ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലേക്കുള്ള വരവ് രാജകീയമായിത്തന്നെ അറിയിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. ബാറ്റ്‌സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും സഞ്ജു ആദ്യ മത്സരം അവിസ്മരണീയമാക്കിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ 72 റണ്‍സിന്റെ വമ്പന്‍ ജയമാണ് നേടിയെടുത്തത്. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 32 പന്തില്‍ 55 റണ്‍സുമായാണ് മടങ്ങിയത്.
മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു സാംസണിന്റെ പ്രകടനം. ക്യാപ്റ്റനെന്ന നിലയില്‍ പ്രകടനംകൊണ്ട് ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിന് സാധിച്ചു. നായകന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് സഞ്ജു ബാറ്റ് ചെയ്തത്. ഹൈദരാബാദിന്റെ ശക്തമായ ബൗളിങ് നിരയെ ഒന്നുമല്ലാതാക്കുന്ന ബാറ്റിങ് പ്രകടനമാണ് സഞ്ജുവും സംഘവും കാഴ്ചവെച്ചത്. ഇപ്പോഴിതാ സഞ്ജുവിന്റെ ബാറ്റിങ് മികവിനെ വാഴ്ത്തിയിരിക്കുകയാണ് ആരാധകര്‍.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മികവ് എടുത്തു പറഞ്ഞാണ് ആരാധകര്‍ കൈയടിക്കുന്നത്. ബൗളര്‍മാരെ കൃത്യമായി ഉപയോഗിച്ച് ഹൈദരാബാദിനെ പൂട്ടിക്കെട്ടാന്‍ സഞ്ജുവിന് സാധിച്ചു. ട്രന്റ് ബോള്‍ട്ടിനൊപ്പം മലയാളി പേസര്‍ കെ എം ആസിഫിനെ പരിഗണിച്ചത് വലിയ ചോദ്യമുയര്‍ത്തിയെങ്കിലും ഗംഭീര പ്രകടനത്തോടെ ആസിഫ് വിമര്‍ശകരുടെ വായടപ്പിച്ചു. മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ദൗര്‍ഭാഗ്യവശാല്‍ വിക്കറ്റ് നേടാനായില്ല.
ആസിഫിനെ പ്ലേയിങ് 11ലെത്തിച്ചത് സഞ്ജുവിന്റെ തീരുമാനമായിരുന്നു. ആര്‍ അശ്വിനെയും യുസ് വേന്ദ്ര ചഹാലിനെയും കൃത്യമായി ഉപയോഗിച്ച് നേട്ടമുണ്ടാക്കാനും സഞ്ജുവിനായി. ഇരുവരേയും ഡെത്ത് ഓവറിലും സഞ്ജു കൃത്യമായി ഉപയോഗിച്ചു. കൃത്യമായ ഫീല്‍ഡിങ് വിന്യാസംകൊണ്ടും സഞ്ജു ശ്രദ്ധ നേടി. നായകനെന്ന നിലയില്‍ സഞ്ജു ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇന്ത്യക്കാവശ്യമില്ലെങ്കിലും രാജസ്ഥാന് സഞ്ജു ഹീറോയാണ്.

സമ്മര്‍ദ്ദമില്ലാതെ ടീമിനെ നയിക്കാന്‍ സാധിക്കുന്നുവെന്നതാണ് സഞ്ജുവിന്റെ വലിയ വിജയം. ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിന് തിരിച്ചെത്താന്‍ ഇത്തവണ ഐപിഎല്ലില്‍ ശോഭിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ നിരവധി റെക്കോഡുകളും സഞ്ജു ഹൈദരാബാദിനെതിരായ പ്രകടനത്തിലൂടെ നേടിയിട്ടുണ്ട്. മധ്യ. ഓവറുകളില്‍ (7-16) കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കെത്താന്‍ സഞ്ജുവിനായി.
100 സിക്‌സാണ് സഞ്ജു നേടിയത്. സുരേഷ് റെയ്‌ന (119), വിരാട് കോലി (111), യൂസഫ് പഠാന്‍ (106), റോബിന്‍ ഉത്തപ്പ (105) എന്നിവരെല്ലാം ഈ റെക്കോഡില്‍ സഞ്ജുവിന് മുന്നിലുണ്ട്. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിട്ട് മികവ് കാട്ടുന്നുവെന്നതാണ് സഞ്ജുവിന്റെ പ്രധാന സവിശേഷത. സഞ്ജുവിന്റെ ഐപിഎല്ലിലെ പല കണക്കുകളും മറ്റ് പ്രമുഖരെക്കാള്‍ കേമമാണെങ്കിലും ദേശീയ ടീമില്‍ വേണ്ടത്ര അവസരമില്ല.
20220മുതലുള്ള കണക്കുപ്രകാരം മൂന്നാം നമ്പറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡാണ് സഞ്ജുവിന്റെ പേരിലാണ്. 1587 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 2020 മുതലുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഐപിഎല്ലില്‍ മൂന്നാം നമ്പറില്‍ കൂടുതല്‍ റണ്‍സും സഞ്ജുവിന്റെ പേരിലാണ് (1124). 2020 മുതല്‍ സ്പിന്നിനെതിരേ കൂടുതല്‍ സ്‌ട്രൈക്കറേറ്റുള്ള താരവും സഞ്ജുവാണ്. കുറഞ്ഞത് 500 റണ്‍സെങ്കിലും നേടിയവരിലാണ് സഞ്ജു തലപ്പത്തുള്ളത്. 150.14 ആണ് സഞ്ജുവിന്റെ സ്‌ട്രൈക്കറേറ്റ്.

2020 മുതലുള്ള തുടര്‍ച്ചയായ നാല് സീസണിലും ആദ്യ മത്സരത്തില്‍ 50ലധികം റണ്‍സ് നേടാന്‍ സഞ്ജു സാംസണിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ മികച്ച തുടക്കം തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ സഞ്ജു പരാജയമാണ്. വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ദേശീയ ടീമിലേക്ക് മടങ്ങിവരവ് കടുപ്പം. ഇത്തവണ രാജസ്ഥാനെ കപ്പിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്.
ആദ്യ മത്സരത്തിലെ ടീമിന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ജോസ്ബ ബട്‌ലര്‍ അവസാന സീസണിലെ ഫോം തുടരുന്നുവെന്നതും ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യം. അതുകൊണ്ട് തന്നെ ഇത്തവണ കിരീടത്തില്‍ മുത്തമിടാമെന്ന വലിയ ആത്മവിശ്വാസം രാജസ്ഥാനുണ്ട്. എന്നാല്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും സഞ്ജു സ്ഥിരത കാട്ടേണ്ടത് അത്യാവശ്യമാണെന്ന് പറയാം.