സഞ്ജു സാംസണിന്റെ പിങ്ക് ആര്‍മി ഐപിഎല്ലില്‍ എതിരാളികളെ ഒന്നൊന്നായി വീഴ്ത്തി കുതിക്കുകയാണ്. ഈ സീസണില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും വിജയിച്ച റോയല്‍സ് പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുകയാണ്. പ്രാഥമിക റൗണ്ടില്‍ ഇനിയും ഒമ്പതു മല്‍സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ റോയല്‍സിനെ തീര്‍ച്ചയായും പ്ലേഓഫില്‍ പ്രതീക്ഷിക്കാം.
അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ റോയല്‍സില്ലാതെ പ്ലേഓഫ് നടക്കുകയുള്ളൂ. ഐപിഎല്ലിലെ ക്യാപ്റ്റന്‍മാരില്‍ നിലവില്‍ ഏറ്റവും ഹാപ്പിയായിരിക്കുന്ന ക്യാപ്റ്റന്‍ സഞ്ജു തന്നെയായിരിക്കും. കാരണം അദ്ദേഹത്തിനു ടീമിനെക്കുറിച്ചോ, താരങ്ങളെക്കുറിച്ചോ ആശങ്കകളൊന്നും തന്നെയില്ല. ചുരുക്കം ചിലരൊഴികെ എല്ലാവകരും മികച്ച പ്രകടനമാണ നടത്തിക്കൊണ്ടിരിക്കുന്നത്.

ടീമിലെ സഹതാരങ്ങള്‍ക്കു വളരെയധികം സ്വാതന്ത്ര്യവും അവരില്‍ വിശ്വാസവുമര്‍പ്പിക്കുന്ന ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. ഇതേക്കുറിച്ച് ചില താരങ്ങള്‍ തുറന്നു പറയുകയും ചെയ്തിരുന്നു. ഒരു ക്യാപ്റ്റന്‍ എന്നതിനേക്കാളുപരി, ഒരു സുഹൃത്തിനെപ്പോലെ ടീമംഗങ്ങളോടു പെരുമാറുന്നയാള്‍ കൂടിയാണ് സഞ്ജു. അതുകൊണ്ടു തന്നെ അദ്ദേഹത്തോടു വലിയ ബഹുമാനവും സ്‌നേഹവുമാണ് ടീമംഗങ്ങള്‍ക്കുള്ളത്.
റോയല്‍സ് ടീമില്‍ സഞ്ജുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്നു അറിയാമോ? എന്തും പറയാന്‍ ലൈസന്‍സുള്ള ആ സുഹൃത്ത് ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. സ്റ്റാര്‍സ് ഓണ്‍ സ്റ്റാറെന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.
രാജസ്ഥാന്‍ റോയല്‍സിലെ ഒരുപാട് പേരുമായി അടുത്ത സൗഹൃദമുണ്ട്. പക്ഷെ ഏറ്റവും അടുത്ത സുഹൃത്തിനെക്കുറിച്ച് പറയുകയാണെങ്കില്‍ അതു യുസിയാണ് (യുസ്വേന്ദ്ര ചഹല്‍). അവന്‍ ഇവിടെയെത്തിയത് ഏകദേശം രാത്രി 12 മണിയോടെയാണ്. ഞങ്ങള്‍ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഉറക്കത്തിലേക്കു വഴുതി വീഴവെയായിരുന്നു യുസിയുടെ ഫോണ്‍ കോള്‍. ക്യാപ്റ്റന്‍ ഭായം, എവിടെയാണ്? താഴേക്കു വരൂ, നിങ്ങളുടെ യുസി ചഹല്‍ വന്നിരിക്കുകയാണെന്ന് അവന്‍ ഫോണിലൂടെ പറയുകയായിരുന്നുവെന്ന് സഞ്ജു പൊട്ടിച്ചിരിയോടെ വ്യക്തമാക്കി.
യുസി ചഹലുമായി നല്ല അടുപ്പമാണ് എനിക്കുള്ളത്. ഇവിടെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ളപ്പോള്‍ മാത്രമല്ല ഞങ്ങള്‍ ഇന്ത്യന്‍ ടീം, ഇന്ത്യ എ ടീം എന്നിവര്‍ക്കു വേണ്ടിയെല്ലാം കളിക്കുമ്പോള്‍ ഒരുമിച്ച് യാത്ര ചെയ്യുകയും ഇതു സൗഹൃദം വളര്‍ത്തുകയുമായിരുന്നു. റോയല്‍സ് ടീമിലെ വ്യത്യസ്ത തരത്തിലുള്ള താരങ്ങളുമായി വ്യത്യസ്ത രീതിയിലുള്ള സൗഹൃദമാണ് എനിക്കുള്ളത്. ജോസുമായി (ജോസ് ബട്‌ലര്‍) ഒരു മൂത്ത സഹോദരനോടെന്നതു പോലെയുള്ള ബഹുമാനമാണുള്ളത്.

ആഷ് ഭായിക്കൊപ്പവും (ആര്‍ അശ്വിന്‍) ഇതേ രീതിയിലുള്ള ബന്ധമാണുള്ളത്. ഹെറ്റിയുമായി (ഷിംറോണ്‍ ഹെറ്റ്‌മെയര്‍) ഒരു സുഹൃത്തിനോടുള്ളതു പോലെയുള്ള അടുപ്പമാണ്. പ്രായത്തില്‍ എന്നേക്കാള്‍ ഇളയവരായ ടീമിലെ യുവതാരങ്ങളോടു ഒരു മൂത്ത സഹോദരനെപ്പോലെയുള്ള ബന്ധമാണ് ഞാന്‍ പുലര്‍ത്തുന്നത്. റോയല്‍സ് ടീമിലെ സഹതാരങ്ങളുമായി നല്ലൊരു ബന്ധം സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. ഇതു ഞാന്‍ ഏറെ ആസ്വദിക്കുകയും ഈ അടുപ്പം ടീമിനെ കളിക്കളത്തില്‍ വളരെയധികം സഹായിക്കുകയും ചെയ്യുന്നതായും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മോശം ഫോം കാരണം ഇന്ത്യയുടെ ടി20 ടീമില്‍ ഇപ്പോള്‍ അവിഭാജ്യ ഘടകമല്ലെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൈവിട്ടതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷത്തെ മെഗാ ലേലത്തിലായിരുന്നു ചഹല്‍ റോയല്‍സിന്റെ കൂടാരത്തിലേക്കു വന്നത്.
തന്നെ ഒഴിവാക്കിയ ആര്‍സിബിയുടെ തീരുമാനം മണ്ടത്തരമായിരുന്നെന്നു അദ്ദേഹം തെളിയിക്കുകയും ചെയ്തു. 17 മല്‍സരങ്ങളില്‍ നിന്നും 27 വിക്കറ്റുകള്‍ പിഴുത ചഹല്‍ പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായിരുന്നു. ടീമിനെ 2008ലെ പ്രഥമ സീസണിനുശേഷം ഫൈനലിലെത്തിക്കുന്നതിലും ഇതു നിര്‍ണായകമായി മാറി.