കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ പ്ലേ ഓഫ് പോരാട്ടം ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണയും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ കുതിപ്പ് കാണാനാവുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഒട്ടുമിക്ക പ്രമുഖ ടീമുകളും മികവ് കാട്ടുമ്പോള്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും പ്രതീക്ഷക്കൊത്ത് ഉയരാത്തത് നിരാശയുണ്ടാക്കുന്നു.
ഈ സീസണില്‍ പല യുവതാരങ്ങളും മികവ് കാട്ടി വളര്‍ന്നുവരുന്നത് പ്രതീക്ഷ നല്‍കുന്നു. കൂടാതെ അപ്രതീക്ഷിതമായി ചില താരങ്ങള്‍ കൈയടി നേടുന്നതും ഈ സീസണിലെ ആവേശകരമായ കാഴ്ചയാണ്. എന്നാല്‍ ആരാധകര്‍ വലിയ പ്രതീക്ഷവെക്കുകയും മികച്ച രീതിയില്‍ തുടങ്ങുകയും ചെയ്ത താരങ്ങള്‍ ടൂര്‍ണമെന്റ് മുന്നോട്ട് പോകുമ്പോള്‍ സ്ഥിരതയില്ലാതെ നിരാശപ്പെടുത്തുന്നു.

ഇത്തരത്തില്‍ സ്ഥിരത കണ്ടെത്താനാവാതെ പ്രയാസപ്പെടുന്ന പ്രധാനപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണ് ഇതില്‍ പ്രധാനപ്പെട്ട താരം. സഞ്ജുവിന്റെ സ്ഥിരത എല്ലാ സീസണിലും വലിയ ചര്‍ച്ചാ വിഷയമാണ്. താരത്തിന്റെ പ്രധാന ദൗര്‍ബല്യം ഈ സ്ഥിരതയില്ലായ്മയാണെന്ന് പറയാം. ഫിഫ്റ്റിയോടെയാണ് സഞ്ജു ഈ സീസണില്‍ തുടങ്ങിയത്.
പിന്നീട് രണ്ട് ഡക്കടക്കം താരത്തിന് നേരിടേണ്ടി വന്നു. 55, 42, 0, 0, 60, 2 എന്നിങ്ങനെയാണ് ആറ് മത്സരം പിന്നിട്ടപ്പോള്‍ സഞ്ജുവിന്റെ സ്‌കോര്‍. ഇതില്‍ നിന്ന് തന്നെ താരത്തിന്റെ സ്ഥിരത വ്യക്തം. എട്ട് മത്സരം പൂര്‍ത്തിയാവുമ്പോള്‍ 198 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 24.75 ശരാശരിയാണുള്ളത്. എന്നാല്‍ 151.44 സ്‌ട്രൈക്കറേറ്റുണ്ട്. രാജസ്ഥാനെ മികച്ച നിലയില്‍ നയിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്.
എന്നാല്‍ സ്വന്തം ബാറ്റിങ്ങില്‍ സ്ഥിരത കണ്ടെത്താനാവുന്നില്ല. ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിന് തിരിച്ചുവരാന്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം വേണമെന്നിരിക്കെ സ്ഥിരത കണ്ടെത്താനാവാതെ നിരാശപ്പെടുത്തുകയാണെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. മറ്റൊരു താരം മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവാണ്. ഏഴ് മത്സരത്തില്‍ നിന്ന് 146 റണ്‍സാണ് സീസണില്‍ സൂര്യകുമാറിന് നേടാനായത്.
ശരാശരി 20.86 മാത്രം. 171.76 സ്‌ട്രൈക്കറേറ്റുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കാന്‍ താരത്തിനാവുന്നില്ല. ഒരു ഫിഫ്റ്റി മാത്രമാണ് സൂര്യക്ക് ഈ സീസണില്‍ നേടാനായത്. ആന്‍ഡ്രേ റസലാണ് നിരാശപ്പെടുത്തുന്ന മറ്റൊരു താരം. ഒമ്പത് മത്സരത്തില്‍ നിന്ന് 142 റണ്‍സാണ് റസലിന് ഈ സീസണില്‍ നേടാനായത്. 20.29 ശരാശരിയും 146.39 സ്‌ട്രൈക്കറേറ്റുമാണ് റസലിന്റെ പേരിലുള്ളത്.

വലിയ പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവനാണെങ്കിലും അതിനൊത്ത മികവ് കാട്ടാന്‍ റസലിന് സാധിക്കുന്നില്ല. ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയും ഈ സീസണില്‍ നിരാശപ്പെടുത്തുന്നവരിലൊരാളാണ്. നായകനെന്ന നിലയില്‍ ശോഭിക്കുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ ശോകമാണ്. ഏഴ് മത്സരത്തില്‍ നിന്ന് 154 റണ്‍സാണ് ഹര്‍ദിക് നേടിയത്. 22 മാത്രമാണ് സീസണിലെ ശരാശരി.
മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയും ഈ സീസണില്‍ നിരാശപ്പെടുത്തുന്നു. ഏഴ് മത്സരത്തില്‍ നിന്ന് 181 റണ്‍സാണ് രോഹിത് ആകെ നേടിയത്. 25.86 മാത്രമാണ് ശരാശരി. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത് ഇത്തവണ നിരാശപ്പെടുത്തുന്നു. മുംബൈയുടെ ഇഷാന്‍ കിഷനും ദുരന്തമാണ്. ഏഴ് മത്സരത്തില്‍ നിന്ന് 183 റണ്‍സാണ് താരത്തിന് ആകെ നേടാനായത്. 26.14 മാത്രമാണ് ശരാശരി.
മായങ്ക് അഗര്‍വാളാണ് മറ്റൊരു ഫ്‌ളോപ്പ് താരം. എട്ട് മത്സരത്തില്‍ നിന്ന് 169 റണ്‍സാണ് മായങ്കിന് നേടാനായത്. 21.13 മാത്രമാണ് മായങ്കിന്റെ ശരാശരി. ഓപ്പണറായും മധ്യനിരയിലുമെല്ലാം കളിച്ചിട്ടും മായങ്കിന് തിളങ്ങാനായിട്ടില്ല. ഹൈദരാബാദ് വലിയ പ്രതീക്ഷയോടെ കണ്ട താരമാണ് ഹാരി ബ്രൂക്ക്. എട്ട് മത്സരത്തില്‍ നിന്ന് 23.29 ശരാശരിയില്‍ 163 റണ്‍സാണ് ബ്രൂക്ക് ആകെ നേടിയത്. ദിനേഷ് കാര്‍ത്തികും ഇത്തവണത്തെ ഫ്‌ളോപ്പ് താരങ്ങളിലൊരാളാണ്.