ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മികച്ച തുടക്കം ലഭിച്ച ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിന്റെ ആരാധകര്‍ ഇത്തവണയും വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും തുടര്‍ തോല്‍വികള്‍ വഴങ്ങി രാജസ്ഥാന്‍ നിരാശപ്പെടുത്തുകയാണ്. ആര്‍സിബിക്കെതിരേ ഏഴ് റണ്‍സിനാണ് രാജസ്ഥാന്‍ തോറ്റത്.
രാജസ്ഥാന്‍ ജയിക്കേണ്ട കളിയായിരുന്നെങ്കിലും ചില തീരുമാനങ്ങളിലെ പാളിച്ചകൊണ്ടാണ് ആര്‍സിബിയോട് ടീം തോല്‍ക്കേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടാനായത്. രാജസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ നായകന്‍ സഞ്ജു സാംസണിനെതിരേയാണ് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.

രാജസ്ഥാന്റെ തോല്‍വിക്ക് സഞ്ജു സാംസണാണ് കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. ഫീല്‍ഡിങ്ങില്‍ മികച്ച പ്രകടനം കാട്ടാന്‍ സഞ്ജുവിനായി. നായകനെന്ന നിലയില്‍ ടീമിനെ ശക്തമായി തിരിച്ചെത്തിക്കാന്‍ സഞ്ജുവിനായി. 13.1 ഓവറില്‍ രണ്ട് വിക്കറ്റിന് 139 എന്ന ശക്തമായ നിലയിലായിരുന്നു ആര്‍സിബി. 200 കടക്കുമെന്നുറപ്പിച്ച സ്‌കോറിനെ 189ലേക്ക് പിടിച്ചുകെട്ടാന്‍ സഞ്ജുവിനായി. അവസാന 6.5 ഓവറില്‍ ഏഴ് വിക്കറ്റിന് 50 റണ്‍സാണ് ആര്‍സിബിക്ക് നേടാനായത്.
സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മികവ് ഇതിലുണ്ടെങ്കിലും ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ സഞ്ജുവിന്റെ തീരുമാനം കളി തോല്‍ക്കാന്‍ കാരണമായെന്നാണ് ആരാധകര്‍ പറയുന്നത്. പ്രധാനമായും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത് സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനാണ്. മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കലാണ് ബാറ്റ് ചെയ്തത്. 34 പന്തില്‍ 52 റണ്‍സ് നേടാന്‍ ദേവ്ദത്തിനായി. എന്നാല്‍ സഞ്ജുവായിരുന്നു മൂന്നാം നമ്പറില്‍ കളിക്കേണ്ടിയിരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
മധ്യ ഓവറുകളില്‍ ടീമിന്റെ റണ്‍റേറ്റില്‍ വലിയ ഇടിവുണ്ടായി. മൂന്നാം നമ്പറില്‍ സഞ്ജു കളിച്ച് നിലയുറപ്പിച്ച് ടീമിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നു. യശ്വസി ജയ്‌സ്വാള്‍ തുടക്കത്തിലെ മികവിന് ശേഷം റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെട്ടു. ഈ ഘട്ടത്തില്‍ മറുവശത്ത് സഞ്ജുവിനെപ്പോലൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ അതിവേഗം റണ്‍സുയര്‍ത്താമായിരുന്നു.
ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നായകനെന്ന നിലയില്‍ സഞ്ജു തയ്യാറായില്ലെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയെപ്പോലെ അവസരത്തിനൊത്ത് ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. റണ്‍സ് പിന്തുടരുന്ന നിര്‍ണ്ണായക മത്സരങ്ങളില്‍ സമ്മര്‍ദ്ദം സഞ്ജുവിനെ ബാധിക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ ചുമലിലേറ്റാന്‍ താരത്തിനാവുന്നില്ല.
ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കേണ്ടവനാണ് നായകന്‍. എന്നാല്‍ സഞ്ജു അവസാനംവരെ പിടിച്ചുനിന്ന് ജയിപ്പിച്ച ഒരു മത്സരം പോലുമില്ലെന്നതാണ് വസ്തുത. ജോസ് ബട്‌ലറെപ്പോലെ പരിചയസമ്പന്നായ നായകന്‍ ടീമിലുള്ളപ്പോള്‍ സഞ്ജു നായകസ്ഥാനം ഒഴിഞ്ഞ് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്.

ആര്‍സിബിയെ തുടക്കത്തിലേ പിടിച്ചുകെട്ടാന്‍ സഞ്ജുവിന് സാധിക്കാതെ പോയതും പിഴവാണ്. ആദ്യ പന്തില്‍ത്തന്നെ വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്താന്‍ രാജസ്ഥാനായി. എന്നാല്‍ ഈ അവസരം മുതലാക്കി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സഞ്ജു പരാജയപ്പെട്ടു. ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ് കൂട്ടുകെട്ട് കത്തിക്കയറിയപ്പോള്‍ കൂട്ടുകെട്ട് പൊളിക്കാന്‍ ബുദ്ധിപരമായ യാതൊരു നീക്കവും സഞ്ജുവില്‍ നിന്നുണ്ടായില്ല.
സഞ്ജുവിന്റെ ബാറ്റിങ്ങില്‍ രാജസ്ഥാന് വലിയ പ്രതീക്ഷയാണുള്ളത്. അതിനൊത്ത് സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിനാവുന്നില്ല. രണ്ട് ഫിഫ്റ്റി നേടിയെങ്കിലും രണ്ട് തവണ ഡെക്കിനും സഞ്ജു പുറത്തായി. ജേസന്‍ ഹോള്‍ഡറെ ബാറ്റിങ്ങില്‍ വിശ്വാസം അര്‍പ്പിക്കാത്തതും ആരാധകര്‍ വിമര്‍ശിക്കുന്നു. ആര്‍ അശ്വിനെക്കാള്‍ മുമ്പ് ബാറ്റിങ്ങിനിറങ്ങേണ്ട താരമാണ് ഹോള്‍ഡറെന്നാണ് ആരാധകര്‍ പറയുന്നത്.