ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് സഞ്ജു സംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 72 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടാനായത്.
ആദ്യ മത്സരത്തില്‍ത്തന്നെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി സഞ്ജു സാംസണ്‍ കൈയടി നേടുകയും ചെയ്തു. 32 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 55 റണ്‍സാണ് സഞ്ജു നേടിയത്. തുടര്‍ച്ചയായ നാലാം സീസണിലും 50 പ്ലസ് റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. പതിവ് പോലെ തുടക്കം മിന്നിച്ചതോടെ സഞ്ജുവിനെ വാഴ്ത്തുകയാണ് ആരാധകര്‍. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മികവിനെയും ബാറ്റിങ് പ്രകടനത്തെയുമെല്ലാം ആരാധകര്‍ പ്രശംസിക്കുകയാണ്.

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ പുറത്തുള്ള സഞ്ജുവിന് ഇത്തവണ ശക്തമായ പ്രകടനം ഐപിഎല്ലില്‍ കാഴ്ചവെച്ചാല്‍ മാത്രമെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ സഞ്ജുവിന്റെ ഐപിഎല്ലിലെ ചരിത്രം പരിശോധിച്ചാല്‍ ആദ്യ മത്സരത്തില്‍ മികവ് പിന്നീടുള്ള മത്സരങ്ങളില്‍ ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കാറില്ല. സ്ഥിരതയാണ് എല്ലാ തവണയും സഞ്ജുവിന്റെ മുന്നിലെ വലിയ വെല്ലുവിളി. അതുകൊണ്ട് തന്നെ ആദ്യ മത്സരത്തിലെ പ്രകടനംകൊണ്ട് സന്തോഷിക്കാറായിട്ടില്ലെന്നാണ് ആരാധക പക്ഷം.
ഐപിഎല്ലില്‍ തിളങ്ങി സഞ്ജു ഇന്ത്യന്‍ ടീമിലെത്തും എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം ശരാശരി പ്രകടനം നടത്തി തഴയപ്പെടും. പിന്നീട് വീണ്ടും ഐപിഎല്ലില്‍ തിളങ്ങും ഇതാണ് സഞ്ജുവിന്റെ കരിയറെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതാണ് വസ്തുതയും. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ സഞ്ജുവിന് ഐപിഎല്ലില്‍ സാധിക്കുന്നു. 2020 മുതല്‍ മൂന്നാം നമ്പറില്‍ ഏറ്റവും റണ്‍സടിച്ച ഇന്ത്യന്‍ താരം സഞ്ജുവാണ്. സ്പിന്നിനെതിരേയും ഉയര്‍ന്ന സ്‌ട്രൈക്കറേറ്റുണ്ട്.

എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ സ്പിന്നര്‍മാര്‍ക്കെതിരേ സഞ്ജുവിന്റെ മുട്ടിടിക്കുന്നു. വലിയ സ്‌കോര്‍ നേടാന്‍ സഞ്ജുവിന് സാധിക്കാതെ വരുന്നു. ഇനിയുള്ള ഐപിഎല്‍ മത്സരങ്ങളിലും മികച്ച സ്‌കോര്‍ നേടാനാണ് സഞ്ജു ശ്രദ്ധിക്കേണ്ടത്. ക്യാപ്റ്റന്‍സി സഞ്ജുവിന്റെ പ്രകടനത്തെ ബാധിക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി റണ്‍സടിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. അതാണ് സഞ്ജുവിന് മുന്നിലുള്ള വലിയ വെല്ലുവിളിയും.
അവസാന സീസണില്‍ രാജസ്ഥാനെ ഫൈനലിലേക്കെത്തിക്കാന്‍ സഞ്ജുവിനായിരുന്നു. ആദ്യ മത്സരത്തിലെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മികവും എടുത്തു പറയേണ്ടത്. ബാറ്റിങ്ങില്‍ തിളങ്ങിയതോടൊപ്പം ബൗളര്‍മാരെ നന്നായി ഉപയോഗിക്കാനും സഞ്ജുവിന് സാധിച്ചു. ഫീല്‍ഡിങ് വിന്യാസവും മികച്ചതായിരുന്നു. എന്നാല്‍ ഈ മികവ് സ്ഥിരതയോടെ തുടരേണ്ടതും സഞ്ജുവിന്റെ മുന്നിലെ വലിയ വെല്ലുവിളിയാണ്. ഹൈദരാബാദ് താരതമ്യേനെ ദുര്‍ബലരാണ്.
എന്നാല്‍ സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ വമ്പന്‍ താരങ്ങളുള്ള ടീമുകളെ സഞ്ജുവിന് ഇനിയും നേരിടാനുണ്ട്. വമ്പന്‍ മത്സരങ്ങളിലും സമ്മര്‍ദ്ദം നിറഞ്ഞ മത്സരങ്ങളിലും വലിയ സ്‌കോര്‍ നേടാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മിക്ക സീസണുകളും 400നും 500നുമിടയിലാണ് സഞ്ജുവിന്റെ സ്‌കോര്‍. അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ ഒമ്പതാം സ്ഥാനക്കാരനായിരുന്നു സഞ്ജു.

എന്നാല്‍ ഇത്തവണ സഞ്ജുവിന് ഈ പ്രകടനംകൊണ്ട് കാര്യമുണ്ടാവില്ല. ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യം വെക്കുമ്പോള്‍ സഞ്ജു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ടോപ് ഫൈവിലെങ്കിലും എത്തേണ്ടതായുണ്ട്. അതിന് 600 റണ്‍സിന് മുകളിലേക്ക് സഞ്ജു എത്തേണ്ടതായുണ്ട്. റണ്‍സ് പിന്തുടരുന്ന മത്സരങ്ങളില്‍ ഫിനിഷര്‍ റോളില്‍ സഞ്ജു തിളങ്ങണം. ഇന്ത്യന്‍ ടീമിലേക്കെത്തിയാലും സഞ്ജുവിന് ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കില്ല.
അതുകൊണ്ട് തന്നെ സഞ്ജു ഫിനിഷര്‍ റോളിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. വിക്കറ്റിന് പിന്നില്‍ സഞ്ജു മികവ് കാട്ടിയിരുന്നു. അതോടൊപ്പം മത്സരം ഫിനിഷ് ചെയ്യുന്നതിലും സഞ്ജു മികവ് കാട്ടണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അവസാന സീസണില്‍ പല മത്സരങ്ങളിലും സഞ്ജുവിന് ഫിനിഷ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതിന് മാറ്റം വരേണ്ടതും സഞ്ജുവിന് ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ അത്യാവശ്യമാണ്.