ഐസിസിയുടെ ഏകദിന ലോകകപ്പ് ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ അവസാന ലോകകപ്പായിരിക്കും ഇത്. കൂടാതെ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയടക്കമുള്ളവര്‍ക്കും ഈ ലോകകപ്പ് അവസാനത്തേതായിരിക്കും.
അതുകൊണ്ടു തന്നെ ലോകകപ്പ് വിജയത്തോടെ പടിയിറങ്ങാനായിരിക്കും ഇതിഹാസ താരങ്ങളുടെ ആഗ്രഹം. പക്ഷെ ഇന്ത്യയിലെ സ്ലോ പിച്ചുകളില്‍ സ്പിന്‍ ബൗളിങിനെ ഏറ്റവും നന്നായി കൈകാര്യം ചെയ്യാന്‍ മിടുക്കുള്ള താരങ്ങളെ ഇന്ത്യക്കു ടീമില്‍ ആവശ്യമാണ്. നിലവില്‍ കോലിയടക്കമുള്ളവര്‍ സ്പിന്നിനെതിരേ അത്ര കേമന്‍മാരല്ല.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേയുള്ള ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം പരിഗണിക്കുമ്പോള്‍ ലോകകപ്പ് ടീമില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്ന ഒരാളുണ്ട്. അതു സഞ്ജു സാംസണാണ്. സ്പിന്നര്‍മാര്‍ക്കെതിരേ ഐപിഎല്ലില്‍ ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് അദ്ദേഹമാണെന്നു കണക്കുകള്‍ പറയുന്നു. 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവിനേക്കേള്‍ മുകളിലാണ് ഇവിടെ സഞ്ജുവിന്റെ സ്ഥാനമെന്നു കാണാം.
സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവും കുറഞ്ഞത് 120 ബോളുകളെങ്കിലും നേരിട്ട താരങ്ങളെയെടുത്താല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ളത് സഞ്ജു സാംസണിലാണ്. സൂര്യകുമാര്‍ യാദവിനു രണ്ടാംസ്ഥാനം മാത്രമേയുള്ളൂ. 170.31 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് സ്പിന്നര്‍മാര്‍ക്കെതിരേ സഞ്ജു സ്‌കോര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
സൂര്യയുടെ സ്‌ട്രൈക്ക് റേറ്റാവട്ടെ 153.33 ആണ്. ഇന്ത്യന്‍ താരങ്ങളില്‍ സ്‌ട്രൈക്ക് റേറ്റില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലുമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ ഓപ്പണര്‍ ജയ്‌സ്വാളിന്റെ സ്‌ട്രൈക്ക് റേറ്റ് 141.80ഉം ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ഗില്ലിന്റ സ്‌ട്രൈക്ക് റേറ്റ് 139.37ഉം ആണ്.

സ്‌ട്രൈക്ക് റേറ്റില്‍ മാത്രമല്ല സ്പിന്നര്‍മാര്‍ക്കെതിരേ ഈ ഐപിഎല്ലില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ചിരിക്കുന്നതും സഞ്ജു സാംസണ്‍ തന്നെ. 19 സിക്‌സറുകള്‍ അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. കൂടാതെ 10 ബൗണ്ടറികളും നേടി. സിക്‌സറുകളുടെ എണ്ണത്തില്‍ സഞ്ജുവിന്റെ അരികില്‍പ്പോലും സൂര്യയെ കാണാനാവില്ല. സ്പിന്നര്‍മാര്‍ക്കെതിരേ വെറും അഞ്ചു സിക്‌സറുകള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. എന്നാല്‍ ഫോറുകളില്‍ സഞ്ജുവിനും മുകളിലാണ് സൂര്യ (22 ഫോര്‍). സ്പിന്നര്‍മാര്‍ക്കെതിരേ ജയ്‌സ്വാള്‍ ഒമ്പതും ഗില്‍ ആറും സിക്‌സറുകളടിച്ചു.
അതേസമയം, ഐപിഎല്ലില്‍ ഇത്തവണ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റര്‍മാരെയെടുത്താല്‍ സൂര്യകുമാര്‍ യാദവ് മൂന്നാംസ്ഥാനത്തും സഞ്ജു സാംസണ്‍ 14ാം സ്ഥാനത്തുമാണ്. സീസണിന്റെ തുടക്കത്തില്‍ അത്ര മികച്ച പ്രകടനം നടത്താനായില്ലെങ്കിലും സൂര്യ പിന്നീട് ഫോമിലേക്കു കത്തിക്കയറുകയായിരുന്നു.
12 മല്‍സരങ്ങളില്‍ നിന്നും 43.54 ശരാശരിയില്‍ 190.88 സ്‌ട്രൈക്ക് റേറ്റില്‍ 479 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. സഞ്ജുവാകട്ടെ 12 മല്‍സരങ്ങളില്‍ നിന്നും നേടിയിരിക്കുന്നത് 356 റണ്‍സാണ്. ശരാശരി 35.60ഉം സ്‌ട്രൈക്ക് റേറ്റ് 156.14ഉം ആണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറും അദ്ദേഹം ഇത്തവണ നേടി.
അതേസമയം, ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഒരു ഏകദിനത്തില്‍പ്പോലും കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചിട്ടില്ല. ശ്രേയസ് അയ്യര്‍ക്കു പരിക്കേറ്റിട്ടും സഞ്ജുവിനെ ടീമിലേക്കു വിളിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. പകരം സൂര്യയെ ഈ റോളില്‍ പരീക്ഷിക്കുകയായിരുന്നു. എന്നാല്‍ ഏകദിനത്തില്‍ സ്‌കൈ തികഞ്ഞ പരാജയമായി മാറി. ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ അവസാന ഏകദിന പരമ്പരയില്‍ സൂര്യ മൂന്നു കളിയിലും ഗോള്‍ഡന്‍ ഡെക്കായിരുന്നു.