മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ശോഭിക്കുകയാണ് ശിഖര്‍ ധവാന്‍. ഓപ്പണറായി ഇറങ്ങി സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ ധവാന് സാധിക്കുന്നു. മൂന്ന് മത്സരത്തില്‍ നിന്ന് 225 റണ്‍സാണ് ധവാന്‍ നേടിയത്. നിലവില്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് അദ്ദേഹം.
ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുമ്പോഴും ചിരിക്കുന്ന മുഖവുമായി കളത്തിലെ വേട്ടക്കാരനായി ധവാന്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇപ്പോഴിതാ ധവാന്‍ ലൗ അറ്റ് ഫസ്റ്റ് സൈറ്റിനെക്കുറിച്ച് നടത്തിയ തുറന്ന് പറച്ചിലിന്റെ ഒളി ക്യാമറ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ എല്ലാവരുടെയും ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.

ഇത് ധവാന്‍ അറിഞ്ഞുകൊണ്ട് പറയുന്നതാണോ അതോ മറ്റെന്തെങ്കിലും പരസ്യ ചിത്രങ്ങളുടെ ഭാഗമാണോയെന്നത് ഇനിയും വ്യക്തമാവേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ വീഡിയോയിലെ ധവാന്റെ സംഭാഷണത്തില്‍ നിന്ന് അടുത്ത സുഹൃത്തിനോടാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് വ്യക്തം. 'അവളെ കണ്ടപ്പോള്‍ ഞാന്‍ നോക്കി നിന്നു. അവളെ കേട്ടപ്പോള്‍ ഞാന്‍ കേട്ടുകൊണ്ടേയിരുന്നു' എന്നാണ് ധവാന്‍ തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്.
ശിഖര്‍ ധവാന്‍ പ്രണയിച്ചു വിവാഹം കഴിച്ചയാളാണ്. തന്നെക്കാള്‍ 12 വയസ് മുതിര്‍ന്ന ആയിഷ മുഖര്‍ജിയെയാണ് ധവാന്‍ വിവാഹം ചെയ്തത്. ഇപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞിരിക്കുകയാണ്. ധവാനെ വിവാഹം കഴിക്കുമ്പോള്‍ ആയിഷക്ക് രണ്ട് മക്കളുണ്ടായിരുന്നു. ധവാനും ആയിഷയില്‍ കുട്ടികളുണ്ട്. സന്തോഷം നിറഞ്ഞ ജീവിതമെന്ന് എല്ലാവരും കരുതിയിടത്തുനിന്നാണ് ഇപ്പോള്‍ ധവാന്‍ വിവാഹ മോചനത്തിലേക്കെത്തിയത്.

കഴിഞ്ഞിടെ ദാമ്പത്യത്തകര്‍ച്ചയെക്കുറിച്ച് ധവാന്‍ തുറന്ന് പറഞ്ഞിരുന്നു. പ്രണയ ബന്ധത്തിലേക്ക് പോകുന്ന ഉടനെ വിവാഹത്തിലേക്ക് കടക്കരുതെന്നും രണ്ട് വര്‍ഷമെങ്കിലും പ്രണയിച്ച് എല്ലാ സാഹചര്യങ്ങളും മനസിലാക്കി മാത്രം വിവാഹം കഴിക്കണമെന്നാണ് ധവാന്‍ പറഞ്ഞത്. വിവാഹക്കാര്യത്തില്‍ തിടുക്കം കാട്ടരുതെന്നും വളരെ ആലോചിച്ച് എടുക്കേണ്ട തീരുമാനമാണിതെന്നും ധവാന്‍ പറഞ്ഞു.
വിവാഹത്തിലേക്ക് പോകുന്നതിന് മുമ്പ് പങ്കാളിയോടൊപ്പമുള്ള ജീവിതം ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടോയെന്നത് മനസിലാക്കണം. വൈകാരികമായ തീരുമാനങ്ങള്‍ വിവാഹത്തിന്റെ കാര്യത്തില്‍ എടുക്കരുത്. എങ്ങനെയുള്ള കുട്ടിയാണ് ജീവിതത്തിലേക്ക് വരേണ്ടതെന്നത് സംബന്ധിച്ച് നമുക്ക് വ്യക്തമായ ധാരണ വേണം. അതിനനുസരിച്ചുള്ളയാളെയാവണം തിരഞ്ഞെടുക്കേണ്ടത്. ഇപ്പോള്‍ എനിക്ക് എങ്ങനെയുള്ള പെണ്‍കുട്ടിയാണ് ചേരുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ധവാന്‍ പറഞ്ഞിരുന്നു.
ധവാന്‍ തന്റെ കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിരുന്ന വ്യക്തിയാണ്. 2012ലാണ് ഇരുവരും വിവാഹിതരായത്. ധവാന്റെ ഐപിഎല്‍ മത്സരങ്ങള്‍ കാണാനും പ്രോത്സാഹിപ്പിക്കാനും ആയിഷ മൈതാനത്തിലെത്താറുണ്ടായിരുന്നു. എന്നാല്‍ ഇരുവരും വേര്‍പിരിയാനുള്ള ശരിയായ കാരണമെന്തെന്ന് വ്യക്തമല്ല. എന്തായാലും ധവാനെ മാനസികമായി ഇത് തളര്‍ത്തുന്നുണ്ട്.

37കാരനായ ധവാന്‍ കരിയറിലെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യന്‍ ടീമിന് പുറത്തുള്ള ധവാന്‍ ഇപ്പോള്‍ ഐപിഎല്ലിലൂടെ ശക്തമായ പ്രകടനം നടത്തി തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ഭാര്യയുമായുള്ള വിവാഹ മോചനം, തന്റെ പ്രിയപ്പെട്ട കുട്ടികളില്‍ നിന്ന് അകന്നു നില്‍ക്കുന്ന വേദന, അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിന് പുറത്ത്. ഈ പ്രയാസങ്ങള്‍ക്കിടയിലും ധവാന്‍ ഐപിഎല്ലില്‍ കസറുന്നു.
ആദ്യ രണ്ട് മത്സരത്തില്‍ പഞ്ചാബിനെ വിജയത്തിലേക്കെത്തിക്കാനും ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കാനും ധവാന് സാധിക്കുന്നുണ്ട്. ഇത്രയും പ്രശ്‌നങ്ങള്‍ക്കിടെയിലും പതറാതെ കളിക്കുന്നുവെന്നതാണ് ധവാനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇന്ത്യക്കായി ഏകദിന ലോകകപ്പ് കളിച്ച് വിരമിക്കണമെന്നതാണ് ധവാന്റെ സ്വപ്നം. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഐപിഎല്ലില്‍ മികവ് കാട്ടി ദേശീയ ടീമിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷ ധവാനുണ്ട്.