നായകന്‍ സഞ്ജു സാംസണ്‍ കൊളുത്തിയ തീപ്പൊരിയില്‍ ഷിംറോണ്‍ ഹെറ്റ്‌മെര്‍ ആളിക്കത്തിയപ്പോള്‍ ഐപിഎല്ലിലെ സൂപ്പര്‍ പോരില്‍ ചാംപ്യന്‍മാരെ ചാരമാക്കി രാജസ്ഥാന്‍ റോയല്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവരുടെ മൈതാനത്തു മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് റോയല്‍സ് ആഘോഷിച്ചത്. ഇതാദ്യമായാണ് ജിടിക്കെതിരേ റോയല്‍സ് വിജയം നേടിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഫൈനലിലടക്കം മൂന്നു തവണ റോയല്‍സിനെതിരേ ജിടി വിജയം കൊയ്തിരുന്നു.
ഇന്നത്തെ കളിയില്‍ 60 റണ്‍സോടെ സഞ്ജു മുന്നില്‍ നിന്നു പടനയിച്ചപ്പോള്‍ ഹെറ്റ്‌മെയര്‍ 56 റണ്‍സോടെ പുറത്താവാതെ നിന്നു. 32 ബോളില്‍ ആറു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെട്ടതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ഹെറ്റ്‌മെയര്‍ 26 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ഫോറുമടക്കം 56 റണ്‍സോടെ പുറത്താവാതെ നിന്നു. സ്‌കോര്‍ ജിടി ഏഴിന് 177. രാജസ്ഥാന്‍ 19.2 ഓവറില്‍ ഏഴിന് 179.

178 റണ്‍സിന്റെ റണ്‍ചേസില്‍ റോയല്‍സിന്റെ തുടക്കം പാളിയിരുന്നു. പവര്‍പ്ലേയില്‍ തന്നെ ഓപ്പണിങ് ജോടികളായ ജോസ് ബട്‌ലറിനെയും (0) യശസ്വി ജയ്‌സ്വാളിനെയും (1) റോയല്‍സിനു നഷ്ടമായി. ന്നാല്‍ മൂന്നാം വിക്കറ്റില്‍ ശ്രദ്ധയോടെ കളിച്ച ദേവ്ദത്തും സഞ്ജുവും ചേര്‍ന്ന് 43 റണ്‍സിന്റെ കൂട്ടൂകെട്ടുമായി റോയല്‍സിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.
പക്ഷെ ദേവ്ദത്തും റിയാന്‍ പരാഗും അടുത്തടുത്ത ഇടവേളകളില്‍ മടങ്ങിയതോടെ റോയല്‍സ് നാലിനു 55 ലേക്കു വീണു. തുടര്‍ന്നായിരുന്നു റോയല്‍സ് ഇന്നിങസിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് കണ്ടത്. ജിടി ബൗളര്‍മാരെ തല്ലിപ്പറത്തിയ സഞ്ജുവും ഹെറ്റ്‌മെയറും ചേര്‍ന്ന് 59 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ സഞ്ജു സീസണിലെ രണ്ടാമത്തെ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെതിരേ ഹാട്രിക് സിക്‌സറുകളും ഇതിനിടെ താരം വാരിക്കൂട്ടി.
15ാം ഓവറിലെ അവസാന ബോളില്‍ സഞ്ജു പുറത്തായ ശേഷം ആക്രമണത്തിന്റെ ചുക്കാന്‍ ഹെറ്റ്‌മെയര്‍ ഏറ്റെടുക്കുകയായിരുന്നു. തന്റെ ദൗത്യം അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. ഏഴു റണ്‍സായിരുന്നു അവസാന ഓവറില്‍ ജിടിക്കു വേണ്ടിയിരുന്നത്. നൂര്‍ അഹമ്മദിന്റെ ആദ്യ ബോളില്‍ ഡബിളെടുത്ത ഹെറ്റ്‌മെയര്‍ അടുത്ത ബോള്‍ സിക്‌സറിലേക്കു പറത്തി ടീമിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ജിടി ഏഴു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സിലെത്തുകയായിരുന്നു. ടീമിലെ ഒരാള്‍ പോലും ഫിഫ്റ്റി നേടാതിരുന്നിട്ടും മികച്ചൊരു ടോട്ടലിലെത്താന്‍ അവരെ സഹായിച്ചത് താരങ്ങളുടെ കൂട്ടായ സംഭാവനയാണ്. ടീമിലെ രണ്ടു പേര്‍ ഫിഫ്റ്റിക്കു അരികില്‍ വരെയെത്തിയെങ്കിലും അതു പൂര്‍ത്തിയാക്കാനാവാതെ വിക്കറ്റ് നഷ്ടപ്പെടുത്തി. ടീമിലെ സ്‌പെഷ്യലിസ്റ്റ് ഫിനിഷര്‍ ഡേവിഡ് മില്ലറാണ് 46 റണ്‍സോടെ റോയല്‍സിന്റെ ടോപ്‌സ്‌കോററായത്. 30 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ഫോറും രണ്ടു സിക്‌സറുമടിച്ചു. 45 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലാണ് ജിടിയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 34 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ നാലു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (28), അഭിനവ് മനോഹര്‍ (27), സായ് സുദര്‍ശന്‍ (20) എന്നിവരും മോശമല്ലാത്ത സംഭവനകള്‍ നല്‍കി. പക്ഷെ മുന്‍ മല്‍സരങ്ങളില്‍ ജിടിക്കു പവര്‍പ്ലേയില്‍ മികച്ച സ്‌കോറുകള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഓപ്പണര്‍ വൃധിമാന്‍ സാഹയ്ക്കു ഈ മല്‍സരത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല. നാലു റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. പവര്‍പ്ലേ സ്‌പെഷ്യലിസ്റ്റായ ട്രെന്റ് ബോള്‍ട്ട് ഇന്നിങ്‌സിലെ മൂന്നാമത്തെ ബോളില്‍ തന്നെ സാഹയെ മടക്കി.
സ്വന്തം ബൗളിങില്‍ അദ്ദേഹം റിട്ടേണ്‍ ക്യാച്ചെടുക്കുകയായിരുന്നു. ആകാശത്തു കുത്തനെയുയര്‍ന്ന ക്യാച്ചെടുക്കാന്‍ പിറകില്‍ നിന്നും സഞ്ജു സാംസണും വലതു ഭാഗത്തു നിന്നും ഷിംറോണ്‍ ഹെറ്റ്‌മെയറും ഇടതു വശത്തു നിന്നും ധ്രുവ് ജുറേലും ഓടിയെത്തി. ബോള്‍ സഞ്ജുവിന്റെ ഗ്ലൗസിലേക്കു വന്നെങ്കിലും ഹെറ്റ്‌മെയര്‍ വന്നിടിച്ചതോടെ ബോള്‍ തെറിച്ചു. പക്ഷെ അരികില്‍ എല്ലാം നോക്കിനിന്ന ബോള്‍ട്ട് ഇതു അനായാസം കൈകളിലൊതുക്കുകയായിരുന്നു.
സുദര്‍ശനും പവര്‍പ്ലേയില്‍ മടങ്ങിയതോടെ റോയല്‍സ് അഞ്ചോവറില്‍ രണ്ടിന് 32. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഗില്ലിനു കൂട്ടായി ഹാര്‍ദിക് വന്നതോടെ ജിടി കളിയിലേക്കു തിരികെവന്നു. 59 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഹാര്‍ദിക്കും ഗില്ലും 16ാം ഓവറിനുള്ളില്‍ മടങ്ങിയതോടെ ജിടി നാലിന് 121. തുടര്‍ന്നായിരുന്നു മറ്റൊരു മികച്ച കൂട്ടുകെട്ട് കണ്ടത്. മില്ലര്‍- അഭിനവ് സഖ്യം 45 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ 160 കടക്കാന്‍ സഹായിക്കുകയും ചെയ്തു.
ടോസിനു ശേഷം റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ക്കു പകരം ട്രെന്റ് ബോള്‍ട്ട് ഈ മല്‍സരത്തില്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. മറുഭാഗത്തു വിജയ് ശങ്കര്‍ക്കു പകരം അഭിനവ് മനോഹര്‍ ടൈറ്റന്‍സിന്റെ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചു.
പ്ലെയിങ് ഇലവന്‍
ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, അല്‍സാറി ജോസഫ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ.
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആദം സാംപ, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചഹല്‍.