റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള നിര്‍ണായക ഐപിഎല്‍ മല്‍സരത്തിലേറ്റ നാണംകെട്ട തോല്‍വിയുടെ മുറിവുണക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനു ഉടനെയൊന്നും സാധിക്കില്ല. കാരണം ഇത്രയും ശക്തായ ബാറ്റിങ് ലൈനപ്പുണ്ടായിട്ടും റോയല്‍സിന് ഇങ്ങനെയൊരു ദുരന്തം എങ്ങനെ നേരിട്ടുവെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. ഐപിഎല്‍ ചരിത്ത്രിലെ തന്നെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടലായ 59 റണ്‍സിന് റോയല്‍സ് കൂടാരം കയറുകയായിരുന്നു. ആര്‍സിബിയാവട്ടെ 112 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കുകയും ചെയ്തു.
റോയല്‍സ് ബാറ്റിങ് നിരയെടുത്താല്‍ രണ്ടക്കത്തിലെത്തിയത് രണ്ടു പേര്‍ മാത്രം. 35 റണ്‍സോടെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയപ്പോള്‍ റോയല്‍സിനു വേണ്ടി ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച ഇംഗ്ലണ്ട് താരം ജോ റൂട്ട് 10 റണ്‍സുമെടുത്തു. 0, 0, 4, 4, 1, 0, 2, 0, 0 എന്നിങ്ങനെയായിരുന്നു റോയല്‍സിലെ മറ്റുള്ളവരുടെ സ്‌കോറുകള്‍.

ആര്‍സിബി യഥാര്‍ഥത്തില്‍ ഈ മല്‍സരം കളിച്ച് ജയിക്കുകയായിരുന്നില്ല, മറിച്ച് റോയല്‍സ് അവരെ ജയിപ്പിക്കുകയായിരുന്നുവെന്നു പറയുന്നതാവും കൂടുതല്‍ ശരി. കാരണം ഇത്രയും വലിയൊരു വിജയം കൊയ്യാന്‍ മാത്രം ഗംഭീരമല്ല അവരുടെ ബൗളിങ്. മുന്‍ മല്‍സരങ്ങളിലെല്ലാം റണ്‍സ് വാരിക്കോരി നല്‍കി എതിരാളികളെ 'സഹായിച്ചവരാണ്' ആര്‍സിബി ബൗളര്‍മാര്‍. പക്ഷെ ഈ മല്‍സരത്തില്‍ അവര്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. ആര്‍സിബി ബൗളര്‍മാര്‍ വിക്കറ്റെടുക്കാന്‍ ശ്രമിക്കും മുമ്പ് തന്നെ റോയല്‍സ് ബാറ്റര്‍മാര്‍ വിക്കറ്റ് അങ്ങോട്ട് സമ്മാനിക്കുകയായിരുന്നു.
നാണംകെട്ട ഈ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം റോയല്‍സ് ബാറ്റിങ് നിരയ്ക്കു മാത്രമാണ്. കാരണം അത്രയും മോശമായിട്ടാണ് ഓരോരുത്തരും ബാറ്റ് ചെയ്തത്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെ പിച്ച് സ്ലോയാണെന്നു നേരത്തേ ബൗളിങ് ചെയ്തപ്പോള്‍ തന്നെ റോയല്‍സ് താരങ്ങള്‍ക്കു ബോധ്യമായിട്ടുള്ള കാര്യമാണ്. എന്നിട്ടും അതു മനസ്സിലാക്കി ബാറ്റ് ചെയ്യുന്നതിനു പകരം പിച്ചിന് പുല്ലുവില നല്‍കി ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ച് ഓരോ ബാറ്ററും സ്വയം കുഴി തോണ്ടുകയായിരുന്നു.
ആര്‍സിബിയുടെ ഓപ്പണിണ് ജോടികളായ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയും വിരാട് കോലിയും എങ്ങനെയായിരുന്നു പവര്‍പ്ലേയില്‍ ബാറ്റ് ചെയ്തത് എന്ന കാര്യമെങ്കിലും റോയല്‍സിനു ഓര്‍മിക്കാമായിരുന്നു. റിസ്‌കുള്ള ഒരു ഷോട്ടുകള്‍ പോലും പവര്‍പ്ലേയില്‍ അവര്‍ കളിച്ചില്ല. പകരം സിംഗിളും ഡബിളുകളുമെടുത്ത് ഇരുവരും ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. ഇതാണ് ഓപ്പണിങ് വിക്കറ്റില്‍ ഫിഫ്റ്റി റണ്‍സ് പടുത്തുയര്‍ത്താന്‍ ഡുപ്ലെസി- കോലി ജോടിയെ സഹായിച്ചത്. സമാനമായൊരു തുടക്കമാണ് ജോസ് ബട്‌ലര്‍-യശസ്വി ജയ്‌സ്വാള്‍ ജോടിയില്‍ നിന്നും റോയല്‍സിനു വേണ്ടിയിരുന്നത്.

പക്ഷെ ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച് റോയല്‍സ് താരങ്ങള്‍ വിക്കറ്റ് നഷ്ടപ്പെടുത്താന്‍ സ്വയം മല്‍സരിക്കുകയായിരുന്നു. ഒരാള്‍ പോലും പിച്ചിന്റെ സ്വഭാവമറിഞ്ഞ് കളിക്കാന്‍ ശ്രമിച്ചില്ലെന്നത് ഖേദകരമാണ്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇത്ര വലിയൊരു ദുരന്തം സംഭവിക്കില്ലായിരുന്നു. മോശം ഷോട്ടിലൂടെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നിട്ടും തുടര്‍ന്ന് ക്രീസിലെത്തിയവരും ഇതേ രീതിയില്‍ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. റോയല്‍സിന്റെ ആദ്യത്തെ ആറു വിക്കറ്റുകള്‍ വീണ സാഹചര്യമെടുക്കുകയാണെങ്കില്‍ അവയില്‍ ഒന്നു പോലും വിക്കറ്റ് നഷ്ടമാവേണ്ട ബോളായിരുന്നില്ലെന്നു കാണാം.
ജോ റൂട്ടിനെ പുറത്താക്കിയ വെയ്ന്‍ പാര്‍നലിന്റെ ബോളായിരുന്നു അക്കൂട്ടത്തില്‍ ഏറ്റവും മികച്ചതെന്നു പറയാന്‍ സാധിക്കും. റൗണ്ട് ദി വിക്കറ്റ് വന്ന് പാര്‍നല്‍ലെറിഞ്ഞ സ്ലോ ബോള്‍ റൂട്ട് ലൈനിനു കുറുകെ ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ബോളിന്റെ വേഗത മനസ്സിലാക്കുന്നതില്‍ റൂട്ടിനു പിഴവ് പറ്റി. ബോള്‍ നേരെ പാഡില്‍ പതിക്കുകയും അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുത്താവുകയും ചെയ്തു.
ഈ ബോള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ടോപ് സിക്‌സിലെ ഒരാള്‍ പോലും ഔട്ടായത് വിക്കറ്റെടുക്കാന്‍ ശേഷിയുള്ള മികച്ചൊരു ബോളിലായിരുന്നില്ല. അതുകൊണ്ടു തന്നെ ഈ പരാജയം റോയല്‍സിനെ കൂടുതല്‍ നിരാശരാക്കുകയും ചെയ്യും.