ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള നിര്‍ണായക മല്‍സരത്തിലെ വന്‍ പരാജയത്തെക്കുറിച്ചുള്ള മറുപടിയുടെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം സ്‌കോറിലേക്കു കൂപ്പുകുത്തിയ റോയല്‍സ് 112 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
ഈ തോല്‍വിയോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവലിന്റെ വക്കിലുമാണ് റോയല്‍സ്. പഞ്ചാബ് കിങ്‌സുമായുള്ള അടുത്ത മല്‍സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിക്കുന്നതിനൊപ്പം മറ്റു മല്‍സരഫലങ്ങളും അനുകൂലമായാല്‍ മാത്രമേ ഇനി റോയല്‍സിനു നേരിയ സാധ്യത നിലനില്‍ക്കുന്നുള്ളൂ.

ആര്‍സിബിയുമായുള്ള മല്‍സരത്തിലെ വന്‍ പരാജയത്തിനു ശേഷമായിരുന്നു റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ വിചിത്രമായ മറുപടി. വളരെ നിരാശനം ദുഖിതനുമായി കാണപ്പെട്ട അദ്ദേഹത്തിനു ടീമിന്റെ ദയനീയ പ്രകടനക്കുറിച്ചുള്ള ചോദ്യത്തിനൊന്നും കൃത്യമായ മറുപടി ഇല്ലായിരുന്നു. ഞങ്ങളുടെ ടോപ് ത്രീയാണ് ഇതുവരെ ഒരുപാട് റണ്‍സ് നേടിയതെന്നു ഞാന്‍ കരുതുന്നു.
പവര്‍പ്ലേയില്‍ ഞങ്ങള്‍ നന്നായി ആക്രമിച്ച് കളിച്ച് റണ്ണെടുക്കാന്‍ ശ്രമിച്ചു. പക്ഷെ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ വന്നില്ല. ഗെയിമിനെ ഇപ്പോള്‍ വിശകലനം ചെയ്യുന്നത് വളരെ നേരത്തേ ആയിപ്പോവും. ബോള്‍ ഇനിയും സ്ലോയാവുകയും പഴയാതുവകയും ചെയ്യുമെന്നു അറിയാവുന്നതിനാല്‍ പവര്‍ പ്ലേയില്‍ അഗ്രസീവായി ബാറ്റ് ചെയ്യേണ്ടത് ആവശ്യമായിരുന്നു. ഈ രീതിയിലാണ് ഞാനും യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറുമെല്ലാം സീസണിലുടനീളം കളിച്ചതെന്നും സഞ്ജു സാംസണ്‍ വിശദമാക്കി.
ആര്‍സിബി ബൗളര്‍മാര്‍ക്കാണ് ക്രെഡിറ്റ്. അവര്‍ നല്ല എന്‍ജിയോടെയും ദിശാബോധത്തോടെയും പന്തെറിഞ്ഞു. മല്‍സരം അവസാനം വരെ പോവുമായിരുന്ന വളരെ ആവേശകരമായ ഒരു ടോട്ടലായിരുന്നു ഇത്. ഞങ്ങളുടെ പവര്‍പ്ലേ മാന്യമായിരുന്നെങ്കില്‍ ഒരു ഇഞ്ചോടിഞ്ച് മല്‍സരമായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നതെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ കൂടിയായ രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ മികച്ച രീതിയിലായിരുന്നു തുടങ്ങിയത്. ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ച അവര്‍ ആഴ്ചകളോളം പോയിന്റ് പട്ടികയില്‍ തലപ്പത്തായിരുന്നു.
പക്ഷ അതിനു ശേഷം സ്ഥിരത പുലര്‍ത്താന്‍ റോയല്‍സിനായില്ല. അടുത്ത എട്ടു മല്‍സരങ്ങളില്‍ ആറിലും തോറ്റ അവര്‍ ഇപ്പോള്‍ പുറത്താവലിന് അരികിലുമാണ്. ടീമിന്റെ ഈ വീഴ്ചയ്ക്കു കാരണം എന്താണെന്ന ചോദ്യത്തിന് സഞ്ജു സാംസണിന്റെ പക്കല്‍ വ്യക്തമായ മറുപടി ഇല്ലായിരുന്നു.
നല്ലൊരു ചോദ്യമാണ് നിങ്ങള്‍ ചോദിച്ചിരിക്കുന്നത്. ഈ മല്‍സരത്തിലെ ബാറ്റിങ് തകര്‍ച്ച കണ്ടപ്പോള്‍ എവിടെയാണ് ഞങ്ങള്‍ക്കു തെറ്റ് പറ്റിയതെന്നു ഞാന്‍ ആലോചിക്കുകയായിരുന്നു. പക്ഷെ അതിനുള്ള ഉത്തരം ഇപ്പോഴും എന്റെ പക്കല്‍ ഇല്ലെന്നാണ് ഞാന്‍ കരുതുന്നതെന്നും സഞ്ജു സാംസണ്‍ പ്രതികരിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ഈ മറുപടി ആരാധകര്‍ക്കു അത്ര രസിച്ചിട്ടില്ല. അവര്‍ സഞ്ജുവിനെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുകയും ചെയ്തു.
ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറുമായ ആകാശ് ചോപ്രയും സഞ്ജു സാംസണിനെ വിമര്‍ശിച്ചരുടെ കൂട്ടത്തിലുണ്ട്. രാജസ്ഥാന്‍ റോയല്‍സ് എന്താണ് ചെയ്തത്? അഞ്ച്- ആറ് ചോദ്യങ്ങള്‍ മല്‍സരശേഷം സഞ്ജു സാംസണിനോടു ചോദിച്ചു. എനിക്കറിയില്ല, എനിക്കറിയില്ല എന്നാണ് അദ്ദേഹം ഓരോ തവണയും പറഞ്ഞത്. നിങള്‍ക്കു അറിയില്ല, അതു ത്‌ന്നെയാണ് പ്രശ്‌നമെന്നും ജിയോ സിനിമയുടെ ഷോയില്‍ ചോപ്ര ആഞ്ഞടിച്ചു.
രാജസ്ഥാന്‍ റോയല്‍സിന്റെ പരാജയങ്ങള്‍ക്കു ശേഷം എനിക്കറിയില്ല എന്ന മറുപടിയാണ് സഞ്ജു സാംസണിനു സ്ഥിരം പറയാനുള്ളതെങ്കില്‍ പോസ്റ്റ് മാച്ച് ഷോയ്ക്ക് കോച്ചായ കുമാര്‍ സങ്കക്കാരയെ അയക്കണമെന്നായിരുന്നു ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.