ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം റുതുരാജ് ഗെയ്ക്വാദല്ല, താന്‍ തന്നെയാണെന്നു വമ്പന്‍ റെക്കോര്‍ഡുമായി തെളിയിച്ചിരിക്കുയാണ് പ്രിന്‍സെന്നു വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മന്‍ ഗില്‍. ഐപിഎല്ലിലെ ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് ഇനി വരാനിരിക്കുന്നതു തന്റെ നാളുകളാണെന്നു ഗില്‍ ലോകത്തിനു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ റണ്‍മെഷീനായി മാറിയ ഗില്‍ ഫൈനലിനു മുമ്പ് തന്നെ ഓറഞ്ച് ക്യാപ്പ് തന്റെ പേരില്‍ ഭദ്രമാക്കിയിരുന്നു. ഓറഞ്ച് ക്യാപ്പിനു അവകാശിയായതോടെയാണ് ശുഭ്മന്‍ ഗില്‍ വമ്പന്‍ റെക്കോര്‍ഡും കുറിച്ചത്. ഓറഞ്ച് ക്യാപ്പ് കൈക്കലാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. 23 വയസും 263 ദിവസവും പ്രായമുള്ളപ്പോഴാണ് ഗില്‍ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് കരസ്ഥമാക്കിയിരിക്കുന്നത്.

നേരത്തേ ഈ റെക്കോര്‍ഡ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവതാരം റുതുരാജ് ഗെയ്ക്വാദിന്റെ പേരിലായിരുന്നു. 2021ല്‍ 24 വയസും 257 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരം ഈ നേട്ടം കുറിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഗില്‍ ഇതു പഴങ്കഥയാക്കിയിരിക്കുകയാണ്. ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷാണ്. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പം (കിങ്‌സ് ഇലവന്‍ പഞ്ചാബ്) റണ്‍സ് വാരിക്കൂട്ടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയപ്പോള്‍ 24 വയസും 328 ദിവസവും പ്രായം താരത്തിനുണ്ടായിരുന്നു.
മാര്‍ഷിന പിന്നില്‍ നാലാംസ്ഥാനത്തു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയാണ്. 27 വയസ്സും 206 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു 2016ല്‍ അദ്ദേഹം ഓറഞ്ച് ക്യാപ്പ് ചൂടിയത്. അഞ്ചാംസ്ഥാനത്തു ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണാണ്. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഓറഞ്ച് ക്യാപ്പ് നേടുമ്പോള്‍ 27 വയസ്സും 292 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
ശുഭ്മന്‍ ഗില്ലിന്റെ ഈ സീസണിലെ പ്രകടനത്തിലേക്കു വന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഓപ്പണിങില്‍ അവിശ്വസനീയ ബാറ്റിങാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 16 മല്‍സരങ്ങളില്‍ നിന്നും 60.78 ശരാശരിയില്‍ 156.43 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം അടിച്ചെടുത്തത് 851 റണ്‍സാണ്. മൂന്നു കിടിലന്‍ സെഞ്ച്വറികളും നാലു ഫിഫ്റ്റികളുമടക്കമാണിത്.

ഉയര്‍ന്ന സ്‌കോര്‍ മുംബൈ ഇന്ത്യന്‍സുമായുള്ള രണ്ടാം ക്വാളിഫയറില്‍ നേടിയ 129 റണ്‍സാണ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഒരു സീസണിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ട കൂടിയാണിത്. രണ്ടാം ക്വാളിഫയറില്‍ മുംബൈയ്‌ക്കെതിരേ സെഞ്ച്വറി നേടിയപ്പോള്‍ തന്നെ ശുഭ്മന്‍ ഗില്‍ ഓറഞ്ച് ക്യാപ്പ് തന്റെ പേരില്‍ ഭദ്രമാക്കിയിരുന്നു.
കാരണം റണ്‍വേട്ടയില്‍ നിലവില്‍ ഫൈനലില്‍ കളിക്കുന്ന ആരും തന്നെ ഗില്ലിനു അരകികില്‍ ഇല്ല. 14 മല്‍സരങ്ങളില്‍ നിന്നും എട്ടു ഫിഫ്റ്റികളോടെ 730 റണ്‍സുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനും സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരവുമായ ഫാഫ് ഡുപ്ലെസിയാണ് ഗില്ലിനു പിറകില്‍ രണ്ടാംസ്ഥാനത്ത്. മൂന്നാമത് ആര്‍സിബിയുടെ തന്നെ മറ്റൊരു സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയാണ്. 14 മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറിയും ആറു ഫിഫ്റ്റികളുമടക്കം 639 റണ്‍സ് അദ്ദേഹം സ്‌കോര്‍ തെയ്തിട്ടുണ്ട്.
അതേസമയം, 2021ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലാം കിരീട വിജയത്തിലേക്കു നയിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു റുതുരാജ് ഗെയ്ക്വാദ്. ഓറഞ്ച് ക്യാപ്പിനു വേണ്ടി അന്നു തന്റെ ഓപ്പണിങ് പങ്കാളി കൂടിയായ ഫാഫ് ഡുപ്ലെസിയുമായി പൊരിഞ്ഞ പോരാട്ടമാണ് റുതുരാജ് നടത്തിയത്. ഒടുവില്‍ ഫൈനലില്‍ വെറും രണ്ടു റണ്‍സിന്റെ വ്യത്യാസത്തില്‍ ഡുപ്ലെസിയെ റുതുരാജ് മറികടക്കുകയായിരുന്നു.
16 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കം 635 റണ്‍സ് റുതുരാജ് നേടിയിരുന്നു. ഇത്രയും കളിയില്‍ നിന്നും 633 റണ്‍സോടെ ഡുപ്ലെസി തൊട്ടു താഴെയെത്തി. ആറു ഫിഫ്റ്റികളാണ് സീസണില്‍ അദ്ദേഹം നേടിയത്. 13 കളിയില്‍ നിന്നും 626 റണ്‍സോടെ പഞ്ചാബ്കിങ്‌സിന്റെ മുന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയും ചെയ്തു.