ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് ശേഷം വിവാഹിതനാവാന്‍ ഒരുങ്ങുകയാണ് സിഎസ്‌കെയുടെ റുതുരാജ് ഗെയ്ക് വാദ്. മുന്‍ ഓറഞ്ച് ക്യാപ്പ് ജേതാവായ റുതുരാജ് ഈ സീസണിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണിങ്ങില്‍ സ്ഥിരതയോടെ കളിക്കുന്ന റുതുരാജ് വിവാഹത്തിനുവേണ്ടി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
റുതുരാജിന്റെ വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ വധുവിനെ തിരയുകയാണ് ആരാധകര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ അധികം സജീവമാകാത്ത റുതുരാജ് ഗോസിപ്പ് കോളത്തിലും അധികം പേരുചേര്‍ക്കാത്ത താരമാണ്. ജൂണ്‍ ആദ്യ വാരം വിവാഹത്തിനൊരുങ്ങുന്ന റുതുരാജിന്റെ വധുവാകാന്‍ പോകുന്നത് ബാല്യകാല സുഹൃത്തായ ഉദ്കര്‍ഷയെയാണ്. ഐപിഎല്ലിന്റെ ഫൈനലിന് ശേഷം വിവാഹത്തിനായി താരം നാട്ടിലേക്ക് പോവും.

ഏറെ നാളുകളായുള്ള പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്കെത്തുന്നത്. ഇരുവരും ഒരുമിച്ച് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് പ്രണയ വാര്‍ത്തകളും പുറത്തുവരുന്നത്. റുതുരാജ് ഇത്തരം ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഉദ്കര്‍ഷ ഇത്തരം ചിത്രങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
എന്നാല്‍ ഉദ്കര്‍ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ബാല്യകാല സുഹൃത്തെന്ന് മാത്രമാണ് വിവരം. അതേ സമയം 2021ല്‍ റുതുരാജിന്റെ കാമുകിയെന്ന പേരില്‍ മറാഠി നായിക സയാലി സഞ്ജീവുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. റുതുരാജ് സയാലിയുടെ ചിത്രം ഹൃദയത്തിന്റെ ഇമോജി ഉള്‍പ്പെടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇത് വൈറലാവുകയും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുകയും ചെയ്തു.
എന്നാല്‍ ഈ പ്രണയവാര്‍ത്തകളെല്ലാം റുതുരാജ് നേരത്തെ തള്ളിക്കളഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ച് തുറന്ന് പറയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. പൊതുവേ ശാന്തനായ താരമാണ് റുതുരാജ്. അതുകൊണ്ട് തന്നെ അധികം ഗോസിപ്പ് സൃഷ്ടിച്ചിട്ടുമില്ല. പൊതുവേദികളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്ന താരം മൈതാനത്തും വളരെ ശാന്തനായ കളിക്കാരനാണ്.
ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് റുതുരാജ് വിട്ടുനില്‍ക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് വിവാഹ വാര്‍ത്തകളും പുറത്തറിയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അത്ര സജീവമല്ലെങ്കിലും സിഎസ്‌കെയിലെ പ്രധാന താരമാണ് റുതുരാജ്. എംഎസ് ധോണിക്ക് ശേഷം സിഎസ്‌കെയുടെ നായകസ്ഥാനത്തേക്കെത്താനും സാധ്യതയുള്ള താരമായാണ് റുതുരാജിനെ വിശേഷിപ്പിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിലും വലിയ ഭാവി റുതുരാജിനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ആറാം വയസ് മുതല്‍ ക്രിക്കറ്റ് കളിക്കുന്ന താരം 11ാം വയസിലാണ് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്കെത്തുന്നത്. പൂനെയിലെ വെങ്‌സര്‍ക്കാര്‍ ക്രിക്കറ്റ് അക്കാദമിയിലാണ് റുതുരാജിന്റെ പരിശീലനവും വളര്‍ച്ചയും. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യന്‍ ബ്ലൂ, ഇന്ത്യ അണ്ടര്‍ 23 ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള റുതുരാജ് ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രക്കായാണ് കളിക്കുന്നത്.

2019ല്‍ 20 ലക്ഷം രൂപക്കാണ് റുതുരാജ് സിഎസ്‌കെയിലെത്തുന്നത്. ഇപ്പോള്‍ 6 കോടിയാണ് റുതുരാജിന്റെ പ്രതിഫലം. 24കാരനായ താരത്തിന് ഇപ്പോള്‍ 30 കോടിയോളം ആസ്തിയുണ്ട്. മൈ 11 സര്‍ക്കിളിന്റെ അംബാസഡറാണ് റുതുരാജ്. ബിഎംഡബ്ല്യു, ഔഡി എന്നീ ബ്രാന്റുകളുടെ കാറുകളും റുതുരാജിനുണ്ട്. വലിയ വളര്‍ച്ച കരിയറിലും സാമ്പത്തികമായും റുതുരാജിനുണ്ട്.
ഈ സീസണില്‍ 15 മത്സരത്തില്‍ നിന്ന് 564 റണ്‍സാണ് റുതുരാജ് നേടിയത്. 43.38 ശരാശരിയും 146ന് മുകളില്‍ സ്‌ട്രൈക്കറേറ്റും റുതുരാജിനുണ്ട്. നാല് ഫിഫ്റ്റി നേടിയ താരത്തിന്റെ ബാറ്റിങ്ങില്‍ ഫൈനലിലും സിഎസ്‌കെ വലിയ പ്രതീക്ഷവെക്കുന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറായി എത്താന്‍ സാധ്യതയുള്ള താരമാണ് റുതുരാജ് ഗെയ്ക് വാദ്. ഐപിഎല്‍ കിരീടം നേടി റുതുരാജ് വിവാഹത്തിനായി യാത്രയാവുമോയെന്ന് കണ്ടറിയാം.