ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള പോരാട്ടത്തില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് ഇടംകൈയന്‍ ഓപ്പണര്‍. 21 വയസ്സും 130 ദിവസവും പ്രായമുള്ളപ്പോഴാണ് ജയ്‌സ്വാള്‍ ഐപിഎല്ലില്‍ നാലക്കം കടന്നിരിക്കുന്നത്. തന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണിനെയടക്കം പിന്തള്ളിയാണ് താരത്തിന്റെ വമ്പന്‍ നേട്ടം.
പക്ഷെ റിഷഭ് പന്തിന്റെ ഓള്‍ടൈം റെക്കോര്‍ഡ് തര്‍ക്കാന്‍ ജയ്‌സ്വാളിനായില്ല. 20 വയസ്സും 218 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം റിഷഭ് വമ്പന്‍ നാഴികക്കല്ല് പിന്നിട്ടത്. ഈ ലിസ്റ്റില്‍ ജയ്‌സ്വാള്‍ കഴിഞ്ഞാല്‍ മൂന്നു മുതല്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ പൃഥ്വി ഷാ (21 വയസ്സ്, 169 ദിവസം), സഞ്ജു സാംസണ്‍ (21 വയസ്സ്, 183 ദിവസം), ശുഭ്മന്‍ ഗില്‍ (21 വയസ്സ്, 222 ദിവസം), ദേവ്ദത്ത് പടിക്കല്‍ (21 വയസ്സ്, 285 ദിവസം) എന്നിവരാണ്.

പ്രായം കുറഞ്ഞവരുടെ എലൈറ്റ് ക്ലബ്ബില്‍ രണ്ടാംസ്ഥാനത്തേക്കു കയറുക മാത്രമല്ല ഐപിഎല്ലില്‍ ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും 1000 റണ്‍സ് പൂര്‍ത്താക്കിയ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും യശസ്വി ജയ്‌സ്വാളിനെ തേടിയെത്തി. വെറും 34 ഇന്നിങ്‌സുകള്‍ മാത്രമേ അദ്ദേഹത്തിനു 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നുള്ളൂ. നേരത്തേ റിഷഭ് പന്തും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഇരുവര്‍ക്കും 35 ഇന്നിങ്‌സുകള്‍ വീതമാണ് ആവശ്യമായി വന്നത്. ഇതാണ് ജയ്‌സ്വാള്‍ പഴങ്കഥയാക്കിയിരിക്കുന്നത്.
അതേസമയം, മികച്ച തുടക്കം ലഭിച്ചെങ്കിലും ഈ മല്‍സരത്തില്‍ അതു വലിയൊരു സ്‌കോറാക്കി മാറ്റിയെടുക്കാന്‍ യശസ്വി ജയ്‌സാളിനായില്ല. 35 റണ്‍സെടുത്ത് താരം ക്രീസ് വിടുകയായിരുന്നു. വെറും 18 ബോളുകളില്‍ നിന്നാണ് ജയ്‌സ്വാള്‍ 35 റണ്‍സ് വാരിക്കൂട്ടിയത്. അഞ്ചു ഫോറും രണ്ടു സിക്‌സറുകളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സീസണില്‍ വീണ്ടുമൊരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിക്കുമെന്നിരിക്കെയാണ് പവര്‍പ്ലേയില്‍ ജയ്‌സ്വാള്‍ മടങ്ങിയത്. അഞ്ചാം ഓവറിലെ അവസാന ബോളിലായിരുന്നു ഇത്.

സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ യാന്‍സാണ് ജയ്‌സ്വാളിനെ പുറത്താക്കി ഹൈദരാബാദിനു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. ഓഫ് സ്റ്റംപിന് പുറത്ത് ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളായിരുന്നു ഇത്. ഇതു തേര്‍ഡ് മാനിലേക്കു വഴി തിരിച്ചുവിട്ട് ബൗണ്ടറി നേടാനായിരുന്നു ജയ്‌സ്വാളിന്റെ ശ്രമം. പക്ഷെ ഇതു പാളുകയായിരുന്നു. ഷോര്‍ട്ട് തേര്‍ഡ് മാനില്‍ നേരെ ടി നടരാജന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്. അദ്ദേഹം ഇതു അനായാസം കൈയ്ക്കുള്ളിലാക്കുകയും ചെയ്തു.