ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ ഉജ്ജ്വലമായി നയിച്ചുകൊണ്ടിരിക്കുന്ന സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ടീമിലെ സറ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. 2022ലെ ലേലത്തില്‍ റോയല്‍സിലേക്കു വന്ന ചഹല്‍ ആദ്യ സീസണില്‍ തന്നെ ടീമിന്റെ നിര്‍ണായക താരമായി മാറുകയായിരുന്നു. വിക്കറ്റകള്‍ കൊയ്തു കൂട്ടിയ അദ്ദേഹം ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.
ദീര്‍ഘകാലം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചതിനു ശേഷമാണ് അവര്‍ കൈവിട്ടപ്പോള്‍ ചഹലിനു പുതിയ തട്ടകം ലഭിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി കളിക്കുമ്പോള്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും ഐപിഎല്ലില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ ചഹല്‍ കൂടുതല്‍ അപകടകാരിയാണ്. ഈ സീസണിലും താരം തകര്‍പ്പന്‍ ഫോമിലാണ്.

സ്റ്റാര്‍സ് ഓണ്‍ സ്റ്റാറെന്ന ഷോയില്‍ ഷോയില്‍ സംസാരിക്കവെയാണ് സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ യുസ്വേന്ദ്ര ചഹല്‍ പ്രശംസിച്ചത്. സഞ്ജു വളരെ ശാന്തപ്രകൃതമുള്ള ക്യാപ്റ്റനാണ്. ഒരിക്കലും അദ്ദേഹത്തെ ഞാന്‍ പരിഭ്രാന്തനായി കണ്ടിട്ടില്ല. മല്‍സരം ജയിച്ചാലും തോറ്റാലുമെല്ലാം സഞ്ജു ഒരുപോലെയായിരിക്കും. നീയെന്താണ് ചെയ്തത്? അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നിങ്ങനെ അദ്ദേഹം ടീമിലെ ഒരു താരത്തെയും ശകാരിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യാറില്ല. എല്ലായ്‌പ്പോഴും സഞ്ജു വളരെ കൂളായിരിക്കുമെന്നും യുസ്വേന്ദ്ര ചഹല്‍ വ്യക്തമാക്കി.
സ്വന്തം ടീമിലെ താരങ്ങളില്‍ എല്ലായ്‌പ്പോഴും വിശ്വാസമര്‍പ്പിക്കുന്ന ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. മുമ്പ് നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ളവരാണെന്നും ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. എല്ലായ്‌പ്പോഴും നിങ്ങളുടെ കഴിവുകളില്‍ വിശ്വാസമര്‍പ്പിക്കുന്ന ക്യാപ്റ്റനാണ് സഞ്ജു. മല്‍സരശേഷം ഒരിക്കലും ടീമിലെ കളിക്കാരെ അദ്ദേഹം ശകാരിക്കുകയോ, അവരോടു ദേഷ്യപ്പെടുകയോ ചെയ്യുന്നതു കാണാന്‍ സാധിക്കില്ല.
ഇത്രയും ശാന്തനായ ഒരു ക്യാപ്റ്റന്‍ നിങ്ങളുടെ കൂടെയുള്ളപ്പോള്‍ അതു നിങ്ങളെയും സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കാന്‍ സഹായിക്കും. ക്യാപ്റ്റന്‍ നിങ്ങളില്‍ വളരെയധികം വിശ്വാസമര്‍പ്പിക്കുന്നുവെന്ന് അറിയുമ്പോള്‍ അതു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇതു മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുമെന്നും യുസ്വേന്ദ്ര ചഹല്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സില്‍ എന്റെ ആദ്യത്തെ സീസണായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. വളരെ മികച്ച ടീമായിരുന്നു ഞങ്ങളുടേത്. കളിക്കാരുടെ ലിസ്റ്റ് നോക്കുകയാണെങ്കില്‍ കടലാസിലും ശക്തമായ നിരയായിരുന്നു ഞങ്ങളുടേതെന്നു കാണാം. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു തവണയെങ്കിലും റോയല്‍സ് ഐപിഎല്‍ കിരീടം നേടുമെന്നു അന്നു ഞാന്‍ ടീമിലെത്തിയപ്പോള്‍ പറയുകയും ചെയ്തിരുന്നു. അത്രയും ശക്തമായ ടീമായതു കൊണ്ടാണ് ഞാന്‍ ഇതു ഉറപ്പിച്ചു പറഞ്ഞത്. ഞങ്ങള്‍ കഴിഞ്ഞ തവണ ഫൈനലിലെത്തുകയും ചെയ്തു. പക്ഷെ അതു കഴിഞ്ഞ കാര്യമാണ്.
ഫൈനലില്‍ ഞങ്ങള്‍ തോറ്റെന്നു ആലോചിച്ചിരുന്നിട്ട് കാര്യമില്ല. അതു കഴിഞ്ഞുപോയ കാര്യമാണ്. നിങ്ങള്‍ക്കു അതു മാറ്റാന്‍ കഴിയില്ല. ഇനി എവിടെയാണ് നിങ്ങള്‍ക്കു മെച്ചപ്പെടുത്താന്‍ കഴിയുക എന്നതാണ് ആലോചിക്കേണ്ടത്. ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും അതില്‍ തന്നെയാണ്. കഴിഞ്ഞ സീസണില്‍ സംഭവിച്ച തെറ്റുകള്‍ ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമം. 14-17 മല്‍സരങ്ങള്‍ സീസണില്‍ ടീമിനുണ്ട്. ആര്‍ക്കും ഒന്നും പറയാന്‍ സാധിക്കില്ല. ലീഗ് ഘട്ടത്തില്‍ ടോപ്പ് 2വില്‍ ഫിനിഷ് ചെയ്യുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും യുസ്വേന്ദ്ര ചഹല്‍ കൂട്ടിച്ചേര്‍ത്തു.