ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിക്കെതിരേ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. ജോസ് ബട്‌ലറെയും യശ്വസി ജയ്‌സ്വാളെയും തുടക്കത്തിലേ നഷ്ടമായ സാഹചര്യത്തിലും മോശം ഷോട്ട് കളിച്ച് സഞ്ജു പുറത്താവുകയായിരുന്നു. നായകനെന്ന നിലയില്‍ നിലയുറപ്പിച്ച് ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാന്‍ സഞ്ജുവിന് സാധിച്ചില്ല.
അഞ്ച് പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ നാല് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. വെയ്ന്‍ പാര്‍ണലിന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ച സഞ്ജു വിക്കറ്റ് കീപ്പര്‍ അനൂജ് റാവത്തിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. സിക്‌സറിന് ശ്രമിച്ച സഞ്ജുവിന്റെ ഷോട്ട് പിഴച്ചപ്പോള്‍ എഡ്ജില്‍കൊണ്ട് പന്ത് ഉയര്‍ന്നു. ഇത് മനോഹരമായി റാവത്ത് കൈപ്പിടിയിലുമൊതുക്കി.

172 എന്ന ശരാശരി സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് പ്രതീക്ഷിക്കാത്ത തുടക്കമാണ് ലഭിച്ചത്. അവസാന മത്സരത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ വേഗ ഫിഫ്റ്റി കുറിച്ച യശ്വസി ജയ്‌സ്വാള്‍ അക്കൗണ്ട് തുറക്കാതെ പുറത്തായി. രണ്ട് പന്ത് നേരിട്ട ജയ്‌സ്വാളിനെ മുഹമ്മദ് സിറാജ് വിരാട് കോലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. രാജസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടി നല്‍കുന്ന വിക്കറ്റാണിത്.
പിന്നീട് ഓപ്പണര്‍ ജോസ് ബട്‌ലറിലായി രാജസ്ഥാന്റെ പ്രതീക്ഷ. എന്നാല്‍ മോശം ഫോമിലുള്ള ബട്‌ലറും രണ്ട് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ പുഖത്തായി. വെയ്ന്‍ പാര്‍ണലിന്റെ പന്തില്‍ മുഹമ്മദ് സിറാജിന്റെ ക്യാച്ചിലാണ് ബട്‌ലറുടെ മടക്കം. ഇതേ ഓവറില്‍ സഞ്ജു സാംസണും പുറത്തായെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം. നിര്‍ണ്ണായകമായ രണ്ട് വിക്കറ്റുകള്‍ വീണ സാഹചര്യത്തില്‍ നായകനെന്ന നിലയില്‍ സഞ്ജു പിടിച്ചുനില്‍ക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്.
എന്നാല്‍ സഞ്ജുവില്‍ നിന്ന് അതുണ്ടായില്ല. സഞ്ജു ഉത്തരവാദിത്തം കാട്ടാതെ അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. രണ്ട് വിക്കറ്റുകള്‍ വീണതിനാല്‍ത്തന്നെ അല്‍പ്പം പന്തുകള്‍ നേരിട്ട് കൂട്ടുകെട്ട് സൃഷ്ടിക്കാനായിരുന്നു സഞ്ജു ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ എല്ലാ തവണത്തേയും പോലും യാതൊരു ഉത്തരവാദിത്തവും കാട്ടാതെ തന്റെ ഇഷ്ടത്തിനനുസരിച്ച് കളിച്ച് വിക്കറ്റ് തുലച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
സഞ്ജുവിന് ദേശീയ ടീമിലേക്ക് വിളിയെത്താത്തിന്റെ കാരണം ഇതാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. നിര്‍ണ്ണായക സമയത്താണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. ഈ വിക്കറ്റ് പോയതോടെയാണ് രാജസ്ഥാന്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായത്. ആര്‍സിബിയുടെ കൈയിലേക്ക് മത്സരം വിട്ടുകൊടുക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചതെന്ന് പറയാം. ഇന്ന് തോറ്റാല്‍ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷക്കത് വലിയ തിരിച്ചടിയാവും.

ഈ സാഹചര്യത്തില്‍ യാതൊരു പക്വതയും കാട്ടാതെയാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. പ്രതിരോധിച്ച് നിലയുറപ്പിച്ച ശേഷം സഞ്ജുവിന് അടിച്ചുകളിക്കാമായിരുന്നു. വിക്കറ്റ് നഷ്ടമാക്കി ടീമിനെയാകെ വലിയ പ്രതിസന്ധിയിലേക്കാണ് സഞ്ജു തള്ളിവിട്ടത്. പിച്ച് സ്ലോയായതിനാല്‍ ബാറ്റിങ് ദുഷ്‌കരമാണ്. അതുകൊണ്ട് തന്നെ സാഹചര്യം മനസിലാക്കി ബുദ്ധിപൂര്‍വ്വം ബാറ്റ് ചെയ്യേണ്ടിയിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
സഞ്ജുവിന്റെ ആരാധകര്‍ പോലും വിമര്‍ശിക്കുന്ന ബാറ്റിങ്ങാണ് താരം കാഴ്ചവെച്ചത്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താമെന്ന സഞ്ജുവിന്റെ എല്ലാ പ്രതീക്ഷകളെയും ഈ ഒറ്റ ഇന്നിങ്‌സ് അവസാനിപ്പിച്ചുവെന്ന് പറയാം. ആരാധകര്‍ക്ക് വിശ്വസിക്കാനാവാത്ത ബാറ്റിങ് തകര്‍ച്ചയാണ് രാജസ്ഥാന്‍ നേരിടുന്നത്. സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തില്‍ സഞ്ജുവും സംഘവും തകര്‍ന്നടിയുന്നതാണ് കാണുന്നത്.
സ്വന്തം തട്ടകത്തിലാണ് രാജസ്ഥാന്റെ ദയനീയ ബാറ്റിങ് എന്നതാണ് ആരാധകരെ കൂടുതല്‍ നിരാശപ്പെടുത്തുന്നത്. ആര്‍സിബി പേസര്‍മാര്‍ തിളങ്ങുമ്പോള്‍ ട്രന്റ് ബോള്‍ട്ടിനെ പുറത്തിരുത്തി ആദം സാംബയെ കളിപ്പിച്ച രാജസ്ഥാന്റെ തീരുമാനത്തെയും ആരാധകര്‍ ട്രോളുന്നു. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ തിരിച്ചുവരവ് അസാധ്യമായ വിധം അഞ്ച് വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായിരിക്കുകയാണ്.