ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ വലിയ പ്രതീക്ഷയോടെ തുടങ്ങിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാന സീസണിലെ റണ്ണറപ്പുകളായതിനാല്‍ത്തന്നെ ഇത്തവണയും ടീമിന് വലിയ പ്രകടനം നടത്താന്‍ സാധിക്കുമെന്ന വിശ്വാസം ആരാധകര്‍ക്കുണ്ടായിരുന്നു. സഞ്ജു സാംസണെന്ന നായകന്റെ മികവിലും ആരാധകര്‍ പ്രതീക്ഷവെച്ചു. ആദ്യ മത്സരങ്ങളില്‍ മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ച സഞ്ജുവിനും സംഘത്തിനും പിന്നീടുള്ള മത്സരങ്ങളില്‍ കാലിടറുകയായിരുന്നു.
11 മത്സരങ്ങളില്‍ അഞ്ച് ജയത്തോടെ നിലവില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പ്ലേ ഓഫ് സാധ്യതയുണ്ടെങ്കിലും സജീവമായ സാധ്യത കല്‍പ്പിക്കാനാവില്ല. അവസാന മൂന്ന് മത്സരത്തിലും രാജസ്ഥാന്‍ പരാജയപ്പെട്ടുവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ടീമിന്റെ തന്ത്രങ്ങളിലെ പാളിച്ചകളും ക്യാപ്റ്റന്‍സിയിലെ മണ്ടത്തരങ്ങളും തോല്‍വിയുടെ കാരണമായെന്ന് തന്നെ വിലയിരുത്താം.

മൂന്ന് മത്സരങ്ങള്‍ പ്ലേ ഓഫിന് മുമ്പ് ശേഷിക്കെ രാജസ്ഥാന്റെ നായകസ്ഥാനം സഞ്ജു സാംസണ്‍ ഒഴിയുന്നതാണ് നല്ലത്. താരത്തിന്റെ കരിയറിനും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനും അതാണ് കൂടുതല്‍ ഗുണം ചെയ്യുക. കാരണങ്ങള്‍ പരിശോധിക്കാം. സഞ്ജു സാംസണ്‍ രാജസ്ഥാന്റെ നായകനെന്ന നിലയില്‍ തിളങ്ങുന്നത് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ അദ്ദേഹത്തെ സ്വാധീനിക്കുന്ന കാര്യമല്ല.
സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനത്തേക്കാണ്. അതുകൊണ്ട് തന്നെ സഞ്ജു കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ബാറ്റിങ്ങിലാണ്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനം സഞ്ജുവിനുള്ളതിനാല്‍ തോല്‍വിയുടെ എല്ലാ ഉത്തരവാദിത്തവും സഞ്ജുവിന്റെ തോളിലേക്കെത്തും. ഇത് താരത്തിന്റെ അന്താരാഷ്ട്ര കരിയര്‍ തകര്‍ക്കാനെ സഹായിക്കൂ. സഞ്ജുവിനെ ചവിട്ടിതാഴ്ത്താന്‍ ശ്രമിക്കുന്നവര്‍ ഏറെയാണ്.
അതുകൊണ്ട് തന്നെ നായകനെന്ന നിലയിലെ സഞ്ജുവിന്റെ ചെറിയ പിഴവുപോലും വലിയ ചര്‍ച്ചയാവുകയും അദ്ദേഹത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് കാരണമാവുകയും ചെയ്യുന്നു. അവസാന മൂന്ന് മത്സരവും രാജസ്ഥാന്‍ തോറ്റതോടെ സഞ്ജുവിനെ കഴിവുകെട്ട നായകനെന്ന നിലയിലേക്ക് തരംതാഴ്ത്തിയാണ് പല പ്രമുഖരും സംസാരിച്ചത്. നായകസ്ഥാനം സഞ്ജുവിനെ ബാറ്റിങ്ങിനെ ആദ്യ സമയങ്ങളില്‍ ബാധിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ടീം പ്രതിസന്ധി നേരിടുമ്പോള്‍ സഞ്ജുവിനെ സമ്മര്‍ദ്ദം ബാധിക്കുന്നുണ്ടെന്ന് തന്നെ പറയാം. സഞ്ജുവിനെ വെല്ലുവിളി ഉയര്‍ത്തി ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, ജിതേഷ് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം കീപ്പര്‍ സ്ഥാനത്തിനായുണ്ട്. ഇവരെ മറികടക്കുന്ന പ്രകടനം കാഴ്ചവെക്കാത്ത പക്ഷം സഞ്ജുവിന് ഐപിഎല്ലില്‍ മാത്രം ഒതുങ്ങേണ്ടി വരും. ഇനിയൊരു തിരിച്ചുവരവ് സാധ്യമാവാത്ത വിധം അദ്ദേഹം തഴയപ്പെട്ടേക്കും.

സമ്മര്‍ദ്ദം ബാധിച്ച് സഞ്ജുവിന്റെ കീപ്പിങ്ങും മോശമാവുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഒരു ക്യാച്ചും റണ്ണൗട്ടും സഞ്ജു പാഴാക്കി. അനായാസമായി പുറത്താക്കാന്‍ ലഭിച്ച അവസരമാണ് സഞ്ജു നഷ്ടപ്പെടുത്തിയത്. നായകസ്ഥാനം സഞ്ജുവിനെ സമ്മര്‍ദ്ദത്തിലേക്കെത്തിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സഞ്ജുവിന് നായകസ്ഥാനം ഭാരം തന്നെയാണ്. സഞ്ജുവിന് സ്വതന്ത്ര്യമായി ബാറ്റ് ചെയ്യാനുള്ള അവസരമാണ് ഒരുക്കേണ്ടത്.
അതിന് നായകസ്ഥാനം തടസം തന്നെയാണ്. ജോസ് ബട്‌ലറെപ്പോലെ ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച നായകന്‍ ഒപ്പമുള്ളപ്പോള്‍ സഞ്ജു രാജസ്ഥാന്റെ നായകസ്ഥാനം ഏറ്റെടുത്ത് അനാവശ്യ സമ്മര്‍ദ്ദമാണ് തലയിലേറ്റുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ സ്ഥാനം ലഭിക്കാത്ത താരമെന്ന നിലയില്‍ സഞ്ജു ഇപ്പോള്‍ ബാറ്റിങ്ങിനാണ് പ്രാധാന്യം നല്‍കേണ്ടത്. സ്ഥിരതയോടെ ബാറ്റ് ചെയ്യാനും മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താനും സാധിക്കണം.
സഞ്ജുവിന്റെ ശൈലിയും നിലവിലെ ഇന്ത്യന്‍ ടീമിലെ സ്ഥാനവും നിലനിര്‍ത്തുമ്പോള്‍ നായകസ്ഥാനമൊഴിഞ്ഞ് രാജസ്ഥാന്റെ പ്രധാന ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് ഉയരുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് സാധ്യമായേക്കില്ല. ഈ സീസണില്‍ 11 മത്സരത്തില്‍ നിന്ന് 308 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് ഫിഫ്റ്റിയും അതില്‍ ഉള്‍പ്പെടും. രണ്ട് തവണ ഡെക്കാവുകയും ചെയ്തു. ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ സഞ്ജു നായകസ്ഥാനം ഒഴിയുന്നതാണ് നല്ല തീരുമാനം.