സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ താരം. ന്യൂസിലാന്‍ഡിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സൈമണ്‍ ഡൂളാണ് സഞ്ജുവിന്റെ ഗെയിം പ്ലാന്‍ ചോദ്യം ചെയ്തിരിക്കുന്നത്്. ക്രിക്ക് ബസിന്റെ ഷോയില്‍ റോയല്‍സും ഹൈദരാബാദും തമ്മിലുള്ള മല്‍സരത്തെ വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോയിന്റ് പട്ടിയകയിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് നാലു വിക്കറ്റിനായിരുന്നു റോയല്‍സിനെ സ്തബ്ധരാക്കിയത്. 215 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം അവസാന ബോളില്‍ ഹൈദരാബാദ് മറികടക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഒബെഡ് മക്കോയിയെ ആയിരുന്നു ഈ മല്‍സരത്തില്‍ റോയല്‍സ് ഇംപാക്ട് പ്ലെയറായി ഇറക്കിയത്. പക്ഷെ അദ്ദേഹത്തെ വേണ്ടത്ര ഉപയോഗിക്കുന്നതില്‍ സഞ്ജു സാംസണ്‍ പരാജയപ്പെട്ടിരുന്നു.

ഒരോവര്‍ മാത്രമാണ് മല്‍സരത്തില്‍ മക്കോയിയെ കൊണ്ട് ബൗള്‍ ചെയിച്ചത്. വിക്കറ്റൊന്നുമില്ലാതെ 13 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു സഞ്ജു പിന്നെ അവസരം നല്‍കിയതുമില്ല. 17ാം ഓവറിലായിരുന്നു മക്കോയ് കളിയില്‍ പരീക്ഷിക്കപ്പെട്ടത്. രണ്ടാമത്തെ ബോളില്‍ തന്നെ രാഹുല്‍ ത്രിപാഠിയുടെ വിക്കറ്റും അദ്ദേഹത്തിനു ലഭിക്കേണ്ടതായിരുന്നു. പക്ഷെ സിംപിള്‍ ക്യാച്ച് വിക്കറ്റിന പിന്നില്‍ സഞ്ജു കൈവിടുകയായിരുന്നു.
ലെഗ് സൈഡിലേക്കു പോയ ലെങ്ത്ത് ബോളിനെതിരേ ത്രിപാഠി പുള്‍ ഷോട്ടിനു മുതിര്‍ന്നു. പക്ഷെ എഡ്ജായ ബോള്‍ നേരെ സഞ്ജുവിന്റെ കൈകളിലേക്കാണ് വന്നത്. പക്ഷെ കൈകളില്‍ കുത്തിയുയര്‍ന്ന ബോള്‍ അദ്ദേഹത്തില്‍ നിന്നും വഴുതി താഴെ വീഴുകയായിരുന്നു. തൊട്ടടുത്ത ബോളില്‍ ത്രിപാഠി സിക്‌സര്‍ പറത്തുകയും ചെയ്തു.
ഇംപാക്ട് പ്ലെയറായി കൊണ്ടുവന്നിട്ടും ഒബെഡ് മക്കോയ്ക്കു സഞ്ജു സാംസണ്‍ എന്തുകൊണ്ടാണ് ബൗളിങില്‍ മതിയായ അവസരങ്ങള്‍ നല്‍കാതിരുന്നതെന്നു സൈമണ്‍ ഡൂള്‍ ചോദിക്കുന്നു. എന്തിനാണ് ഒബെഡ് മക്കോയിയെ ഇംപാക്ട് പ്ലെയറായി റോയല്‍സ് കളിപ്പിച്ചത്? തീര്‍ച്ചയായും ഡെത്ത് ഓവറുകളിലെ ബൗളിങിന്റെ പേരില്‍ തന്നെയാണിത്. മക്കോയ് ഒരോവറില്‍ 13 റണ്‍സ് വിട്ടുകൊടുത്തുവെന്നത് ശരിതന്നെ. പക്ഷെ സഞ്ജു ഈ ഓവറില്‍ ഒരു സിംപിള്‍ ക്യാച്ച് പാഴാക്കിയിരുന്നു. എത്ര അനായാസ ക്യാച്ചായിരുന്നു അത്. ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിക്കറ്റ് കൂടിയായിരുന്നു ഇത്.

13 റണ്‍സ് ഒരോവറില്‍ വിട്ടുനല്‍കിയെങ്കിലും ഡെത്ത് ഓവറുകളില്‍ മിടുക്ക് തെളിയിച്ച ബൗളറാണ് മക്കോയ്. നല്ല ഉയരമുള്ളതിനാല്‍ തന്നെ സ്ലോവര്‍ ബോളുകള്‍ അനായാസം ബൗള്‍ ചെയ്യാന്‍ താരത്തിനു കഴിയും. കൂടാതെ മികച്ച വേഗതയുമുള്ള ബൗളറാണ് മക്കോയ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു 19ാമത്തെ ഓവര്‍ സഞ്ജു നല്‍കാതിരുന്നത് വളരെ വലിയ പിഴവ് തന്നെയാണ്. മക്കോയ്ക്കു പകരം കുല്‍ദിപ് യാദവിനു 19ാമത്തെ ഓവര്‍ നല്‍കിയത് അദ്ദേഹം കാണിച്ച വന്‍ അബദ്ധമാണെന്നും സൈമണ്‍ ഡൂള്‍ ചൂണ്ടിക്കാട്ടി.
ഹൈദരാബാദിന്റെ ഗ്ലെന്‍ ഫിലിപ്‌സ് വമ്പനടികള്‍ക്കു ശേഷിയുള്ള താരമാണ്. അതുകൊണ്ടു തന്നെയാണ് ബാറ്റിങില്‍ ഹൈദരാബാദ് അവനെ അവസാനത്തേക്കു വച്ചത്. മുംബൈ ഇന്ത്യന്‍സുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ഡെത്ത് ഓവറുകളില്‍ ജേസണ്‍ ഹോള്‍ഡറുടെ ബൗളിങ് റോയല്‍സിനെ തോല്‍വിയിലേക്കു തള്ളിയിട്ടിരുന്നു. അതുകൊണ്ടാണ് ഹോള്‍ഡറെ ഒഴിവാക്കി പകരം മക്കോയിയെ ടീമിലേക്കു റോയല്‍സ് കൊണ്ടുവന്നത്.
ഡെത്ത് ബൗളിങ് ഓപ്ഷന്‍ നല്‍കുമെന്നത് തന്നെയായിരുന്നു ഇതിന്റെ പ്രധാന കാരണം. പക്ഷെ മക്കോയിയെ റോയല്‍സ് ഉപയോഗിക്കുകയും ചെയ്തില്ല. ഒരു മല്‍സരം എങ്ങനെ ജയിക്കുമെന്നു ഉറപ്പില്ലെങ്കില്‍ നിങ്ങള്‍ ചെറിയ പിഴവുകള്‍ വരുത്തുകയും ചെയ്യും. ഈ മല്‍സരത്തില്‍ സഞ്ജു രണ്ടു പിഴവുകള്‍ വരുത്തിയെന്നാണ് ഞാന്‍ കരുതുന്നതെന്നും സൈമണ്‍ ഡൂള്‍ വിശദമാക്കി.