ഐപിഎല്ലില്‍ ഒരുപാട് സീനിയേഴ്‌സും സൂപ്പര്‍ താരങ്ങളുമുള്ള രാജസ്ഥാന്‍ റോയല്‍സ് ടീമിനെ വളരെ മികച്ച രീതിയിലാണ് സഞ്ജു സാംസണ്‍ നയിച്ചുകൊണ്ടിരിക്കുന്നത്. ലോക ക്രിക്കറ്റിലെ പല വമ്പന്‍ താരങ്ങളെയും ഇത്രയും മികച്ച രീതിയില്‍ എങ്ങനെയാണ് ഒത്തൊരുമയോടെ മുന്നോട്ടു കൊണ്ടുപോവുന്നതെന്നു അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.
ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്, ഇന്ത്യയുടെ ഇതിഹാസ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, ഇംഗ്ലണ്ടിന്റെ മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട് തുടങ്ങിയവരെല്ലാം റോയല്‍സ് ടീമിന്റെ ഭാഗമാണ്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ക്യാപ്റ്റന്‍സി രീതിയെക്കുറിച്ചും എങ്ങനെയാണ് സീനിയേഴ്‌സിനെ ഇത്രയും അനായാസം കൈകാര്യം ചെയ്യുന്നതെന്നും സഞ്ജു വെളിപ്പെടുത്തിയത്. ഗ്രൗണ്ടിലെത്തിയാല്‍ ജൂനിയര്‍- സീനിയര്‍ വ്യത്യാസമില്ലെന്നും എല്ലാവരും തുല്യരാണെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. സീനിയേഴ്‌സിനെ അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ നമ്മള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്.
അങ്ങനെയാവുമ്പോള്‍ എല്ലാം വളരെ സാധാരണ രീതിയില്‍ ആവുകയും ചെയ്യും. ആഷ് ഭായ് (ആര്‍ അശ്വിന്‍), ജോസ് തുടങ്ങി ആരായാലും വ്യത്യസ്ത തരത്തിലുള്ള ആളുകളോടു വ്യത്യസ്ത രീതിയില്‍ തന്നെ നമ്മള്‍ ആശയ വിനിമയം നടത്തേണ്ടത് ആവശ്യമാണ്. ഞാന്‍ അങ്ങനെയാണ് വിശ്വസിക്കുന്നതെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

ചില സമയങ്ങളില്‍ നിങ്ങള്‍ക്കു കുറച്ചു പരുക്കനായി പെരുമാറേണ്ടതായി വരും. ഐപിഎല്‍ പോലെയൊരു ടൂര്‍ണമെന്റില്‍ ഒരു ടീമിനെ നയിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം ജോലി ശരിയായി ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ക്കു ഒരു തീരുമാനം എടുക്കേണ്ടി വരുന്ന സാഹചര്യത്തില്‍ നിങ്ങള്‍ക്കു സ്വയം എടുക്കാന്‍ പോവുന്ന ആ തീരുമാനത്തില്‍ ആത്മവിശ്വാസമുണ്ടായിരിക്കണം. അങ്ങനെയുണ്ടെങ്കില്‍ എല്ലാം സാധാരണ രീതിയില്‍ തന്നെയായിരിക്കുമെന്നു ഞാന്‍ കരുതുന്നു.
ഐപിഎല്ലില്‍ ഞാന്‍ ഒരുപാട് മല്‍സരങ്ങള്‍ കളിക്കുകയും പെര്‍ഫോം ചെയ്യുകയും സ്വയം തെളിയിക്കുകയും ചെയ്തിട്ടുള്ളയാളാണ്. അതുകൊണ്ടു തന്നെ ക്യാപ്റ്റന്റെ ഈ റോള്‍ നന്നായി ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസവും എനിക്കുണ്ട്. നിങ്ങള്‍ക്കു ഈ റോള്‍ ഏറ്റെടുക്കണമെങ്കില്‍ ഈ തരത്തിലുള്ള ആത്മവിശ്വാസം ആവശ്യമാണെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.
ടീമംഗങ്ങളുമായുള്ള ആശയവിനിമയത്തിന്റെ കാര്യത്തില്‍ ഒരുപാട് സുതാര്യത വേണ്ടത് ആവശ്യമാണ്. നന്നായി ആശയവിനിമയം നടത്താനുള്ള കഴിവ് ആവശ്യമാണ്. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് വന്നെങ്കില്‍ മാത്രമേ ടീമിനെ നന്നായി മുന്നോട്ടു കൊണ്ടുപോാന്‍ സാധിക്കുകയുള്ളൂ. അശ്വിനെപ്പോലെയൊരു ഇതിഹാസ താരത്തോടു ഒരു കാര്യം ചെയ്യാന്‍ നിങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ എന്താണ് താന്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്നു അദ്ദേഹത്തെ ബോധ്യപ്പെടുത്തണം.
ടീം എന്താണ് നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നു അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും വേണം. സുതാര്യതും ആശയവിനിമയവും വളര പ്രധാനപ്പെട്ട കാര്യങ്ങളാണ്. എങ്കില്‍ മാത്രമേ എന്നെപ്പോലെയൊരു യുവതാരത്തിനു ഇങ്ങനെയൊരു ടീമിനെ നയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.