ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ പാടുപെടുന്ന സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പ്രശസ്ത കമന്റേറ്ററും അവതാരകനുമായ ഹര്‍ഷ ഭോഗ്‌ലെ. പല ക്രിക്കറ്റര്‍മാരെയും സ്വന്തം സ്‌കോറില്‍ ശ്രദ്ധിച്ച് സ്വാര്‍ഥതയോടെ കളിക്കുന്നയാളല്ല സഞ്ജുവെന്നും എല്ലായ്‌പ്പോഴും ടീമിനു പ്രഥമ പരിഗണനയാണ് അദ്ദേഹം നല്‍കാറുള്ളതെന്നും ഭോഗ്‌ലെ ചൂണ്ടിക്കാട്ടി. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജു സാംസണ്‍ തീര്‍ച്ചയായും ഇന്ത്യക്കു വേണ്ടി എല്ലാ ടി20യിലും പ്ലെയിങ് ഇലവനിലുണ്ടാവണമെന്നു ഹര്‍ഷ ഭോഗ്‌ലെ അഭിപ്രായപ്പെട്ടു. എല്ലാ ടി20യിലും സഞ്ജുവിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കണം. ഇതിനു ചില കാരണങ്ങള്‍ കൂടിയുണ്ട്. പഞ്ചാബ് കിങ്‌സുമായുള്ള കഴിഞ്ഞ മാച്ചില്‍ അദ്ദേഹം 25 ബോളില്‍ 42 റണ്‍സ് സ്‌കോര്‍ ചെയ്തു. ടി20 ക്രിക്കറ്റിനു ഈ തരത്തില്‍ ബാറ്റ് ചെയ്യുന്ന താരങ്ങളെയാണ് ആവശ്യമുള്ളത്. ടീമിലെ ഏതെങ്കിലുമൊരു താരം 70-80 റണ്‍സ് നേടുന്നതല്ല ടി20യില്‍ പ്രധാനപ്പെട്ട കാര്യം.

സഞ്ജു സാംസണ്‍ കഴിഞ്ഞ മാച്ചില്‍ 25 ബോളുകള്‍ കളിച്ചു. ഈ തരത്തില്‍ അഞ്ചു പേര്‍ 25 ബോളുകള്‍ കളിക്കുകയാണെങ്കില്‍ അതു 125 ബോളുകള്‍ വരും. ഒരിന്നിങ്‌സില്‍ ആകെയുള്ളത് 120 ബോളുകളുമാണ്. സഞ്ജുവിനെപ്പോലെ അഞ്ചു പേര്‍ കളിക്കുകയാണെങ്കില്‍ ടീം സ്‌കോര്‍ 200ലെത്തും. അതുകൊണ്ടു തന്നെയാണ് ടി20യില്‍ അദ്ദേഹം എത്രത്തോളം പ്രധാനപ്പെട്ട താരമാണെന്നു ഞാന്‍ പറയുന്നത്. സഞ്ജുവിന്റെ മൂല്യം എത്ര മാത്രം വലുതാണെന്നു ഇതു നമുക്കു കാണിച്ചുതരുമെന്നും ഹര്‍ഷ ഭോഗ്‌ലെ വിശദീകരിച്ചു.
പക്ഷെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ സഞ്ജു സാംസണ്‍ ചില സമയങ്ങളില്‍ ഈ തരത്തിലുള്ള 30-40 റണ്‍സുകള്‍ 70-80 റണ്‍സുകളാക്കി മാറ്റിയെടുക്കാന്‍ ശ്രമിക്കണം. ചില സന്ദര്‍ഭങ്ങളില്‍ താരങ്ങള്‍ സ്വയം തങ്ങള്‍ക്കായിരിക്കും ഒരു മല്‍സരത്തില്‍ പ്രഥമ പരിഗണന നല്‍കുക. അതുകൊണ്ടു തന്നെ അവര്‍ 30-40 റണ്‍സെന്നത് 70-80 റണ്‍സുകളിലേക്കു മാറ്റുകയും ചെയ്യും.
പക്ഷെ നിര്‍ഭാഗ്യവശാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ എനിക്കു അതു കാണാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ഒരിക്കലും സ്വന്തം സ്‌കോറിനെപ്പറ്റി ചിന്തിക്കാറില്ല. പകരം ആക്രമിച്ചു കളിച്ചുകൊണ്ടേയിരിക്കും. ഏറ്റവുമുയര്‍ന്ന റിസ്‌ക്കുള്ള ഗെയിമാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം സ്‌കോറിനേക്കാള്‍ ടീമിനെക്കുറിച്ച് ചിന്തിക്കുന്നയാളാണെന്നും ഹര്‍ഷ ഭോഗ്‌ലെ നിരീക്ഷിച്ചു.

ഹര്‍ഷ ഭോഗ്‌ലെയ്‌ക്കൊപ്പം ഷോയില്‍ പങ്കെടുത്ത ഓസ്‌ട്രേലിയയുടെ മുന്‍ വനിതാ താരം ലിസ സ്തലേക്കറും സഞ്ജു സാംസണ്‍ തനിക്കു ലഭിക്കുന്ന മികച്ച തുടക്കങ്ങള്‍ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ ശ്രമിക്കണമെന്നു അഭിപ്രായപ്പെട്ടു. ചില കളിക്കാര്‍ 30-40 റണ്‍സ് സ്ഥിരമായി നേടി ടീമിനു കരുത്ത് പകരാന്‍ സഹായിക്കും. വളരെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റോടെയായിരിക്കും ഇവര്‍ എല്ലായ്‌പ്പോഴും ബാറ്റ് ചെയ്യുക. പല മഹാന്‍മാരായ കളിക്കാരും ഇക്കൂട്ടത്തിലുണ്ട്.
പക്ഷെ മികച്ച തുടക്കങ്ങള്‍ ഇടയ്ക്കു 70-80, 90-100 എന്നിങ്ങനെ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ ശ്രദ്ധിക്കണം. സഞ്ജു സാംസണില്‍ നിന്നും ആ തരത്തിലുള്ള വലിയ ഇന്നിങ്‌സുകള്‍ നമുക്കു കാണാന്‍ സാധിച്ചിട്ടില്ല. കൂടുതലും 30-40 സ്‌കോറുകള്‍ക്കിടയിലാണ് അദ്ദേഹം പുറത്തായിക്കൊണ്ടിരിക്കുന്നത്. സഞ്ജു അതു വലിയ സ്‌കോറുകളാക്കി മാറ്റാന്‍ ശ്രമിക്കണമെന്നും സ്തലേക്കര്‍ ഉപദേശിച്ചു.
അതേസേമയം, ഈ സീസണിലെ ഐപിഎല്ലില്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ സഞ്ജു സാംസണ്‍ അഞ്ചാം സ്ഥാനത്തുണ്ട്. രണ്ടിന്നിങ്‌സുകളില്‍ നിന്നും 97 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും. 48.50 ശരാശരിയും 170.17 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മാച്ചില്‍ നേടിയ 55 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.