മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ആറാം കിരീട മോഹത്തോടെ ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മടക്ക ടിക്കറ്റ് നല്‍കിയത് ഗുജറാത്ത് ടൈറ്റന്‍സാണ്. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ നാണംകെടുത്തി ഗുജറാത്ത് ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു. മുംബൈയുടെ വഴിയടച്ച് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ശുബ്മാന്‍ ഗില്ലാണ്. 60 പന്തില്‍ 129 റണ്‍സുമായി ഗില്‍ നടത്തിയ പ്രകടനമാണ് മുംബൈയെ തകര്‍ത്തത്.
മുംബൈയുടെ പേരുകേട്ട ബൗളര്‍മാരെ തല്ലിപ്പറത്തിയ ഗില്‍ 32 പന്തില്‍ ഫിഫ്റ്റിയും പിന്നീട് നേരിട്ട 17 പന്തില്‍ നിന്ന് സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ക്രിക്കറ്റിലെ ഒട്ടുമിക്ക പ്രമുഖരും ഗില്ലിന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു. മത്സരശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറോട് ശുബ്മാന്‍ ഗില്‍ സംസാരിച്ചിരിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഗില്ലിന്റെ പ്രകടനം അവിസ്മരണീയമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സച്ചിന്‍.

തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഗില്ലിനെ പ്രശംസിക്കുകയും സിഎസ്‌കെയ്‌ക്കെതിരായ ഫൈനലിന് മുമ്പ് ആശംസകള്‍ നേര്‍ന്നും സച്ചിന്‍ പോസ്റ്റിട്ടത്. ഇതിനോടകം ഈ ട്വീറ്റ് വൈറലായിക്കഴിഞ്ഞു. 'ഈ സീസണിലെ ശുബ്മാന്‍ ഗില്ലിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. മായാത്ത ആഘാതം അവശേഷിപ്പിക്കുന്നതായിരുന്നു രണ്ട് സെഞ്ച്വറികള്‍.
ഒരു സെഞ്ച്വറി മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ക്ക് തിരികൊളുത്തിയപ്പോള്‍ മറ്റൊന്ന് അവര്‍ക്ക് പ്രഹരമേല്‍പ്പിച്ചു. ക്രിക്കറ്റിന്റെ പ്രവചിക്കാനാവാത്ത സ്വഭാവം അതാണ്'- എന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്. ഭാവി ഇതിഹാസമെന്നും സൂപ്പര്‍ താരമെന്നും വിശേഷിപ്പിക്കപ്പെടുന്ന ഗില്ലിന്റെ പ്രകടന നിലവാരത്തെ സച്ചിന്‍ പ്രശംസിച്ചത് താരത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്നുറപ്പ്. സച്ചിന്റെയും വിരാട് കോലിയുടെയും പല റെക്കോഡുകളും ഗില്‍ ഭാവിയില്‍ തകര്‍ക്കുമെന്ന് തന്നെ നിലവില്‍ വിലയിരുത്താം.
എന്നാല്‍ ശുബ്മാന്‍ ഗില്ലിനെ പ്രശംസിച്ചുകൊണ്ടുള്ള സച്ചിന്റെ ട്വീറ്റിന് പിന്നാലെ ആരാധകര്‍ സച്ചിന്റെ മകള്‍ സാറാ ടെണ്ടുല്‍ക്കറുമായി ബന്ധപ്പെടുത്തിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. സാറാ ടെണ്ടുല്‍ക്കറും ശുബ്മാന്‍ ഗില്ലും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് ഏറെ നാളുകളായി എയറിലുണ്ട്. കഴിഞ്ഞ ദിവസം ശുബ്മാന്‍ ഗില്ലിന്റെ കാമുകിയെന്ന് എല്ലാവരും പറഞ്ഞ സാറാ അലി ഖാനുമായി താരം വേര്‍പിരിഞ്ഞു.

ഇരുവരും സാമൂഹ്യ മാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്യുകയും ഗില്‍ ബ്രേക്കപ്പ് സൂചന നല്‍കുന്ന പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതോടെ സാറാ ടെണ്ടുല്‍ക്കറുമായി ഗില്‍ പ്രണയത്തിലാണെന്ന അഭ്യൂഹം വീണ്ടും ശക്തമായി. മുംബൈ-ഗുജറാത്ത് മത്സര ശേഷം സച്ചിനൊപ്പം ഗില്ലിരിക്കുന്ന ചിത്രവും സച്ചിന്റെ മകനും മുംബൈ താരവുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറുമായി ഗില്‍ സംസാരിക്കുന്നതിന്റെ ചിത്രവും വൈറലായിരുന്നു.
ഇതിന് പിന്നാലെ സച്ചിന്റെ ഗില്ലിനെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റുകൂടി എത്തിയപ്പോള്‍ പ്രണയ ഗോസിപ്പ് വീണ്ടും ശക്തമാവുകയാണ്. സച്ചിന്റെ അക്കൗണ്ടില്‍ നിന്ന് സാറ എഴുതിവിട്ട പോസ്റ്റാണോയിതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വിരാട് കോലിയുടെ സെഞ്ച്വറിയും തിലക് വര്‍മയുടെയും യശ്വസി ജയ്‌സ്വാളിന്റെയും പ്രകടനങ്ങളെ പ്രശംസിക്കാന്‍ സച്ചിന്‍ മറന്നുപോയതാണോയെന്നും ആരാധകര്‍ ചോദിക്കുന്നു.
സച്ചിന്റെ മരുമകനായി ഗില്ലിനെ ഉറപ്പിച്ചുവെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നത്. ഭാവി സൂപ്പര്‍ താരമാണ് ഗില്ലെന്ന് സച്ചിന് നന്നായി അറിയാമെന്നും അതുകൊണ്ട് തന്നെ മകളുടെ വരനായി ഗില്ലിനെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹത്തിനറിയാമെന്നുമെല്ലാം ആരാധകര്‍ പറയുന്നു. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതുള്ള ഗില്‍ കോലിക്ക് ശേഷം ഒരു സീസണില്‍ 800ലധികം റണ്‍സ് നേടുന്ന ആദ്യ താരം കൂടിയാണ്.
സച്ചിന്‍ പ്രതിഭ മനസിലാക്കിയാണ് ഗില്ലിനെ പ്രശംസിച്ച് പോസ്റ്റിട്ടതെങ്കിലും ആരാധകര്‍ അത് വളച്ചൊടിച്ച് സാറയുമായി ബന്ധപ്പെടുത്തി പ്രതികരിക്കുകയാണ്. എന്നാല്‍ സാറാ ടെണ്ടുല്‍ക്കറുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ ഗില്‍ നിഷേധിച്ചിരുന്നു. പക്ഷെ സാറാ അലി ഖാനുമായി പ്രണയത്തിലാണെന്ന സൂചന താരം നല്‍കിയിട്ടുണ്ടായിരുന്നു. എന്തായാലും രണ്ട് സാറമാരും ഗില്ലിന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ സജീവമാണ്.