ഈ സീസണിലെ ഐപിഎല്ലില്‍ ഗംഭീരമായ തുടങ്ങിയ ശേഷം രണ്ടാംപകുതിയില്‍ കാലിടറുകയും ഇപ്പോള്‍ പ്ലേഓഫ് കാണാതെ പുറത്താവുമോയെന്ന ആശങ്കയില്‍ നില്‍ക്കുകയാണ് രാജസ്ഥാന്‍ റോയയല്‍സ്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ കൂടിയായ റോയല്‍സിന്റെ ഈ വീഴ്ച ശരിക്കും ഞെട്ടിക്കുന്നതു തന്നെയാണെന്നും എവിടെയാവാം ടീമിനു പിഴവ് പറ്റിയതെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അവരുടെ മുന്‍ താരവും ഓസ്ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സന്‍.
നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ പരിശീലകസംഘത്തിന്റെ ഭാഗം കൂടിയാണ് അദ്ദേഹം. സീസണിന്റെ ആദ്യകുതിയിലെ ഏഴു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ വിജയിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനായിരുന്നു. കൂടാതെ ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ പോയിന്റ് പട്ടികയിലും അവര്‍ തലപ്പത്തുണ്ടായിരുന്നു. പക്ഷെ സീസണിന്റെ രണ്ടാംപകുതിയില്‍ റോയല്‍സിനു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരുന്നു.

ഏഴു കളികളില്‍ മൂന്നെണ്ണം മാത്രമേ അവര്‍ക്കു വിജയിക്കാനായുള്ളൂ. കഴിഞ്ഞ ദിവസം നടന്ന നിര്‍ണായകമായ അവസാന മാച്ചില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ റോയല്‍സ് അഞ്ചാംസ്ഥാനത്താണ്. ശേഷിച്ച മല്‍സര ഫലങ്ങള്‍ കൂടി പുറത്തു വരുന്നതോടെ മാത്രമേ റോയല്‍സിന്റെ വിധി അറിയാന്‍ സാധിക്കുകയുള്ളൂ.
ദി ഗ്രേഡ് ക്രിക്കറ്റര്‍ (The Grade Cricketer) പോഡ്കാസ്റ്റില്‍ സംസാരിക്കവെയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിലെ വീഴ്ചയെക്കുറിച്ച് ഷെയ്ന്‍ വാട്‌സന്‍ സംസാരിച്ചത്. ആദ്യത്തെ നാല്-അഞ്ച് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രാജസ്ഥാന്‍ ഫൈനലിലുണ്ടാവുമെന്നു ഞാന്‍ ഉറപ്പിച്ചിരുന്നു. മികവുറ്റ സ്പിന്നര്‍മാരും, മികച്ച പേസര്‍മാരും കൂടാതെ യശസ്വി ജയ്‌സ്വാളിന്റെ മികച്ച ഫോമുമെല്ലാം അവര്‍ക്കു കരുത്തേകിയിരുന്നു.
അടിസ്ഥാനപരമായ എല്ലാ ഏരിയകളും കവര്‍ ചെയ്ത റോയല്‍സിനു വീക്ക്‌നെസുകളൊന്നും കണ്ടിരുന്നില്ല. പക്ഷെ ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ വച്ച് അവര്‍ മുകളില്‍ നിന്നും താഴേക്കു പതിക്കുന്നതു കണ്ടപ്പോള്‍ തനിക്കു വലിയ നിരാശയാണ് തോന്നിയതെന്നും ഷെയ്ന്‍ വാട്‌സന്‍ വ്യക്തമാക്കി.

എന്റെ അനുഭവത്തില്‍ വര്‍ഷങ്ങളായി ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് വളരെ നന്നായി തുടങ്ങുന്നവരാണ്. പക്ഷെ പിന്നീട് അവര്‍ ടീമില്‍ നിരന്തരം അഴിച്ചുപണികളും മാറ്റങ്ങളും വരുത്തി പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കും. ഇതാണ് റോയല്‍സിന്റെ താളം തെറ്റിക്കാറുള്ളത്. ഈ സീസണിലും സംഭവിച്ചത് ഇതു തന്നെയാണ്. റോയല്‍സിന്റെ ഒരേയൊരു പ്രശ്‌നമായി എനിക്കു തോന്നിയിട്ടുള്ളതും ഇക്കാര്യമാണ്. പ്രത്യേകിച്ചും ഈ വര്‍ഷം വളരെ മികച്ചച്ചൊരു ടീമായിരുന്നു റോയല്‍സിനു ലഭിച്ചതെന്നും ഷെയ്ന്‍ വാട്‌സന്‍ വിലയിരുത്തി.
അതേസമയം, ഈ സീസണില്‍ പ്ലേഓഫ് ബെര്‍ത്തിനു വേണ്ടി പൊരുതുന്ന മറ്റൊരു ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്ലേഓഫിലെത്തുകയാണെങ്കില്‍ നേരിടാന്‍ പോവുന്ന ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ചും മുന്‍ ആര്‍സിബി താരമായ വാട്‌സന്‍ ചൂണ്ടിക്കാട്ടി. ടോപ്പ് ത്രീയെ (ഫഫ് ഡുപ്ലെസി, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍) അമിതമായി ആശ്രയിക്കുന്ന ടീമാണ് ആര്‍സിബി.
ഈ മൂന്നു പേര്‍ പരാജയപ്പെടുമ്പോഴായിരിക്കും ആര്‍സിബി ഏറ്റവുമധികം പതറുന്നത്. അവരുടെ ബൗളിങ് നിര മികച്ചതാണ്. പക്ഷെ അത്ര ശക്തവുമില്ല. പ്ലേഓഫ് മല്‍സരങ്ങള്‍ നടക്കാനിരിക്കുന്നത് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ്. ബൗളിങില്‍ ഇംപാക്ടുണ്ടാക്കാന്‍ യുസ്വേന്ദ്ര ചഹല്‍ പോലും ഇപ്പോള്‍ ആര്‍സിബിക്കില്ലെന്നും ഷെയ്ന്‍ വാട്‌സന്‍ വ്യക്തമാക്കി.