ഐപിഎല്ലിലെ നോക്കൗട്ടിനു തുല്യമായ മാച്ചില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു മുന്നില്‍ തകര്‍ന്നടിഞ്ഞ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആരാധക രോഷം. തോറ്റാല്‍ പ്ലേഓഫ് പ്രതീക്ഷ അസ്തമിക്കുമെന്ന ഭയത്തോടെ ഇറങ്ങിയ റോയല്‍സ് ബാറ്റിങ് നിര ആര്‍സിബിക്കു മുന്നില്‍ ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ അഞ്ചു വിക്കറ്റുകള്‍ കൈവിട്ട റോയല്‍സ് തോല്‍വി ഉറപ്പാക്കിയിരുന്നു.
ഹോംഗ്രൗണ്ടായ റായ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ 172 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു റോയല്‍സിനു ആര്‍സിബി നല്‍കിയത്. എന്നാല്‍ ഇന്നിങ്‌സ് പുരോഗമിക്കവെ പിച്ച് സ്ലോയായി കൊണ്ടിരുന്നതോടെ റോയല്‍സിന്റെ കണക്കുകൂട്ടലുകള്‍ പാടെ പിഴയ്ക്കുകയും ചെയ്തു. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാതെ നായകന്‍ സഞ്ജു സാംസണടക്കം അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. പവര്‍പ്ലേ കഴിയുമ്പോള്‍ അഞ്ചു വിക്കറ്റുകള്‍ കൈവിട്ട് റോയല്‍സ് 28 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു.

ഇതോടയാണ് ആരാധകരുടെ നിയന്ത്രണം വിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് ഒത്തു കളിച്ചിരിക്കുകയാണ്. യാതൊരു സംശയവുമില്ല. എല്ലാം നേരത്തേ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ്. ഈ സീസണിലെ ഐപിഎല്ലില്‍ എതിര്‍ ടീമിനു വിജയിക്കാന്‍ പിച്ച് തയ്യാറാക്കിയ ഒരേയൊരു ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. അവര്‍ ഇത് അര്‍ഹിക്കുന്നുവെന്നും ആരാധകര്‍ ആഞ്ഞടിച്ചു.
ക്യാപ്റ്റനെന്നാല്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നയാളാണെന്നും ആരെങ്കിലുമൊന്നു സഞ്ജു സാംസണിനെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം. വിശ്വസിക്കാവുന്നയാളെന്നതിന്റെ അര്‍ഥവും പറഞ്ഞു കൊടുക്കണം. ഇന്ത്യന്‍ ടീമിലേക്കു ഒരിക്കലും സഞ്ജുവിനെ എടുക്കാന്‍ പാടില്ല. അര്‍ഹതയുള്ള മറ്റുള്ളവര്‍ കളിക്കട്ടെ. 2008 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കടുത്ത ഫാനാണ് ഞാന്‍.

പക്ഷെ ഇന്നു ടീമിന്റെ പ്രകടനം കാണുമ്പോള്‍ വളരെയധികം നിരാശയും രോഷവും തോന്നുന്നു. ടീമിലെ ഒരാള്‍ പോലും യാതൊരു ഉത്തരവാദിത്വവും കാണിച്ചില്ല. വളരെ മോശമായിപ്പോയെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു. ഫ്രാഞ്ചൈസിയുടെ പേരില്‍ നിന്നും രാജസ്ഥാനെന്നതു ഒഴിവാക്കണം.ഞങ്ങളെ നാണംകെടുത്തരുത്.
അടുത്ത വര്‍ഷം രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം മാച്ചുകള്‍ ജയ്പൂരില്‍ നടത്തരുത്. പകരം ഹോം മാച്ചുകള്‍ കേരളത്തിലേക്കു മാറ്റണം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം ഫ്രാഞ്ചൈസിയാണ് രാജസ്ഥാന്‍ റോയല്‍സ്. ഏറ്റവും മികച്ച പ്രകടനം ആവശ്യമുള്ളപ്പോള്‍ എല്ലായ്‌പ്പോഴും ദുരന്തമായി മാറുന്നു. രാജസ്ഥാന്‍ റോയല്‍സ് ഒത്തു കളിക്കാരാണെന്നു നിങ്ങളില്‍ എത്ര പേര്‍ വിശ്വസിക്കുന്നുവെന്നും ആരാധകര്‍ ചോദിക്കുന്നു.
റോയല്‍സിന് നാണംകെട്ട തോല്‍വി
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു 112 റണ്‍സിന്റെ നാണംകെട്ട പരാജയമാണ് രാജസ്ഥാന്‍ റോയല്‍സ് ഏറ്റുവാങ്ങിയത്. 172 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ റോയല്‍സിനു 11 ഓവറുകള്‍ പോലും ക്രീസില്‍ നില്‍ക്കാനായില്ല. വെറും 59 റണ്‍സിനു റോയല്‍സ് കൂടാരം കയറി. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം സ്‌കോര്‍ കൂടിയാണിത്.
റോയല്‍സ് നിരയില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കൊഴികെ (35) മറ്റാര്‍ക്കും ആര്‍സിബി ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 19 ബോളുകള്‍ നേരിട്ട താരം നാലു ഫോറും ഒരു സിക്‌സറുമടിച്ചു. 10 റണ്‍സെടുത്ത ജോ റൂട്ടാണ് മറ്റൊരു സ്‌കോറര്‍. ഓപ്പണിങ് ജോടികാളായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ഡെക്കായപ്പോള്‍ സഞ്ജു സാംസണ്‍ രണ്ടു റണ്‍സിനും പുറത്തായി.
ദേവ്ദത്ത് പടിക്കല്‍ (4), ധ്രുവ് ജുറേല്‍ (1), ആര്‍ അശ്വിന്‍ (0) എന്നിവരെല്ലാം ബാറ്റിങില്‍ നിരാശപ്പെടുത്തി. ആര്‍സിബിക്കായി വെയ്ന്‍ പാര്‍നല്‍ മൂന്നും മൈക്കല്‍ ബ്രേസ്വെല്ലും കരണ്‍ ശര്‍മയും രണ്ടും വിക്കറ്റുകളെടുത്തു.