ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ വിജയവുമായി പുതിയ സീസണിലെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. എവേ മല്‍സരത്തില്‍ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് 72 റണ്‍സിനു സഞ്ജുവും സംഘവും തകര്‍ത്തെറിഞ്ഞത്. കഴിഞ്ഞ തവണത്തെ റണ്ണറപ്പായിരുന്ന റോയല്‍സ് അതിനോടു നീതി പുലര്‍ത്തുന്ന പ്രകടനമായിരുന്നു കളിയില്‍ കാഴ്ചവച്ചത്.
ഭുവനേശ്വര്‍ കുമാര്‍ നയിച്ച എസ്എര്‍എച്ച് ഒരു ഘട്ടത്തില്‍പ്പോലും കളിയില്‍ ചിത്രത്തില്‍ തന്നെ ഇല്ലായിരുന്നു. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും റോയല്‍സിന്റെ സമഗ്രാധിപത്യമായിരുന്നു കണ്ടത്. ഒപ്പം സഞ്ജുവിന്റെ കിടിലന്‍ ക്യാപ്റ്റന്‍സിയും ശ്രദ്ധിക്കപ്പെട്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സ് തങ്ങളുടെ ഇന്നിങ്‌സ് കഴിയുമ്പോഴേക്കും തന്നെ വിജയമുറപ്പാക്കിയിരുന്നു. അഞ്ചു വിക്കറ്റിനു 203 റണ്‍സാണ് 20 ഓവറില്‍ അവര്‍ വാരിക്കൂട്ടിയത്. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച സഞ്ജു 55 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 54 റണ്‍സ് വീതമെടുത്ത ജോസ് ബട്‌ലററും യശസ്വി ജയ്‌സ്വാളും അദ്ദേഹത്തിനു മികച്ച പിന്തുണ നല്‍കുകയും ചെയ്തു.
മറുപടി ബാറ്റിങില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രണ്ടു വിക്കറ്റുകള്‍ പിഴുത് ഹൈദരാബാദിനെ റോയല്‍സ് പ്രതിരോധത്തിലാക്കി. എട്ടു വിക്കറ്റിനു 131 റണ്‍സെടുത്ത് അവര്‍ മല്‍സരം അടിയറ വയ്ക്കുകയായിരുന്നു. നാലു വിക്കറ്റുകളെടുത്ത യുസ്വേന്ദ്ര ചഹലാണ് ഹൈദരാബാദിന്റെ അന്തകനായത്.
ഹൈദരാബാദിനെതിരേ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ മല്‍സരശേഷം പല മുന്‍ താരങ്ങളും ആരാധകരുമെല്ലാം പ്രശംസിച്ചിരുന്നു. ബൗളിങ് ചേഞ്ചുകളിലും ഫീല്‍ഡിങ് ക്രമീകരണത്തിലുമെല്ലാം അദ്ദേഹം മികച്ചു നിന്നതായും വളരെ അഗ്രസീവ് ക്യാപ്റ്റന്‍സിയായിരുന്നു കാഴ്ചവച്ചത് എന്നുമെല്ലാമായിരുന്നു പ്രശംസ. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മോശമായിരുന്നുവെന്നു ഒരാളും പറയില്ലെന്നുറപ്പാണ്. പക്ഷെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്ക് ഒരിക്കലും മുഴുവന്‍ മാര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. ചില പിഴവുകള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു. അടുത്ത മല്‍സരത്തില്‍ ഇതു പരിഹരിക്കാനായിരിക്കണം സഞ്ജു ശ്രമിക്കേണ്ടത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അവസാത്തെ ഓവര്‍ സഞ്ജു സാംസണ്‍ ബൗള്‍ ചെയ്യിച്ചത് ഇന്ത്യന്‍ പേസര്‍ നവദീപ് സെയ്‌നിയെക്കൊണ്ടായിരുന്നു. പക്ഷെ ഇതു ദുരന്തത്തിലാണ് കലാശിച്ചത്. സഞ്ജുവിന്റെ ഭാഗത്തു നിന്നുള്ള ഏറ്റവും വലിയ മണ്ടത്തരം ഇതാണ്. പരിചയസമ്പന്നായ വെസ്റ്റ് ഇന്‍ഡീസ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ക്കു അപ്പോള്‍ ഒരോവര്‍ ബാക്കിയുണ്ടായിരുന്നു.
നേരത്തേയെറിഞ്ഞ മൂന്നോവറില്‍ 16 റണ്‍സിന് ഒരു വിക്കറ്റും അദ്ദേഹം വീഴ്ത്തിയിരുന്നു. പക്ഷെ സഞ്ജു ഹോള്‍ഡര്‍ക്കു പകരം സെയ്‌നിക്കാണ് 20ാം ഓവര്‍ നല്‍കിയത്. ഈ ചൂതാട്ടം തികഞ്ഞ പരാജയമായി. 23 റണ്‍സാണ് സെയ്‌നി വിട്ടുകൊടുത്തത്. രണ്ടു വീതം സിക്‌സറും ഫോറും ഒരു നോ ബോളുമടക്കമായിരുന്നു ഇത്.

സഞ്ജുവിന്റെ ഭാഗത്തു നിന്നുള്ള മറ്റൊരു പിഴവ് ബാറ്റിങ് ഓര്‍ഡറില്‍ വരുത്തിയ മാറ്റമായിരുന്നു. ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനു പകരം വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറായിരുന്നു ബാറ്റ് ചെയ്യാന്‍ നേരത്തേ ക്രീസില്‍ എത്തേണ്ടിയിരുന്നത്. കാരണം അവസാന അഞ്ചോവറില്‍ അതിവേഗം റണ്ണെടുക്കാന്‍ മിടുക്കനാണ് ഹെറ്റ്‌മെയര്‍. താരം കഴിഞ്ഞ സീസണില്‍ ഇതു തെളിയിക്കുകയും ചെയ്തിരുന്നു.
വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ മറ്റൊരു വമ്പനടിക്കാരനും ഓള്‍റൗണ്ടറുമായ ജേസണ്‍ ഹോള്‍ഡറെ ബാറ്റിങില്‍ വൈകിപ്പിച്ചതാണ് സഞ്ജു വരുത്തിയ മറ്റൊരു പിഴവ്. ഹെറ്റ്‌മെയര്‍ക്കു ശേഷം ആര്‍ അശ്വിനായിരുന്നു ബാറ്റ് ചെയ്തത്. അദ്ദേഹത്തിനു പകരം ആദ്യ ബോള്‍ മുതല്‍ പ്രഹരിക്കാന്‍ ശേഷിയുള്ള ഹോള്‍ഡറെ റോയല്‍സിന് അയക്കാമായിരുന്നു.
അതേസമയം, ആദ്യ റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രാജസ്ഥാന്‍ റോയല്‍സാണ് തലപ്പത്തുള്ളത്. റോയല്‍സിനെക്കൂടാതെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവരാണ് ആദ്യ റൗണ്ടില്‍ ജയിച്ച് രണ്ടു പോയിന്റ് നേടിയ ടീമുകള്‍. പക്ഷെ നെറ്റ് റണ്‍റേറ്റില്‍ (+3.600) റോയല്‍സ് മറ്റെല്ലാ ടീമുകളെയും നിഷ്പ്രഭരാക്കുകയായിരുന്നു.