മുംബൈ: ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത റെക്കോഡുകളുടെ ഉടമയാണ് സച്ചിന്‍. കേവലമൊരു ക്രിക്കറ്റ് താരമെന്നതിലുപരിയായി ആരാധകരുടെ വികാരമായി മാറിയ കളിക്കാരനാണ് അദ്ദേഹം. നടന്നുപോയ വഴികളിലെല്ലാം താരം ചരിത്രം രചിക്കുകയും ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയില്‍ എല്ലാവരും അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ കരിയറിലേക്കും ഉറ്റുനോക്കുന്നുണ്ട്.
ഈ വര്‍ഷം മുംബൈ ഇന്ത്യന്‍സിലൂടെ അര്‍ജുന് അരങ്ങേറ്റം ലഭിച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. നല്ല ഫിറ്റ്‌നസുള്ള താരമാണെങ്കിലും ബൗളിങ് വേഗത 130ല്‍ താഴെയാണ്. റണ്ണിങ്ങിനനുസരിച്ചുള്ള വേഗം അര്‍ജുനില്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ അര്‍ജുനെ മുംബൈ കൈവിടാനും സാധ്യതകളേറെ. ക്രിക്കറ്റ് താരമെന്ന നിലയില്‍ അര്‍ജുന് വലിയ കരിയര്‍ സൃഷ്ടിക്കാനാവുമോയെന്ന കാര്യം ഇപ്പോള്‍ സംശയമാണ്.

ഇപ്പോഴിതാ അര്‍ജുന്റെ കരിയറിനെക്കുറിച്ചും താരത്തിന് നല്‍കിയ ഉപദേശത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 'എനിക്ക് ചുറ്റമുണ്ടായിരുന്നതുപോലെ മികച്ചൊരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് സ്വയം അഭിനന്ദിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവരും നിങ്ങളെ അഭിനന്ദിക്കും. ശ്രദ്ധ നല്‍കണമെന്നാണ് എന്റെ പിതാവ് എന്നോട് പറഞ്ഞിരുന്നത്. അതു തന്നെയാണ് ഇപ്പോള്‍ അര്‍ജുനോട് ഞാന്‍ പറയുന്നത്.
ഞാന്‍ വിരമിച്ച സമയത്ത് മാധ്യമങ്ങള്‍ ആശംസകളുമായെത്തിയിരുന്നു. ആ സമയത്ത് ഞാന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചത് അര്‍ജുന് സമ്മര്‍ദ്ദം നല്‍കരുതെന്നും ക്രിക്കറ്റില്‍ ശ്രദ്ധിക്കാനുള്ള സമയം നല്‍കണമെന്നുമാണ്. മാധ്യമങ്ങള്‍ എനിക്ക് ഈ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതിന് അവരോട് നന്ദിയുണ്ട്'- സച്ചിന്‍ പറഞ്ഞു. എന്നാല്‍ സച്ചിന്റെ മകനെന്ന നിലയില്‍ ഇതിനോടകം വലിയ മാധ്യമ ശ്രദ്ധ അര്‍ജുന് ലഭിക്കുന്നുണ്ട്. അര്‍ജുനെക്കുറിച്ചുള്ള ചര്‍ച്ചകളും ട്രോളുകളും ആരാധകര്‍ക്കിടയില്‍ സജീവമായുണ്ട്.
അര്‍ജുന്‍ സച്ചിന്റെ വിലകളയുന്നവനാണെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ അര്‍ജുന് വലിയൊരു ഭാവി ക്രിക്കറ്റിലുണ്ടാവുമെന്ന് കരുതാനാവില്ല. പേസ് ബൗളറെന്ന നിലയില്‍ താരം ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. അര്‍ജുന്റെ പ്രധാന പ്രശ്‌നം വേഗമില്ലെന്നതാണ്. മികച്ച റണ്ണപ്പാണെങ്കിലും അതിനനുസരിച്ചുള്ള വേഗം കണ്ടെത്താന്‍ അര്‍ജുന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ടി20യിലെ തല്ലുകൊള്ളിയായി അര്‍ജുന്‍ മാറും.

ബാറ്റുകൊണ്ടും അര്‍ജുന് കാര്യമായൊരു പ്രകടനം നടത്താനായിട്ടില്ല. അര്‍ജുന്റെ പ്രായം 23 മാത്രമാണ്. നാല് ഐപിഎല്ലില്‍ നിന്ന് മൂന്ന് വിക്കറ്റ് നേടിയ അര്‍ജുന്റെ ഇക്കോണമി 9.36 ആണ്. 13 റണ്‍സും അദ്ദേഹം നേടി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയില്‍ അര്‍ജുനില്‍ നിന്ന് ആരാധകര്‍ വലിയ പ്രകടനം പ്രതീക്ഷിക്കുന്നു. പക്ഷെ അതിനുള്ള പ്രതിഭ അര്‍ജുനുണ്ടെന്ന് കരുതുന്നില്ല. 23 വയസ് ക്രിക്കറ്റിലെ ചെറിയ പ്രായമല്ല. ശുബ്മാന്‍ ഗില്ലിന് 23 വയസ് മാത്രമാണ് പ്രായം.
തിലക് വര്‍മ, യശ്വസി ജയ്‌സ്വാള്‍ തുടങ്ങി ചെറിയ പ്രായത്തില്‍ത്തന്നെ തിളങ്ങുന്നവര്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ അര്‍ജുന്റെ പ്രകടനത്തെ പ്രായത്തിന്റെ പേരില്‍ ന്യായീകരിക്കാനാവില്ല. സച്ചിന്റെ മകനായതിനാല്‍ വലിയ പ്രകടനം നടത്തണമെന്ന സമ്മര്‍ദ്ദം ഇതിനോടകം അര്‍ജുനുണ്ട്. ഇത് അര്‍ജുന്റെ കരിയറിനെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. സച്ചിന്റെ പ്രതിഭയുമായി ഒരിക്കലും അര്‍ജുനെ താരതമ്യപ്പെടുത്താനാവില്ല.
തന്റെ കരിയറിനെ രൂപപ്പെടുത്തുന്നതില്‍ കുടുംബം വഹിച്ച പങ്കിനെക്കുറിച്ചും സച്ചിന്‍ വെളിപ്പെടുത്തി. 'ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ എനിക്ക് നിരവധി തവണ പരിക്കേറ്റു. രണ്ട് കാലിനും ശസ്ത്രക്രിയ വേണ്ടിവന്നു. എന്നാല്‍ അഞ്ജലി ഓസ്‌ട്രേലിയയിലേക്കെത്തി ശസ്ത്രക്രിയ ചെയ്യേണ്ടെന്ന് പറഞ്ഞു. പിന്നീട് അഞ്ജലിയുടെ പരിചരണത്തിലൂടെയാണ് ഞാന്‍ സുഖപ്പെട്ടത്'- സച്ചിന്‍ പറഞ്ഞു. അര്‍ജുന് കുടുംബത്തില്‍ നിന്ന് വലിയ പിന്തുണയുണ്ടെങ്കിലും അതിനൊത്ത മികവുകാട്ടാന്‍ താരത്തിനാവുന്നില്ല.