ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ വലിയ പ്ലേ ഓഫ് പ്രതീക്ഷയുണ്ടായിരുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. അനായാസം പ്ലേ ഓഫിലെത്തുമെന്ന് തോന്നിപ്പിച്ച രാജസ്ഥാന്‍ ഇപ്പോള്‍ പ്ലേ ഓഫിലിടം പിടിക്കാന്‍ മറ്റ് ടീമുകളുടെ മത്സരഫലത്തിനായി കാത്തിരിക്കുകയാണ്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചതോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റിന് 187 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന്‍ 2 പന്തും 4 വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയം നേടിയെടുത്തത്. 18.3 ഓവറില്‍ രാജസ്ഥാന്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിയെ മറികടക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ രാജസ്ഥാന് അത് സാധിച്ചില്ല. ദ്രുവ് ജുറേല്‍ സിക്‌സറിലൂടെ വിജയിപ്പിച്ചതോടെ രാജസ്ഥാന് നേരിയ ആശ്വാസം നെറ്റ് റണ്‍റേറ്റില്‍ ലഭിച്ചു.

രാജസ്ഥാന് 0.148 റണ്‍റേറ്റും നാലാം സ്ഥാനത്തുള്ള ആര്‍സിബിക്ക് 0.180 റണ്‍റേറ്റുമാണുള്ളത്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങുകയും ആര്‍സിബി ഗുജറാത്തിനോട് അഞ്ച് റണ്‍സിലധികം സ്‌കോറിന് തോല്‍ക്കുകയും ചെയ്താലെ രാജസ്ഥാന് അല്‍പ്പമെങ്കിലും പ്രതീക്ഷവെക്കാനാവു.
പഞ്ചാബിനെതിരേ 16 ഓവറിലെങ്കിലും രാജസ്ഥാന്‍ ജയിക്കേണ്ട കളിയാണ് അവസാന ഓവറിലെ നാലാം പന്തുവരെയെത്തിയത്. ഇത്തവണ രാജസ്ഥാന് പ്ലേ ഓഫിലെത്താനായില്ലെങ്കില്‍ അതിന്റെ കാരണക്കാരന്‍ നായകന്‍ സഞ്ജു സാംസണാണെന്ന് പറയാം. പഞ്ചാബിനെതിരേ സഞ്ജുവിന്റെ മോശം തീരുമാനമാണ് ജയം വൈകിപ്പിച്ചതും രാജസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനുള്ള അവസരം നഷ്ടപ്പെടുത്തിയതെന്നും പറയാം.
ബൗളര്‍മാരെ ഉപയോഗിച്ചതില്‍ സഞ്ജുവിന് വലിയ തെറ്റുപറ്റി. അതില്‍ എടുത്തു പറയേണ്ടത് 19ാം ഓവറില്‍ യുസ് വേന്ദ്ര ചഹാലിന് പന്തുകൊടുത്തതാണ്. 28 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ഷാരൂഖ് ഖാന്‍, സാം കറെന്‍ എന്നീ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ ക്രീസില്‍ നില്‍ക്കവെ സ്പിന്നര്‍മാരെ ഇട്ടുകൊടുത്തത് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയുടെ പിഴവ് തന്നെയാണ്. ആദ്യത്തെ മൂന്ന് ഓവറില്‍ ചഹാല്‍ നന്നായി പന്തെറിഞ്ഞിരുന്നു.

എന്നാല്‍ ഡെത്തോവറില്‍ സ്വാഭാവികമായും ബാറ്റ്‌സ്മാന്‍ ആക്രമിക്കുമെന്നതില്‍ ചഹാലിനെ പരിഗണിച്ചത് മോശം തീരുമാനമാണെന്ന് തന്നെ പറയാം. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത പഞ്ചാബ് ട്രന്റ് ബോള്‍
ട്ടിന്റെ അവസാന ഓവറില്‍ 18 റണ്‍സും നേടി. സഞ്ജുവിന്റെ ബൗളര്‍മാരെ ഉപയോഗിക്കുന്നതിലെ പിഴവാണ് 160നുള്ളില്‍ ഒതുങ്ങേണ്ട സ്‌കോറിനെ 180ന് മുകളിലേക്കെത്തിച്ചത്.
ഇത്രയും നിര്‍ണ്ണായക മത്സരത്തില്‍ വെറും അഞ്ച് ബൗളര്‍മാരെയാണ് രാജസ്ഥാന്‍ പരിഗണിച്ചതെന്നതും സഞ്ജുവിന്റെ പിഴവാണ്. ബൗളര്‍മാര്‍ തല്ലുവാങ്ങുമ്പോള്‍ മാറ്റി പരീക്ഷിക്കാനുള്ള അവസരം പോലുമില്ലായിരുന്നു. സന്ദീപ് ശര്‍മ തല്ലുവാങ്ങിയതും ആര്‍ അശ്വിന്റെ അഭാവവും രാജസ്ഥാനെ പ്രതികൂലമായി ബാധിച്ച കാര്യമാണ്. ഒരു എക്‌സ്ട്രാ ബൗളറുടെ അഭാവം രാജസ്ഥാന് തിരിച്ചടിയായ കാര്യമാണ്.
മറ്റൊരു പ്രധാന പ്രശ്‌നം ബാറ്റിങ് ഓഡറില്‍ വരുത്തിയ മാറ്റമാണ്. ദ്രുവ് ജുറേലിനെ ഇറക്കാന്‍ വൈകിയതും സഞ്ജുവിന്റെ തെറ്റായ തീരുമാനമാണ്. റിയാന്‍ പരാഗ് ആറാം നമ്പറിലെത്തിയതിന് പകരം ജുറേലായിരുന്നു കളിക്കേണ്ടിയിരുന്നത്. 12 പന്തില്‍ 20 റണ്‍സ് പരാഗ് നേടിയെങ്കിലും 18.3 ഓവറിനുള്ളില്‍ വിജയലക്ഷ്യം മറികടക്കാന്‍ അല്‍പ്പം കൂടി വെടിക്കെട്ട് നടത്തേണ്ടിയിരുന്നു. അതിന് ജുറേലിനെ നേരത്തെ ഇറക്കണമായിരുന്നു. ഇത് നടക്കാത്തത് സഞ്ജുവിന്റെ പിഴവാണ്.
ഷിംറോന്‍ ഹെറ്റ്‌മെയര്‍ തല്ലിത്തകര്‍ത്തപ്പോള്‍ ഒപ്പം ജുറേലുമുണ്ടായിരുന്നെങ്കില്‍ അല്‍പ്പം കൂടി നേരത്തെ രാജസ്ഥാന് ജയിക്കാമായിരുന്നു. സഞ്ജു ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാത്തതും നിരാശപ്പെടുത്തി. 3 പന്തില്‍ 2 റണ്‍സാണ് സഞ്ജു നേടിയത്. നായകനെന്ന നിലയില്‍ അദ്ദേഹം ഉത്തരവാദിത്തം കാട്ടാത്തതും ടീമിന്റെ തോല്‍വിക്ക് കാരണമായി മാറിയിട്ടുണ്ട്.