ഐപിഎല്ലിന്റെ ഈ സീസണില്‍ പ്ലേഓഫ് പോലും കാണാതെ രാജസ്ഥാന്‍ റോയല്‍സ് പുറത്തായതോടെ നായകന്‍ സഞ്ജു സാംസണ്‍ ടീം വിട്ടേക്കുമെന്നും, അദ്ദേഹത്തെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയേക്കില്ലെന്നുമെല്ലാം അഭ്യൂഹങ്ങള്‍ ശക്തമാണ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായിരുന്ന റോയല്‍സ് വന്‍ പ്രതീക്ഷകളോടെയായിരുന്നു ഇത്തവണ ഇറങ്ങിയത്.
കാരണം കഴിഞ്ഞ തവണത്തെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയായിരുന്നു റോയല്‍സിന്റെ വരവ്. കൂടാതെ ലേലത്തില്‍ പുതുതായി ചിലരെ ടീമിലേക്കു കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലായിരുന്നു റോയല്‍സ്. എന്നാല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട അവര്‍ പ്ലേഓഫിലെത്താതെ പുറത്താവുകയായിരുന്നു.

ഇതോടെ സഞ്ജു പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു. ഇത്രയും മികച്ച സ്‌ക്വാഡുണ്ടായിട്ടും ടീമിനെ വിജയിപ്പിക്കാന്‍ സാധിക്കാതെ പോയത് നായകന്‍ സഞ്ജു സാംസണിന്റെ കഴിവുകേടാണെന്നായിരുന്നു പലരുടെയും വിമര്‍ശനം. അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നു മാറ്റി പകരം ജോസ് ബട്‌ലറിനെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കണമെന്നും ആരാധകരുടെ ഭാഗത്തു നിന്നും ആവശ്യമുയര്‍ന്നിരുന്നു.
പക്ഷെ സഞ്ജു സാംസണിനെ ഒഴിവാക്കുകയെന്നത് രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് അസാധ്യമായ കാര്യം തന്നെയാണ് എന്നതാണ് യാഥാര്‍ഥ്യം. കാരണം റോയല്‍സെന്ന ബ്രാന്‍ഡിന്റെ അംബാസഡറായി അദ്ദേഹം മാറിയിരിക്കുകയാണ്. ഇത്രയുമധികം ആരാധകരെ റോയല്‍സിനു നേടിയെടുക്കാന്‍ സാധിച്ചത് സഞ്ജുവിന്റെ സാന്നിധ്യം കൊണ്ടു മാത്രമാണ്. ഇതിനു വലിയൊരു തെളിവ് കൂടിയുണ്ട്.
2021ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മൂല്യം 1,800 കോടി രൂപയായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം അതു 5,200 കോടി രൂപയാണ്. 2021നു ശേഷമാണ് ഫ്രാഞ്ചൈസിയുടെ മൂല്യം കുത്തനെ ഉയര്‍ന്ന് ഇപ്പോള്‍ ഇരട്ടിയിലേറെ എത്തിയിരിക്കുന്നതെന്നു കാണാം. 2021ല്‍ തന്നെയായിരുന്നു റോയല്‍സിന്റെ സ്ഥിരം ക്യാപ്റ്റനായി സഞ്ജു നിയമിതനായത്. അതിനു ശേഷമാണ് ക്ലബ്ബിന്റെ മൂല്യം ഇത്രയുമധികം ഉയര്‍ന്നിരിക്കുന്നത്.
ഇതു തീര്‍ച്ചയായും സഞ്ജു ഇഫക്ട് തന്നെയാണെന്നതില്‍ സംശയവുമില്ല. 2020ലെ സീസണിനു ശേഷം ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ സ്റ്റീവ് സ്മിത്തിനെ നായകസ്ഥാനത്തു നിന്നും നീക്കിയ റോയല്‍സ് പകരം ടീമിലെ ഏറ്റവും വിശ്വസ്തനായ സഞ്ജുവിനു ചുമതല നല്‍കുകയായിരുന്നു.
ക്യാപ്റ്റനായുള്ള കന്നി സീസണ്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് മികച്ചതായിരുന്നില്ല. എട്ടു ടീമുകളുടെ ലീഗില്‍ ഏഴാംസ്ഥാനത്തു അവര്‍ക്കു ഫിനിഷ് ചെയ്യേണ്ടി വരികയായിരുന്നു. സീസണിനു ശേഷം റോയല്‍സ് അടിമുടി ഉടച്ചുവാര്‍ക്കപ്പെട്ടു. സഞ്ജു, ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെയൊഴികെ മറ്റുള്ളവരെ മുഴുവന്‍ ഒഴിവാക്കിയ റോയല്‍സ് 2022ലെ ലേലത്തില്‍ മികച്ച പല കളിക്കാരെയും ടീമിലെത്തിക്കുകയായിരുന്നു. ഇതോടെ വളരെ സന്തുലിതമായ ടീമായി അവര്‍ മാറുകയും ചെയ്തു. ഇതിന്റെ ഫലമാണ് കഴിഞ്ഞ സീസണില്‍ കണ്ടത്.

2008ലെ പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയില്‍ ഐപിഎല്‍ കിരീടമുയര്‍ത്തിയ ശേഷം റോയല്‍സ് ആദ്യമായി ഫൈനല്‍ വരെയെത്തി. പക്ഷെ അവസാന കടമ്പയില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അവര്‍ക്കു കാലിടറുകയായിരുന്നു. എങ്കിലും റണ്ണറപ്പാവാന്‍ സാധിച്ചത് റോയല്‍സിന്റെ മൂല്യവും ഉയരാന്‍ സഹായിച്ചു.
സഞ്ജുവിന്റെ സാന്നിധ്യത്തോടൊപ്പം ഫൈനലിസ്റ്റുകളുമായതാണ് അവരുടെ മൂല്യത്തില്‍ വന്‍ വര്‍ധനവുണ്ടാക്കിയത്. അതിനിടെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈഗര്‍ ഗ്ലോബലെന്ന കമ്പനി 320 കോടി രൂപ രാജസ്ഥാന്‍ റോയല്‍സില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.
ഇതു റോയല്‍സിനെ ഇനിയും ഉയരങ്ങളിലെത്തിക്കാന്‍ സഹായിക്കുമെന്നുറപ്പാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സഞ്ജു സാംസണിനെ കൈവിടുന്നതോ, ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റുന്നതോ വലിയ മണ്ടത്തരമായിരിക്കുമെന്ന് ടീം മാനേജ്‌മെന്റിനറിയാം. അതുകൊണ്ടു തന്നെ സഞ്ജുവെന്ന വലിയ ബ്രാന്‍ഡിനെ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താന്‍ റോയല്‍സ് ഏതറ്റം വരെയും പോവുമെന്ന കാര്യത്തില്‍ സംശയം വേണ്ട.