ഐപിഎല്ലില്‍ നിന്നും ഒരിക്കല്‍ക്കൂടി പ്ലേഓഫ് കാണാതെ പുറത്താവുകയെന്ന നാണക്കേടിന് അരികിലാണ് പഞ്ചാബ് കിങ്‌സ്. രാജസ്ഥാന്‍ റോയല്‍സുമായുള്ള അവസാനത്തെ മല്‍സരം കഴിയുന്നതോടെ പഞ്ചാബിന്റെ വിധി കുറിക്കപ്പെടുകയും ചെയ്യും. ഈ മല്‍സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാലും പഞ്ചാബിനു പ്ലേഓഫില്‍ സ്ഥാനമുറപ്പില്ല.
മറ്റു മല്‍സഫലങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും പഞ്ചാബിന്റെ ഭാവി. ശക്തമായ ടീമിനെയായിരുന്നു ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനു ലഭിച്ചത്. പക്ഷെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ടീമിനെ മികച്ച രീതിയില്‍ നയിക്കുന്നതില്‍ പരാജയപ്പെട്ടു. ക്യാപ്റ്റനെന്ന നിലയില്‍ പല അബദ്ധങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഇതാണ് പഞ്ചാബിനെ ഇപ്പോള്‍ പുറത്താവലിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.

ഇനിയൊരു സീസണ്‍ കൂടി ശിഖര്‍ ധവാനെ പഞ്ചാബിന്റെ നായകസ്ഥാനത്തു നിലനിര്‍ത്താനുള്ള സാധ്യത തീരെ കുറവാണ്. ഈ സീസണിനു ശേഷം അദ്ദേഹത്തെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയേക്കും. അടുത്ത സീസണില്‍ പുതിയൊരു നായകനു കീഴില്‍ പഞ്ചാബ് ഇറങ്ങാന്‍ സാധ്യത കൂടൂതലാണ്. ആരായിരിക്കും അടുത്ത സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരിക. സാധ്യത പരിശോധിക്കാം.
ഇംഗ്ലണ്ടിന്റെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനാണ് പഞ്ചാബ് കിങ്‌സിന്റെ പുതിയ നായകനാവാന്‍ ഏറ്റവുമധികം സാധ്യത. ഈ സീസണില്‍ തോളിന്റെ പരിക്കു കാരണം ശിഖര്‍ ധവാന് കുറച്ചു മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. തുടര്‍ന്നു കറെനായിരുന്നു താല്‍ക്കാലിക ക്യാപ്റ്റനായത്. നായകനെന്ന നിലയില്‍ മികച്ച പ്രകടനവും അദ്ദേഹം കാഴ്ചവച്ചിരുന്നു. പിന്നീട് ധവാന്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയതോടെ കറെന്‍ വഴി മാറിക്കൊടുക്കുകയായിരുന്നു.
അതിനു ശേഷം പഞ്ചാബ് ചില തോല്‍വികളേറ്റു വാങ്ങുകയായിരുന്നു. തുടര്‍ന്നു സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകര്‍ ധവാനേക്കാള്‍ മികച്ച ക്യാപ്റ്റന്‍ കറെനാണെന്നു പ്രശംസിക്കുകയും ചെയ്തിരുന്നു, അതുകൊണ്ടു തന്നെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരം കൂടിയായ കറെന്‍ അടുത്ത സീസണില്‍ സ്ഥിരം നായകനായി നിയമിക്കപ്പട്ടാല്‍ അദ്ഭുതപ്പെടാനില്ല.

യുവ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങാണ് പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിക്കാനിടയുള്ള മറ്റൊരു താരം. നിലവില്‍ നായരകനെന്ന നിലയില്‍ അനുഭവസമ്പത്ത് തീരെ കുറവാണന്നത് പോരായ്മയാണെങ്കിലും ടീമിലെ സീനിയര്‍ കളിക്കാരുടെ സാന്നിധ്യം അര്‍ഷ്ദീപിനെ സഹായിക്കും. ഇതിനകം നിരവധി അനുഭവ സമ്പത്തുള്ള സീനിയര്‍ കളിക്കാരെ ക്യാപ്റ്റനായി പഞ്ചാബ് പരീക്ഷിച്ചു കഴിഞ്ഞു.
പക്ഷെ ഇവര്‍ക്കൊന്നും പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ ഇനിയൊരു യുവതാരത്തെ പരീക്ഷിച്ചു നോക്കുന്നതില്‍ തെറ്റുമില്ല. പഞ്ചാബിനൊപ്പം കരിയര്‍ ആരംഭിച്ച താരം കൂടിയാണ് അര്‍ഷ്ദീപ്. അതുകൊണ്ടു തന്നെ ഫ്രാഞ്ചൈസിയെക്കുറിച്ച് എല്ലാ കാര്യങ്ങളും താരത്തിനു നന്നായി അറിയുകയും ചെയ്യാം. ഇതു ക്യാപ്റ്റന്‍സിയില്‍ അര്‍ഷ്ദീപിനു മുതല്‍ക്കൂട്ടാവുകയും ചെയ്യും.
പാകിസ്താന്‍ വംശജനായ സിംബാബ്‌വെ ഓള്‍റൗണ്ടര്‍ സിക്കന്തര്‍ റസ്സയാണ് പഞ്ചാബ് കിങ്‌സിന്റെ പുതിയ നായകനായി വരാന്‍സാധ്യതയുള്ള മറ്റൊരു താരം. നിലവില്‍ ടി20യില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അണ്ടര്‍ റേറ്റഡ് ആയിട്ടുള്ള താരങ്ങളിലൊരാളാണ് റസ്സ. മധ്യനിരയില്‍ ബാറ്റിങില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കുന്നതിനൊപ്പം ബൗളിങിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കും.
ഈ സീസണില്‍ പഞ്ചാബിനായി എല്ലാ മല്‍സരങ്ങളിലും റസ്സ കളിച്ചിട്ടില്ല. ചുരുക്കം മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിട്ടുള്ളൂ. ഇവയില്‍ ചില മിന്നുന്ന പ്രകടനങ്ങള്‍ റസ്സ കാഴ്്ച വയ്ക്കുകയും ചെയ്തിരുന്നു.