ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ആര്‍സിബിക്കെതിരേ തിളങ്ങാനാവാതെ സഞ്ജു സാംസണ്‍. 190 എന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാനായി നാലാമനായാണ് സഞ്ജു ക്രീസിലെത്തിയത്. പതിയെ തുടങ്ങി കടന്നാക്രമിച്ച സഞ്ജുവിന് പക്ഷം ടീമിനെ വിജയത്തിലേക്കെത്തിക്കാനാവാതെ മടങ്ങേണ്ടി വന്നു.
15 പന്ത് നേരിട്ട് രണ്ട് ഫോറും ഒരു സിക്‌സുമടക്കം 22 റണ്‍സാണ് സഞ്ജുവിന് നേടാനായത്. ഹര്‍ഷല്‍ പട്ടേലിന്റെ സ്ലോ ബോള്‍ കെണിയില്‍ സഞ്ജു വീഴുകയായിരുന്നു. ഷഹബാസ് അഹമ്മദിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് സഞ്ജുവിന്റെ മടക്കം. രാജസ്ഥാന്റെ നായകനെന്ന നിലയില്‍ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സഞ്ജു പരാജയപ്പെട്ടു.

നേരത്തെ മുതല്‍ സഞ്ജുവിന്റെ ഫിനിഷിങ് മികവിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും തന്റെ ദൗര്‍ബല്യം തുറന്ന് കാട്ടി സഞ്ജു വിജയത്തിലേക്കെത്തിക്കാനാവാതെ മടങ്ങുകയായിരുന്നു. പതിയെ തുടങ്ങി ആക്രമണത്തിലേക്ക് സഞ്ജു ഗിയര്‍ മാറ്റിയെങ്കിലും വിജയത്തിലേക്ക് ടീമിനെയെത്തിക്കാനാവാതെ പോയി. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ സാക്ഷിയാക്കിയാണ് സഞ്ജു നിറം മങ്ങിയത്.
ആര്‍സിബി ബാറ്റ് ചെയ്യുമ്പോള്‍ ക്യാപ്റ്റന്‍സി മികവുകൊണ്ട് കൈയടി നേടാന്‍ സഞ്ജുവിനായിരുന്നു. എന്നാല്‍ ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ താന്‍ വിശ്വസ്തനല്ലെന്ന് പ്രകടനംകൊണ്ട് താരം തെളിയിക്കുന്നു. ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ കൂടുതല്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ ആവിശ്യമാണ്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരേ മികവ് കാട്ടിയെങ്കിലും ഈ മത്സരത്തിലും ടീമിന്റെ വിജയം വരെ പിടിച്ചുനില്‍ക്കാന്‍ സഞ്ജുവിനായില്ല. നായകനെന്ന നിലയില്‍ ക്രീസില്‍ പിടിച്ചുനിന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതില്‍ സഞ്ജു പിന്നോട്ടാണ്. ഇതുവരെ അത്തരമൊരു പ്രകടനം സഞ്ജുവില്‍ നിന്നുണ്ടായിട്ടില്ല. ഈ ദൗര്‍ബല്യം വീണ്ടും വീണ്ടും താരത്തെ വേട്ടയാടുന്നത് ആരാധകരെയും നിരാശപ്പെടുത്തുന്നു.
സഞ്ജു സാംസണിന്റെ സ്ഥിരത എപ്പോഴും ചര്‍ച്ചാവിഷയമാണ്. ഈ സീസണില്‍ രണ്ട് ഫിഫ്റ്റി നേടിയ സഞ്ജു രണ്ട് തവണ ഡെക്കിനും പുറത്തായിരുന്നു. ആര്‍സിബിക്കെതിരേ നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിനെ ചതിച്ച് പുറത്തായത് നായകന് ചേര്‍ന്ന പ്രകടനമല്ലെന്നാണ് വിമര്‍ശനം. ഈ സ്ഥിരതയില്ലായ്മയാണ് സഞ്ജു ഇന്ത്യന്‍ ടീമിന് പുറത്തിരിക്കാന്‍ കാരണമെന്നാണ് ആരാധക പക്ഷം.
എന്നാല്‍ സഞ്ജു ആരാധകര്‍ക്ക് സന്തോഷം നല്‍കി വനിന്‍ഡു ഹസരങ്കയ്‌ക്കെതിരേ ആധിപത്യം കാട്ടാന്‍ സഞ്ജുവിനായി. ഇതിന് മുമ്പ് സഞ്ജുവിന് വലിയ തലവേദന സൃഷ്ടിച്ച ബൗളറാണ് വനിന്‍ഡു ഹസരങ്ക. ഗൂഗ്ലികൊണ്ടും ക്യാരം ബോളുകൊണ്ടും വിറപ്പിക്കുന്ന ഹസരങ്കയെ ഒരു സിക്‌സും ഫോറും പറത്താന്‍ സഞ്ജുവിനായി. സഞ്ജു ക്രീസിലെത്തിയതിന് പിന്നാലെ തന്നെ ഹസരങ്കയെ ആര്‍സിബി ബൗളിങ് ഏല്‍പ്പിച്ചു.

എന്നാല്‍ കരുതലോടെ കളിച്ച സഞ്ജു ഹസരങ്കയുടെ വെല്ലുവിളി അതിജീവിച്ചുവെന്ന് മാത്രമല്ല ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ അതിവേഗം ബാറ്റ് ചെയ്യാന്‍ ശ്രമിച്ച് വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള സുവര്‍ണ്ണാവസരമാണ് സഞ്ജു നഷ്ടപ്പെടുത്തിയത്. ദ്രാവിഡിനെ സാക്ഷിയാക്കി സഞ്ജു വിജയം നേടിക്കൊടുക്കുന്ന പ്രകടനം കാഴ്ചവെച്ചിരുന്നെങ്കില്‍ അത് താരത്തിന്റെ കരിയറിന് കരുത്താവുമായിരുന്നു.
ഏഷ്യാ കപ്പും ലോകകപ്പുമെല്ലാം വരാനിരിക്കെ ദ്രാവിഡിന്റെ പ്രശംസ നേടിയെടുക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ താരത്തിനായില്ല. സഞ്ജുവിനെക്കാള്‍ മികച്ചവരാണ് കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്ന് പ്രമുഖരെല്ലാം പറയുമ്പോഴും അവരക്കൊണ്ട് മാറ്റിപ്പറയിക്കാനുള്ള അവസരമാണ് സഞ്ജുവിന് ലഭിച്ചതെങ്കിലും മുതലാക്കാനായില്ല.
സഞ്ജുവില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ റണ്‍വേട്ടക്കാരില്‍ ടോപ് അഞ്ചിലെങ്കിലുമെത്താന്‍ സഞ്ജുവിന് സാധിക്കണം. എന്നാല്‍ സ്ഥിരതയില്ലാതെ നീലക്കുറിഞ്ഞി പൂക്കുന്ന പോലെയുള്ള പ്രകടനങ്ങള്‍ സഞ്ജുവിന് ഗുണം ചെയ്യില്ലെന്നുറപ്പ്. അതുകൊണ്ട് തന്നെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കടുപ്പമാവും.