ഐപിഎല്ലിന്റെ 16ാം സീസണ്‍ പടിവാതില്‍ക്കെ എത്തിയിരിക്കുകയാണ്. മുന്‍ സീസണുകളിലേതു പോലെ ഒരുപാട് ത്രസിപ്പിക്കുന്ന പോരാട്ടങ്ങളും പ്രകടനങ്ങളുമെല്ലാം ക്രിക്കറ്റ് പ്രേമികള്‍ ഇത്തവണയും കാത്തിരിക്കുകയാണ്. ബാറ്റര്‍മാരില്‍ നിന്നും ഫോര്‍, സിക്‌സര്‍ മഴയും സെഞ്ച്വറികളുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ ബൗളര്‍മാര്‍ ഹാട്രിക്കുകളും ഫൈഫറുമെല്ലാം ആരാധകര്‍ക്കു വേണം. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള 15 സീസണുകളെടുത്താല്‍ ഒരുപാട് സെഞ്ച്വറികള്‍ നമുക്കു കാണാന്‍ സാധിക്കും. പക്ഷെ ആദ്യം ബാറ്റ് ചെയ്തും രണ്ടാമത് ബാറ്റ് ചെയ്തും സെഞ്ച്വറി നേടിയിട്ടുള്ള അധികം പേരില്ല.

ഈ തരത്തില്‍ ഇന്നിങ്‌സിന്റെ രണ്ടു വ്യത്യസ്ത ഘട്ടങ്ങളില്‍ സെഞ്ച്വറി നേടാന്‍ സാധിച്ച ഇന്ത്യക്കാര്‍ വെറും നാലുപേര്‍ മാത്രമാണ്. അക്കൂട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസണും ഉള്‍പ്പെട്ടിരിക്കുന്നുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ശേഷിച്ച മൂന്ന് ഇന്ത്യക്കാരില്‍ രണ്ടു പേര്‍ ഇതിഹാസ താരങ്ങളാണ്. ഒരാള്‍ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവഗാണെങ്കില്‍ മറ്റൊരാള്‍ വിരാട് കോലിയാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് എലൈസ്റ്റ് ലിസ്റ്റിലെ അവസാനത്തെ താരം.
ഈ നാലു പേരില്‍ ഏറ്റവുമധികം ഐപിഎല്‍ സെഞ്ച്വ്വറികളുളളത് റോയല്‍ ചാലഞ്ചേഴ്‌സിന്റെ മുന്‍ നായകന്‍ കൂടിയായ വിരാട് കോലിക്കാണ്. അഞ്ചു സെഞ്ച്വറികളാണ് അദ്ദേഹം ഇതുവരെ നേടിയിരിക്കുന്നത്. ഇതില്‍ നാലെണ്ണവും ഒരു സീസണിലുമായിരുന്നു. 2016ല്‍ തന്റെ എക്കാലത്തെയും വലിയ റണ്‍വേട്ട നടത്തിയ സീസണിലായിരുന്നു കോലി നാലു തവണ നൂറിലെത്തിയത്. സീസണില്‍ 16 മല്‍സരങ്ങളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 973 റണ്‍സായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. അതിനു ശേഷമോ, മുമ്പോ മറ്റൊരു താരവും ഒരു സീസണില്‍ ഇത്രയും റണ്ണെടുത്തിട്ടില്ല.

വീരേന്ദര്‍ സെവാഗിന്റെ ഐപിഎല്‍ കരിയറെടുത്താല്‍ 2008 മുതല്‍ 15 വരെ അദ്ദേഹം ടൂര്‍ണമെന്റില്‍ കളിച്ചിരുന്നു. രണ്ടു സെഞ്ച്വറികള്‍ മാത്രമേ ഈ കാലയളവില്‍ അദ്ദേഹത്തിനു നേടാന്‍ സാധിച്ചിട്ടുള്ളൂ സെവാഗിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി 2011ലായിരുന്നു. പിന്നീട് വീരും വീണ്ടും മൂന്നക്കത്തിലെത്തിയത് 2014ലുമായിരുന്നു. കരിയര്‍ ബെസ്റ്റ് സ്‌കോറായ 122 റണ്‍സാണ് അന്നു അദ്ദേഹം നേടിയത്. ശിഖര്‍ ധവാനും ഐപിഎല്ലില്‍ കുറിച്ചത് രണ്ടു സെഞ്ച്വറികളാണ്. 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയായിരുന്നു അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയത്. അടുത്തടുത്ത മല്‍സരങ്ങളിലായിരുന്നു ധവാന്റെ സെഞ്ച്വറി നേട്ടം.
സഞ്ജു സംസണ്‍ ഐഎപിഎല്ലില്‍ മൂന്നു സെഞ്ച്വറികള്‍ ഇതിനകം നേടിക്കഴിഞ്ഞു. ഇതില്‍ രണ്ടെണ്ണം നിലവിലെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയായിരുന്നു. മറ്റൊന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനും വേണ്ടിയാണ് അദ്ദേഹം നേടിയിരിക്കുന്നത്. 2017ലായിരുന്നു സഞ്ജു തന്റെ കന്നി സെഞ്ച്വറി കുറിച്ചത്. ഇതു ഡല്‍ഹിയുടെ ജഴ്‌സിയിലായിരുന്നു. പിന്നീട് 2019ല്‍ റോയല്‍സിനു വേണ്ടി അദ്ദേഹം രണ്ടാമത്തെ സെഞ്ച്വറിയും നേടി. അവസാനത്തേത് 2021ല്‍ റോയല്‍സ് ക്യാപ്റ്റനായതിനു ശേഷമായിരുന്നു. നായകനായ ശേഷമുള്ള ആദ്യ മല്‍സരത്തില്‍ തന്നെയായിരുന്നു ഇത്.