Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: എന്തുകൊണ്ട് 19ാം ഓവറില്‍ ആ റിസ്‌കെടുത്തു? സഞ്ജു ചെയ്തത് ശരി! കാരണമുണ്ട്

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ വളരെ നിര്‍ണായകമായ 19ാം ഓവറിലെ നീക്കത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റും വെസ്റ്റ് ഇന്‍ഡീസിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുയും ചെയ്തിട്ടുള്ള ഒബെഡ് മക്കോയ്ക്ക് ഈ ഓവര്‍ കൊടുക്കാന്‍ സഞ്ജു ധൈര്യം കാണിച്ചില്ല.

പകരം അന്താരാഷ്ട്ര മല്‍സരം തീരെയില്ലാത്ത കുല്‍ദിപ് യാദവിനെ ഈ ഓവറില്‍ പരീക്ഷിക്കുകയായിരുന്നു. കളി മാറ്റിമറിച്ചതും ഈ ഓവറായിരുന്നു. മൂന്നു സിക്‌സറും ഒരു ഫോറുമടക്കം 24 റണ്‍സാണ് ഹൈദരാബാദ് വാരിക്കൂട്ടിയത്. ഇതിന്റെ പേരില്‍ ആരാധകരും മുന്‍ താരങ്ങളുമെല്ലാം സഞ്ജുവിനെ ഒരുപോലെ വിമര്‍ശിക്കുകയാണ്.

SANJU SAMSON

പക്ഷെ ഈയൊരു തീരുമാനത്തിന്റെ പേരില്‍ ഇത്ര മാത്രം അദ്ദേഹത്തെ ക്രൂശിക്കുന്നത് ശരിയല്ല. കാരണം ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ സഞ്ജുവിനെ പ്രേരിപ്പിച്ച ചില ഘടകങ്ങള്‍ തീര്‍ച്ചയായുമുണ്ട്. അല്ലാതെ പെട്ടെന്നൊരു നിമിഷത്തില്‍ അദ്ദേഹം ധൃതി പിടിച്ചെടുത്ത ഒരു തീരുമാനമാണ് ഇതെന്നു പറയാന്‍ കഴിയില്ല. ചില കാര്യങ്ങള്‍ തീര്‍ച്ചയായും പരിഗണിച്ച് തന്നെയായിരിക്കും ഇങ്ങനെയൊരു ചൂതാട്ടം നടത്താന്‍ സഞ്ജു തീരുമാനിച്ചിരിക്കുക.

ഇതില്‍ ആദ്യത്തെ കാരണം മുംബൈ ഇന്ത്യന്‍സിനെതിരേ കഴിഞ്ഞ മാസം 30ന് വാംഖഡെയില്‍ നടന്ന മല്‍സരത്തിലേറ്റ ഷോക്ക് ട്രീറ്റ്‌മെന്റ് തന്നെയായിരിക്കും. ഈ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം 212 റണ്‍സെന്ന വലിയൊരു ടോട്ടല്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ കളിയാതെ റോയല്‍സ് പരാജയത്തിലേക്കു വീണിരുന്നു. ഡെത്ത് ഓവര്‍ ബൗളിങില്‍ ടീം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഈ മല്‍സരത്തില്‍ ജേസണ്‍ ഹോള്‍ഡറിനെ റോയല്‍സ് കളിപ്പിച്ചിരുന്നു. പക്ഷെ ഇതു വലിയ ദുരന്തത്തിലാണ് കലാശിച്ചത്.

3.3 ഓവറില്‍ 15.70 ശരാശരിയില്‍ വിക്കറ്റൊന്നുമില്ലാതെ ജേസണ്‍ ഹോള്‍ഡര്‍ വഴങ്ങിയത് 55 റണ്‍സായിരുന്നു. അന്നു 19ാം ഓവര്‍ സന്ദീപ് ശര്‍മയെയും 20ാം ഓവര്‍ ഹോള്‍ഡറെയും കൊണ്ടായിരുന്നു സഞ്ജു സാംസണ്‍ ബൗള്‍ ചെയ്യിച്ചത്. 19ാം ഓവറില്‍ ഓരോ ഫോറും സിക്‌സറുമടക്കം 15 റണ്‍സ് സന്ദീപ് വിട്ടുകൊടുത്തു. അവസാന ഓവറില്‍ മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 17 റണ്‍സായിരുന്നു.

ഏറെ അനുഭവസമ്പത്തുള്ള ഹോള്‍ഡര്‍ ഇതു പ്രതിരോധിച്ച് ടീമിനെ ജയിപ്പിക്കുമെന്നായിരുന്നു സഞ്ജുവിന്റെ കണക്കുകൂട്ടല്‍. പക്ഷെ യോര്‍ക്കറിനു ശ്രമിച്ച ഹോള്‍ഡറുടെ ആദ്യ മൂന്നു ബോളും ഫുള്‍ ടോസുകളായി മാറി. ടിം ഡേവിഡ് ഇവയെല്ലാം സിക്‌സറിലേക്കു പറത്തുകയും മൂന്നു ബോള്‍ ബാക്കി നില്‍ക്കെ മുംബൈയ്ക്കു മിന്നുന്ന ജയം സമ്മാനിക്കുകയും ചെയ്തു.

SANJU- HOLDER

അന്നു ഹോള്‍ഡറുടെ അനുഭവസമ്പത്തില്‍ വിശ്വസിച്ച സഞ്ജുവിന് വലിയ ഷോക്കാണ് നേരിട്ടത്. അതുകൊണ്ട് തന്നെയായിരിക്കാം പരിചയസമ്പത്തുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ മറ്റൊരു താരമായ മക്കോയ്ക്ക് 19ാം ഓവര്‍ നല്‍കാന്‍ സഞ്ജു ഭയന്നത്. അതു മാത്രമല്ല ഈ മല്‍സരത്തില്‍ ആദ്യ മൂന്നോവറില്‍ 23 റണ്‍സായിരുന്നു കുല്‍ദിപ് വഴങ്ങിയത്. മക്കോയ് ആവട്ടെ ഒരോവറില്‍ 13 റണ്‍സും വിട്ടുകൊടുത്തു. അപ്പോള്‍ പിന്നെ കുല്‍ദിപില്‍ സഞ്ജു കൂടുതല്‍ വിശ്വാസമര്‍പ്പിച്ചതില്‍ എന്താണ് തെറ്റ്? ഇതുകൂടാതെ മക്കോയിയെ മാറ്റി നിര്‍ത്താന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരിക്കാം.

ദൈര്‍ഘ്യമേറിയ പരിക്കില്‍ നിന്നും മുക്തനായാണ് മക്കോയ് കളിക്കളത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്. കളിയില്‍ തന്റെ ആദ്യ ഓവറില്‍ ചില ഷോര്‍ട്ട് ബോളുകളും വൈഡുകളും അദ്ദേഹം എറിയുകയും ചെയ്തിരുന്നു. ബൗളിങില്‍ ഇനിയും പഴയ താളത്തിലേക്കു മക്കോയ് തിരിച്ചെത്തയിട്ടില്ലെന്നു ഇതു അടിവരയിടുന്നു. ഇങ്ങനെയൊരാളെ എന്തു ധൈര്യത്തിലാണ് 19ാം ഓവര്‍ സഞ്ജു ഏല്‍പ്പിക്കുക?

അപ്പോള്‍ പിന്നെ മല്‍സരത്തില്‍ അതുവരെ ഭേദപ്പെട്ട ബൗളിങ് കാഴ്ചവച്ച കുല്‍ദിപിനെ അദ്ദേഹം ഈ ഓവര്‍ ഏല്‍പ്പിച്ചതില്‍ ആര്‍ക്കും കുറ്റം പറയാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍ സഞ്ജുവിന്റെ കണക്കുകൂട്ടല്‍ പോലെ കാര്യങ്ങള്‍ നടന്നില്ല. എന്നാല്‍ ഈ മല്‍സരത്തില്‍ റോയല്‍സ് വിജയിച്ചിരുന്നെങ്കില്‍ ക്യാപ്റ്റന്‍സി ബ്രില്ല്യന്‍സെന്നു പറഞ്ഞ് ഇപ്പോള്‍ ക്രൂശിക്കുന്നവരെല്ലാം സഞ്ജുവിനെ വാഴ്ത്തുമായിരുന്നു.

Story first published: Monday, May 8, 2023, 16:10 [IST]
Other articles published on May 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+