ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് മലയാളി താരമായ സഞ്ജു സാംസണ്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടമില്ലെങ്കിലും രാജസ്ഥാന്റെ രാജാവാണ് സഞ്ജു. വലിയ ആരാധക പിന്തുണ രാജസ്ഥാന് ലഭിക്കുന്നതിന് പിന്നില്‍ സഞ്ജുവിന്റെ പങ്ക് വലുതാണ്. മലയാളിയെന്ന പരിഗണനയില്‍ സഞ്ജുവിന് ലഭിക്കുന്ന പിന്തുണ പല പ്രമുഖര്‍ക്കും ദഹിക്കുന്നില്ലെന്നതാണ് വസ്തുത.
കഴിഞ്ഞ ദിവസം ജയ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും തമ്മില്‍ മത്സരം നടന്നിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് രാജസ്ഥാന്റെ തട്ടകമായ ജയ്പൂരില്‍ മത്സരം നടന്നത്. അതുകൊണ്ട് തന്നെ ആരാധകര്‍ വലിയ ആവേശത്തിലായിരുന്നു. ഈ മത്സരത്തിന് മുമ്പ് ഒരു ആരാധകന്‍ സഞ്ജു സാംസണിന്റെ മണല്‍ ശില്‍പ്പമൊരുക്കി സാമൂഹ്യ മാധ്യമങ്ങളില്‍ അത് പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ സഞ്ജുവുമായി ശില്‍പ്പത്തിന് യാതൊരു സാദൃശ്യവുമില്ലെന്ന് അഭിപ്രായപ്പെട്ട് വ്യാപക ട്രോളുകള്‍ ഉയരുകയാണ്. ചിലര്‍ സഞ്ജുവിനെതിരായ വിദ്വേഷരമായ പ്രതികരണങ്ങളും നടത്തിയിട്ടുണ്ട്. സഞ്ജുവിന്റെ രാജസ്ഥാന്‍ ജേഴ്‌സിയിലുള്ള മുഖവും രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് കളര്‍ ലോഗോയും ഐപിഎല്‍ ട്രോഫിയും കൂടൊ ബാറ്റും ഉള്‍പ്പെടെ രാജസ്ഥാന് ഓള്‍ദി ബെസ്റ്റ് നേര്‍ന്നുകൊണ്ടാണ് ആരാധകന്‍ ശില്‍പ്പമൊരുക്കിയത്.
എന്നാല്‍ മലയാളി ആരാധകരടക്കം ഈ ശില്‍പ്പത്തെ ട്രോളി രംഗത്തെത്തിയിട്ടുണ്ടെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. സഞ്ജുവിന് ഇത്രയും കളറില്ലെന്നും രാജസ്ഥാന്‍ നായകന്‍ കറുത്തിട്ടാണെന്നുമാണ് ഐസിടി ഹേറ്റര്‍ എന്ന പേരിലുള്ള ട്വിറ്റര്‍ യൂസര്‍ കമന്റ് ചെയ്തിരിക്കുന്നത്. അജയ് റാവത്ത് എന്ന ആരാധകനൊരുക്കിയ സഞ്ജുവിന്റെ മണല്‍ ശില്‍പ്പം സഞ്ജുവിന്റെ യഥാര്‍ത്ഥ രൂപവുമായി യാതൊരു സാമ്യതയും ഇല്ലാത്തതാണെന്നും ആരാധകര്‍ പരിഹസിക്കുന്നു.
മരണപ്പെട്ട മലയാളം സിനിമാ താരം ഇന്നസെന്റിനെപ്പോലെയാണ് തോന്നുന്നതെന്നും സഞ്ജുവിന്റെ മുഖവുമായി യാതൊരു സാദൃശ്യവും തോന്നുന്നില്ലെന്നുമാണ് സുദീഷ് നായര്‍ എന്ന ട്വിറ്റര്‍ യൂസര്‍ പ്രതികരിച്ചിരിക്കുന്നത്. സഞ്ജുവിന്റെ ശില്‍പ്പം മനോഹരമായി തോന്നുന്നില്ലെന്നാണ് കൂടുതല്‍ പേരും പ്രതികരിച്ചത്. സഞ്ജുവിനോട് സ്‌നേഹം കാട്ടാനാണോ ശത്രുത വെളിപ്പെടുത്താനാണോ ഈ ശില്‍പ്പം നിര്‍മ്മിച്ചതെന്നും ചിലര്‍ ചോദിക്കുന്നു.
ഏത് വശത്തുനിന്ന് നോക്കിയാലും സഞ്ജുവിനെപ്പോലെ തോന്നില്ലെന്നും എഴുതിവെച്ചാല്‍ മനസിലാവുമെന്നുമാണ് ആരാധക പരിഹാസം. പരാഗിന്റെ ശില്‍പ്പമായിരുന്നു ഒരുക്കേണ്ടിയിരുന്നതെന്നും രാജസ്ഥാന്റെ ശരിയായ ഹീറോ പരാഗാണെന്നും ചില ആരാധകര്‍ കളിയാക്കുന്നു. സഞ്ജുവിന്റെ മുഖം വികൃതമായിപ്പോയെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ ചിലര്‍ അജയ് റാവത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. മണല്‍ ശില്‍പ്പത്തിന്റെ ഭംഗിയല്ല ആരാധകനെന്ന നിലയിലെ അദ്ദേഹത്തിന്റെ സ്‌നേഹത്തെ ബഹുമാനിക്കണമെന്നുമാണ് ചിലര്‍ പ്രതികരിച്ചത്. സഞ്ജുവിനോട് ചിലര്‍ക്കുള്ള വിദ്വേഷം വ്യക്തമാക്കുന്നതാണ് പല പ്രതികരണങ്ങളും. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെ പ്രശംസിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും സഞ്ജുവിനെ പരിഹസിക്കുന്ന പ്രതികരണങ്ങളും ഇത് വ്യക്തമാക്കുന്നു.

അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഈ സീസണിലും ഭേദപ്പെട്ട തുടക്കമാണ് രാജസ്ഥാന് ലഭിച്ചിരിക്കുന്നത്. ഇതില്‍ പലര്‍ക്കും അസൂയയുണ്ടെന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തം. 16ാം സീസണിലെ ആദ്യ മത്സരത്തില്‍ത്തന്നെ ഫിഫ്റ്റി നേടാന്‍ സഞ്ജുവിനായി. തുടര്‍ച്ചയായി രണ്ട് മത്സരത്തില്‍ ഡെക്കായെങ്കിലും ഗുജറാത്തിനെതിരേ ഗംഭീര ബാറ്റിങ് പ്രകടനവുമായി തിരിച്ചുവന്നു.
റാഷിദ് ഖാന്റെ ഒരോവറില്‍ ഹാട്രിക് സിക്‌സടക്കം ഗുജറാത്തിനെതിരേ 32 പന്തില്‍ 60 റണ്‍സാണ് സഞ്ജു നേടിയത്. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം കുറവാണ്. എന്നാല്‍ രാജസ്ഥാന്‍ നായകനെന്ന നിലയില്‍ സഞ്ജുവിന് ആരാധകരേറെയാണ്. സീനിയര്‍ സൂപ്പര്‍ താരങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന ആരാധക പിന്തുണ സഞ്ജുവിന് ലഭിക്കുന്നുണ്ട്. ഇത് പലരേയും അസ്വസ്തരാക്കുന്നുണ്ടെന്നതാണ് സത്യം.