാവില്ലെന്ന ധാരണയാണ് അവനുള്ളത്.
എന്നാല്‍ ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണെന്ന് അവന്‍ മനസിലാക്കേണ്ടതായുണ്ട്. ഏത് ഫോര്‍മാറ്റായാലും ആഭ്യന്തര ക്രിക്കറ്റായാലും ബഹുമാനിക്കണം. ഒരു പന്തില്‍ വിക്കറ്റ് നഷ്ടമാവുമെന്ന് മനസിലാക്കണം'- ഗാര്‍വി പറഞ്ഞു. വെടിക്കെട്ട് ബാറ്റ്‌സ്മാനായ പൃഥ്വി ഷായെ വീരേന്ദര്‍ സെവാഗിനോടാണ് താരതമ്യം ചെയ്യപ്പെട്ടത്. സെവാഗിനെപ്പോലെ ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ കഴിവുള്ളവനാണ് പൃഥ്വിയെന്നൊക്കെയാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
എന്നാല്‍ പൃഥ്വിക്ക് കരിയറില്‍ പ്രതീക്ഷിച്ച നിലയിലേക്ക് വളരാനായില്ല. തുടക്കത്തിലേ പ്രകടനം ആവര്‍ത്തിക്കുന്നതില്‍ പൃഥ്വി പരാജയപ്പെട്ടു. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷത്തോളം വിലക്ക് നേരിട്ടതാണ് പൃഥ്വിക്ക് തിരിച്ചടിയായി മാറിയത്. ഇതോടെ ഇന്ത്യന്‍ ടീമിലെ താരത്തിന്റെ കരിയറിനെയും അത് കാര്യമായി ബാധിച്ചു. മോശം ഫോമും വേട്ടയാടിയതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള പൃഥ്വിയുടെ വഴിയടഞ്ഞു.

ഇത്തവണത്തെ ആഭ്യന്തര ക്രിക്കറ്റില്‍ പൃഥ്വി മികവ് കാട്ടിയിരുന്നുവെങ്കിലും ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണറായ പൃഥ്വിക്ക് ഒരു ഫിഫ്റ്റി മാത്രമാണ് നേടാനായത്. ആദ്യ മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പായതോടെ പൃഥ്വിയെ ഡല്‍ഹി പ്ലേയിങ് 11 നിന്ന് പോലും തഴഞ്ഞിരുന്നു. അടുത്ത സീസണില്‍ ഡല്‍ഹി പൃഥ്വിയെ ഒഴിവാക്കാനും സാധ്യതകളേറെയാണ്.
എന്നാല്‍ ഗില്ലിന്റെ പ്രകടനം ഓരോ മത്സരങ്ങള്‍ക്ക് ശേഷവും മെച്ചപ്പെടുകയാണ്. ഈ സീസണിലെ ഐപിഎല്ലില്‍ 16 മത്സരത്തില്‍ നിന്ന് 851 റണ്‍സാണ് ഗില്ല് നേടിയത്. മൂന്ന് സെഞ്ച്വറിയും നാല് ഫിഫ്റ്റിയും സീസണില്‍ ഗില്‍ നേടി. വിരാട് കോലിക്ക് ശേഷം ഐപിഎല്ലിന്റെ ഒരു സീസണില്‍ 800ലധികം റണ്‍സ് നേടുന്ന ആദ്യത്തെ താരമാണ് ശുബ്മാന്‍ ഗില്‍.
ഇതിനോടകം ഇന്ത്യക്കായി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയും നേടാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കെ ഗില്ലിന്റെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ഇന്ത്യയുടെ അടുത്ത ഇതിഹാസമായി ഗില്‍ വളരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് തന്നെ പറയാം.