ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ആര്‍സിബിയോട് ഏഴ് റണ്‍സിന് തോറ്റിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 9 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് എടുക്കാനായത്. ദ്രുവ് ജൂറല്‍ (16 പന്തില്‍ 34*) അവസാനം പൊരുതിനോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല.
ജയിക്കാവുന്ന കളിയായിരുന്നിട്ടും ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ്ങിലൂടെയാണ് രാജസ്ഥാന്‍ കളി കൈവിട്ടത്. ഇതില്‍ എടുത്തുപറയേണ്ടത് നായകന്‍ സഞ്ജു സാംസണിന്റെ പിഴവാണ്. നിര്‍ണ്ണായക സമയത്ത് 15 പന്തില്‍ 22 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ഉത്തരവാദിത്തമേറ്റെടുത്ത് ടീമിനെ വിജയിപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. നായകനെന്ന നിലയില്‍ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

മത്സരത്തില്‍ രാജസ്ഥാന്റെ ചില പദ്ധതികളാണ് തോല്‍വിക്ക് കാരണമായതെന്ന വിമര്‍ശനം ശക്തമാണ്. അതില്‍ എടുത്തു പറയേണ്ടത് ജേസന്‍ ഹോള്‍ഡറെ തഴഞ്ഞ് ആര്‍ അശ്വിനെ ബാറ്റിങ്ങിനിറക്കാനുള്ള തീരുമാനമാണ്. ആറ് പന്തില്‍ 12 റണ്‍സെടുത്താണ് അശ്വിന്‍ പുറത്തായത്. പിന്നീട് ഇംപാക്ട് പ്ലയറായി അബ്ദുല്‍ ബാസിദ് കളിച്ചപ്പോഴും ഹോള്‍ഡര്‍ക്ക് ബാറ്റിങ്ങില്‍ അവസരം നല്‍കിയില്ല.
മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകനായ ഹോള്‍ഡര്‍ വെടിക്കെട്ട് കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ്. ഇതിന് മുമ്പ് തന്റെ ഫിനിഷിങ് മികവ് നിരവധി തവണ തെളിയിച്ച താരമാണ് ഹോള്‍ഡര്‍. എന്നിട്ടും ഹോള്‍ഡറെ തഴഞ്ഞ് അശ്വിനെ എന്തുകൊണ്ട് കളിപ്പിച്ചുവെന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. മത്സരത്തിന് ശേഷം എന്തുകൊണ്ടാണ് ഹോള്‍ഡറെ തഴഞ്ഞ് അശ്വിനെയും ബാസിതിനെയും കളിപ്പിച്ചതെന്ന് സഞ്ജു വ്യക്തമാക്കി.
എന്നാല്‍ സഞ്ജുവിന്റെ ന്യായീകരണവും ഇപ്പോള്‍ വിമര്‍ശനത്തിന് കാരണമാവുകയാണ്. '10, 12, 13 റണ്‍റേറ്റുകളൊക്കെ ഈ മൈതാനത്ത് പിന്തുടര്‍ന്ന് ജയിക്കാവുന്നതാണ്. ഇത് ആ സമയത്തിന്റെ ഫലമാണ്. കുറച്ചുകൂടി സിക്‌സറുകള്‍ അധികം നേടേണ്ടതായുണ്ടായിരുന്നു. സാധാരണ ഹെറ്റ്‌മെയറാണ് ഇത്തരം സാഹചര്യത്തില്‍ വലിയ ഷോട്ടുകള്‍ കളിക്കുന്നത്.
എന്നാല്‍ ഇത്തവണ ജൂറലാണ് നന്നായി അടിച്ചത്. ഒരു മികച്ച ഷോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്. അശ്വിനെ ബാറ്റിങ്ങിനിറക്കാന്‍ കാരണം അദ്ദേഹത്തിന്റെ അനുഭവസമ്പത്തും മുമ്പ് ഇത്തരം സാഹചര്യത്തില്‍ നടത്തിയ പ്രകടനവുമാണ്. അതുകൊണ്ടാണ് ഇത്തരത്തില്‍ പദ്ധതിയിട്ടത്. ഐപിഎല്ലില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്നത് ചെറിയ സ്‌കോറിനാണ്.
തുടര്‍ച്ചയായ രണ്ട് തോല്‍വികളിലെ പിഴവുകള്‍ നികത്തി ശക്തമായി തിരിച്ചെത്തും'- എന്നാണ് സഞ്ജു വ്യക്തമാക്കിയത്. എന്നാല്‍ ഹോള്‍ഡറെ പുറത്തിരുത്തിയതിന്റെ കാരണം ചോദിക്കുമ്പോള്‍ സഞ്ജു ഉത്തരമില്ലാതെ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. സഞ്ജുവിന് ക്യാപ്റ്റനെന്ന നിലയില്‍ തീരുമാനമെടുക്കാന്‍ കഴിവില്ലെന്നും ഇതിന്റെ ഫലമാണ് ടീമിന്റെ നിലവിലെ പ്രശ്‌നങ്ങളുമെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

അശ്വിന്‍ വെടിക്കെട്ട് നടത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനല്ല. തന്റേതായ ദിവസം ഏതൊരു താരവും തിളങ്ങുന്നതുപോലെയാണ് അശ്വിന്‍ ചില മത്സരങ്ങളില്‍ വിജയിപ്പിച്ചത്. എന്നാല്‍ ഉയര്‍ന്ന കായിക ക്ഷമതയുള്ള വെസ്റ്റ് ഇന്‍ഡീസ് താരമാണ് ഹോള്‍ഡര്‍. അശ്വിനെക്കാള്‍ ടി20യിലെ മികച്ച ബാറ്റ്‌സ്മാന്‍ ഹോള്‍ഡറാണ്. വലിയ ഷോട്ടുകള്‍ കളിക്കാനും കഴിവുണ്ട്. എന്നിട്ടും ഹോള്‍ഡറെ ബാറ്റിങ്ങില്‍ ഉപയോഗിക്കാത്തത് രാജസ്ഥാന്റെ മണ്ടന്‍ തീരുമാനമാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
സഞ്ജു സാംസണും പരിശീലകന്‍ കുമാര്‍ സംഗക്കാരയും കാട്ടുന്ന അതിബുദ്ധിയാണ് രാജസ്ഥാന്റെ തോല്‍വിക്ക് കാരണമെന്നാണ് ആരാധകരുടെ വിമര്‍ശനം. ഹോള്‍ഡറെപ്പോലൊരു സൂപ്പര്‍ താരത്തെ ഏറ്റവും മോശമായി ഉപയോഗിക്കുന്ന ടീമാണ് രാജസ്ഥാനെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. രാജസ്ഥാന്റെ തോല്‍വി നായകനെന്ന നിലയില്‍ സഞ്ജുവിന് വലിയ ക്ഷീണമാണ്.
സ്ഥിരതകാട്ടാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ബാറ്റുകൊണ്ട് സഞ്ജു കൂടുതല്‍ മെച്ചപ്പെടാത്ത പക്ഷം രാജസ്ഥാന്റെ മുന്നോട്ടുള്ള യാത്ര പ്രയാസകരമാവും. സഞ്ജുവിന് നായകനെന്ന നിലയില്‍ സമ്മര്‍ദ്ദമുണ്ടെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ജോസ് ബട്‌ലര്‍ക്കായി വഴിമാറണമെന്നും ആരാധകര്‍ പറയുന്നു.